- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തരൂരിന്റെ നോമിനായിയി ജിഎസ് ബാബു; തിരുവഞ്ചൂരിന് സീം; മുരളീധരൻ മരിയാപുരം; ബൽറാമും പൗലോസും വിഡി പക്ഷം; ചാമക്കാലയെ നിർവ്വാഹക സമിതിയിൽ ഒതുക്കി; സുധീരനും മുല്ലപ്പള്ളിയും ഔട്ട്; ചെന്നിത്തലയ്ക്ക് നാലും ചാണ്ടിക്ക് അഞ്ചും സെക്രട്ടറിമാർ; കെപിസിസിയിൽ കെസി ഇഫക്ട്
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിലും പിടിമുറുക്കുന്നത് കെസി വേണുഗോപാൽ തന്നെ. നാലു വൈസ് പ്രസിഡന്റുമാരും 28 ജനറൽ സെക്രട്ടറിമാരും. ഇതിൽ ഒൻപത് പേർ കെസിയുടെ വിശ്വസ്തരാണ്. പഴകുളം മധുവാകും കെസി ഗ്രൂപ്പിനെ കെപിസിസിയിൽ നയിക്കുകയെന്നാണ് വ്യക്തമാകുന്നത്.
എ-ഐ ഗ്രൂപ്പുകൾ പുനഃസംഘടനയ്ക്കായി പേരുകൾ നൽകിയിരുന്നു. ഇതിൽ നിന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവും ചേർന്ന് പേരുകൾ തെരഞ്ഞെടുത്തു. ഇതിലും ചില വെട്ടലുകൾ വന്നു. എവി ഗോപിനാതും കെ ശിവദാസൻ നായരും പട്ടികയിൽ നിന്ന് പുറത്തായി. ഇതോടെ ഒരു നേതാവിന്റേയും നോമിനികളെ അവരുടെ ഇഷ്ടാനുസരണം സ്ഥാനാർത്ഥിയാക്കിയില്ലെന്ന സന്ദേശമാണ് ഹൈക്കമാണ്ട് നൽകുന്നത്. ഇതിന് പിന്നിൽ കെസിയുടെ കരങ്ങളാണ്. അച്ചടക്കം പ്രധാനമാണെന്ന സന്ദേശം ഇതിലൂടെ നൽകുന്നു.
സമീപകാലത്തു പാർട്ടി അച്ചടക്കം ലംഘിച്ചവർ എന്നതു കണക്കിലെടുത്താണ് എ.വി.ഗോപിനാഥിനെയും കെ.ശിവദാസൻനായരെയും ഒഴിവാക്കിയത്. അതേസമയം ഇവരെ തഴയില്ലെന്നും പിന്നീട് പരിഗണിക്കുമെന്നും നേതൃത്വം അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നോമിനിയായിട്ടു പോലും ഗോപിനാഥിന് പുനഃസംഘടനയിൽ ഇടം ലഭിച്ചില്ല. ശിവദാസൻ നായർക്ക് വേണ്ടി ഉമ്മൻ ചാണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. ശിവദാസൻ നായരേയും അവസാനം ഒഴിവാക്കി. കെസി ഇഫക്ടായിരുന്നു ഇതിന് കാരണം.
അതേസമയം നൽകിയ പേരുകളിൽ ആരെയൊക്കെയാണു പട്ടികയിൽ പെടുത്തിയിരിക്കുന്നത് എന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്ന പരാതി ഗ്രൂപ്പ് നേതൃത്വങ്ങൾക്കുണ്ട്. ഭാരവാഹികളിലെ ചില പേരുകൾ അസംതൃപ്തിക്കു വഴിവച്ചു. അതിലും മെച്ചപ്പെട്ട ആളുകളെ ബന്ധപ്പെട്ട ജില്ലകളിൽനിന്നു പരിഗണിക്കാനുണ്ടായിരുന്നുവെന്ന അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്.
ഉമ്മൻ ചാണ്ടി നിർദേശിച്ച പട്ടികയിൽനിന്ന് ഏഴു പേർ ഭാരവാഹികളായി. രമേശ് ചെന്നിത്തല നൽകിയ പട്ടികയിൽനിന്നു നാലു പേരും. അതേസമയം ചെന്നിത്തല മുൻഗണനാപട്ടികയിൽ പെടുത്തിയ ചിലർ പട്ടികയിലില്ല. നിർവഹാകസമിതിയിൽ ചെന്നിത്തല അനുകൂലികൾ പലരുണ്ട്. കെസിയുടേയും സുധാകരന്റേയും ആളുകൾ എല്ലാം പഴയ വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ പുനഃസംഘടനയും ഐ ഗ്രൂപ്പിന് കരുത്തു കിട്ടുന്നതാണ്. എന്നാൽ ചെന്നിത്തല, സതീശൻ, സുധാകരൻ, കെസി ഗ്രൂപ്പുകളായി അവർ നാലുതട്ടിലാണ്.
രമണി പി.നായർ, റോയ് കെ.പൗലോസ് എന്നിവർ ആദ്യം പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ കെപിസിസിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അന്വേഷണ സമിതി ഇവരുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ തൽക്കാലം മാറ്റിവച്ചു. അന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവരെ പിന്നീട് പരിഗണിക്കും. എവി ഗോപിനാഥും പിന്നീടൊരു ഘട്ടത്തിൽ കെപിസിസി ഭാരവാഹിയാകാൻ സാധ്യത ഏറെയാണ്.
കെപിസിസി ഭാരവാഹി പട്ടികയിൽ ജനറൽ സെക്രട്ടറിമാരുടെ എണ്ണത്തിൽ ഉമ്മൻ ചാണ്ടി വിഭാഗത്തിന് അഞ്ചും രമേശ് ചെന്നിത്തല വിഭാഗത്തിന് നാലും ലഭിച്ചപ്പോൾ കെ.സി.വേണുഗോപാലിന് എട്ടു പേരെ നേടിയെടുക്കാൻ കഴിഞ്ഞു. കെ. സുധാകരനെ നേരത്തെ കെപിസിസി അധ്യക്ഷൻ ആക്കിയില്ലെന്നു കുറ്റപ്പെടുത്തി പാർട്ടി വിട്ടുപോയ കോഴിക്കോട്ടെ കെ.ജയന്തിന്, ജനറൽ സെക്രട്ടറി പദവി നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിക്കാതെ വിട്ടുനിന്നതിനാൽ ജയന്തിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നു കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാറും എംപി എംകെ രാഘവനും ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തെ മറികടന്നാണ് കെ.സുധാകരൻ കടുത്ത അനുയായിയെ ചേർത്ത് നിർത്തിയത്.
തരൂരിനെ പിന്തുണക്കുന്ന ജി.എസ് ബാബു, തിരുവഞ്ചൂരിന്റെ അനുയായിയായ പി.എ .സലീം, കെ.മുരളീധരൻ നിർദേശിച്ച മരിയാപുരം ശ്രീകുമാർ എന്നിവർക്കും ജനറൽ സെക്രട്ടറി പദവി നൽകി. വൈസ് പ്രസിഡന്റ് പദവിയിൽ വിടി ബൽറാം, വിജെ പൗലോസ് എന്നിവരെ ഉയർത്തിക്കാട്ടിയത് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു. കെ.സി വേണുഗോപാൽ അനുകൂലികളായ പഴകുളം മധു, പി.എം നിയാസ്, എം എം നസീർ എന്നിവരെ ജനറൽ സെക്രട്ടറിമാരായി നിലനിർത്തിയപ്പോൾ രമേശ് ചെന്നിത്തലയുടെ കടുത്ത ഗ്രൂപ് വക്താവായ ജ്യോതികുമാർ ചാമക്കാലയെ നിർവാഹക സമിതിയിൽ ഒതുക്കിയപ്പോൾ പിടി അജയമോഹന് സമിതി അംഗത്വം പോലുമില്ല.
കെപിസിസിയുമായി ഇടഞ്ഞ വി എം സുധീരൻ നിർദ്ദേശിച്ചവർക്കും ഭാരവാഹിയാകാൻ പറ്റിയില്ല. ടോമി കല്ലാനി നിർവ്വാഹക സമിതിയിൽ എത്തി. മുല്ലപ്പള്ളി രാമചന്ദ്രനും നിരാശ നൽകുന്നതാണ് പട്ടിക. ഉയർന്ന ഭാരവാഹിത്വത്തിൽ കാസർഗോഡ് ജില്ലയെ തഴഞ്ഞു. യുപിയിൽ പ്രിയങ്ക ഗാന്ധി സ്ത്രീകൾക്ക് 40 ശതമാനം നിയമസഭാസീറ്റുകൾ മാറ്റിവയ്ക്കുമ്പോൾ ഭാരവാഹികളായി കേരളത്തിൽ സ്ത്രീപ്രാതിനിധ്യം അഞ്ചു പേരിൽ ഒതുങ്ങി എന്നതും നിരാശ പടർത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ