ന്യൂഡൽഹി: സ്ത്രീ-പട്ടികജാതി പ്രാതിനിധ്യമായി അഞ്ചു വീതം പത്ത് പേർ ഇത്തവണ കെപിസിസി ഭാരവാഹികളാകും. ജനറൽ സെക്രട്ടറിമാർ 22 പേരാണ്. എല്ലാ ജനറൽ സെക്രട്ടറിമാർക്കും രണ്ടു സെക്രട്ടറിമാരെ വീതം നൽകി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് തീരുമാനം. കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അന്തിമ അംഗീകാരം ഉടൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നൽകും. അതായത് 44 സെക്രട്ടറിമാർക്ക് കൂടിയുള്ള സാധ്യതയാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന വേണ്ടെന്നും കെപിസിസിയുടെ കാവൽ അധ്യക്ഷനായി കെ സുധാകരൻ തുടരട്ടേ എന്നുമായിരുന്നു എ-ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇത് ഹൈക്കമാണ്ട് ഫലത്തിൽ തള്ളുകയാണ്. ഇപ്പോൾ നടക്കുന്ന പുനഃസംഘടനയുമായി മുമ്പോട്ട് പോകാനാണ് ഹൈക്കമാണ്ട് തീരുമാനം. അതിവേഗം പട്ടിക പ്രഖ്യാപനമാണ് ആലോചനയിൽ.

കെപിസിസി ഭാരവാഹിത്വത്തിൽ ആർക്കും ഇളവു നൽകേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. സംസ്ഥാനത്തു മുൻപു നിശ്ചയിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ തീരുമാനിച്ചതോടെ, വൈസ് പ്രസിഡന്റ് പദവിയിലേക്കു പരിഗണിച്ചിരുന്ന പത്മജ വേണുഗോപാലിനെ ഒഴിവാക്കി. പത്മജ നിർവാഹക സമിതിയംഗമാകും.

വൈസ് പ്രസിഡന്റുമാരുടെ എണ്ണം 4. ഇതിൽ വനിതകൾ ആരുമില്ല. വൈസ് പ്രസിഡന്റ് പദവിയിലേക്കു പരിഗണിച്ചിരുന്ന കൊല്ലം മുൻ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെയും ഒഴിവാക്കി. പാലക്കാട് നിന്നുള്ള എവി ഗോപിനാഥ് ഈ പട്ടികയിൽ ഉണ്ടാകും. കെപിസിസി പട്ടിക അന്തിമ അംഗീകാരത്തിനായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു കൈമാറി. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉടൻ പട്ടിക പ്രഖ്യാപിച്ചേക്കും.

ജനറൽ സെക്രട്ടറിമാരുടെ എണ്ണം 19 ൽ നിന്ന് 22 ആയി ഉയർത്തി. 3 വനിതകളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെയാണിത്. കെപിസിസി പ്രസിഡന്റ്, 3 വർക്കിങ് പ്രസിഡന്റുമാർ, ട്രഷറർ എന്നിവരെക്കൂടി ചേർത്ത് ആകെ ഭാരവാഹികൾ 31 ആകും. 51 അംഗ പട്ടികയിൽ ബാക്കിയുള്ളവർ നിർവാഹക സമിതിയംഗങ്ങൾ. ജംബോ കമ്മറ്റി വേണ്ടെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ തീരുമാനം ഹൈക്കമാണും അംഗീകരിച്ചു. അപ്പോഴും സെക്രട്ടറിമാർ കൂടിയെത്തുമ്പോൾ നൂറിന് അടുത്തേക്ക് ഭാരവാഹികൾ ഉയരും.

ഇപ്പോൾ എഐസിസി അംഗീകരിച്ച പട്ടികയിൽ ആകെ 5 വനിതകളുണ്ട്. പട്ടിക വിഭാഗത്തിൽ നിന്ന് 5 പേരെ ഉൾപ്പെടുത്തി. ആകെ അംഗങ്ങളുടെ 10% എന്ന കണക്കിലാണ് വനിതാ, പട്ടിക വിഭാഗ പ്രാതിനിധ്യം നിശ്ചയിച്ചത്. ഭാരവാഹിത്വത്തിനു പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും യുവാക്കൾക്കും മുതിർന്നവർക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

കെപിസിസി സെക്രട്ടറിമാരെ നിയമിക്കാനുള്ള നടപടികളിലേക്കു സംസ്ഥാന നേതൃത്വം ഉടൻ കടക്കും. ഒരു ജനറൽ സെക്രട്ടറിക്ക് 2 സെക്രട്ടറി എന്ന കണക്കിൽ 44 സെക്രട്ടറിമാരെ നിയമിക്കാനാണ് സാധ്യത.