തിരുവനന്തപുരം: കോൺഗ്രസിൽ പുനഃസംഘടനയുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിനെതിരെ എ,ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിക്കും. കെപിസിസി യോഗത്തിനു ശേഷമുള്ള കെ.സുധാകരന്റെ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളിലും ഗ്രൂപ്പുകൾ വ്രണിതരാണ്. പാർട്ടി യോഗങ്ങളിൽ തന്നെയാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടില്ല. കടലു കണ്ട തനിക്കു തോട് വലിയ പ്രശ്‌നമല്ല. തന്നെ മാത്രം ആക്രമിക്കുന്നതു ജാതക ഫലമായിരിക്കുമെന്ന് സുധാകരൻ പറഞ്ഞിരുന്നു.

കെപിസിസിയുടെ സമ്പൂർണ നേതൃയോഗത്തിൽ പുനഃസംഘടന സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡിനു വിടാൻ തീരുമാനിച്ച ശേഷം തൊട്ടടുത്ത ദിവസം അതുമായി മുന്നോട്ടു പോകുമെന്നു നിർവാഹകസമിതിയിൽ സുധാകരൻ പ്രഖ്യാപിച്ചതിന്റെ അനൗചിത്യം ഗ്രൂപ്പുകളെ ആശങ്കയിലാക്കുന്നു. സുധാകരൻ മത്സരിക്കുമെന്ന പരസ്യസൂചനകൾ നൽകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കീഴിലുള്ള പുനഃസംഘടന നിഷ്പക്ഷമാകില്ലെന്നും ഗ്രൂപ്പുകൾ വാദിക്കുന്നു.

സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് എഐസിസി നേതൃത്വമായതിനാൽ, കേരളത്തിലെ പുനഃസംഘടന നിർത്തി വയ്ക്കണമെങ്കിലും അവിടെ നിന്നു നിർദ്ദേശിക്കണമെന്നു സുധാകരൻ പറയുന്നു. പുനഃസംഘടനയ്ക്ക് എഐസിസിയുടെ പച്ചക്കൊടിയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരത്തിലൂടെ നേതൃ സ്ഥാനത്തെത്താൻ കഴിയുമെങ്കിൽ മത്സരിക്കാൻ ഒത്തിരിപ്പേരുണ്ടാകും. ആരെങ്കിലുമൊക്കെ മത്സരിച്ചു നേതൃ സ്ഥാനത്തെത്താനാണല്ലോ തിരഞ്ഞെടുപ്പ്. കെപിസിസി പ്രസിഡന്റ് മത്സര സന്നദ്ധത പ്രഖ്യാപിച്ചതു വിമർശനത്തിന് ഇടയാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പു നടത്തുന്നതു കെപിസിസി അല്ലല്ലോയെന്നു സുധാകരൻ പ്രതികരിച്ചു.

അതുകൊണ്ട് തന്നെ ഗ്രൂപ്പുകളുടെ സമീപനത്തോടു യോജിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സുധാകര നേതൃത്വം. പുനഃസംഘടനയും യൂണിറ്റ് കമ്മിറ്റി രൂപീകരണവും നിർത്തിവയ്ക്കണമെന്നു പറഞ്ഞാൽ അംഗീകരിക്കില്ല. നിലവിൽ അംഗത്വവിതരണം വൻവിജയമാക്കാനാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനും താഴെത്തട്ടിൽ ആവശ്യമായ പുനഃക്രമീകരണം നടത്തിയാലേ പറ്റൂ. ജംബോ കമ്മിറ്റികളെ ഇല്ലാതാക്കും. എന്നാൽ തിരഞ്ഞെടുപ്പിലൂടെ മാത്രം ജംബോ കമ്മിറ്റികൾ മാറ്റിയാൽ മതിയെന്ന നിലപാടിൽ ഗ്രൂപ്പുകളും.

സംഘടനാതിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ ആയെങ്കിലും പുനഃസംഘടനാ പ്രക്രിയ അരുതെന്ന് ഹൈക്കമാണ്ട് പറഞ്ഞിട്ടില്ല. കെപിസിസി സെക്രട്ടറിമാരുടെ നിയമനത്തിന് ഗ്രൂപ്പുകൾ എതിരല്ല. എന്നാൽ, ഇതു സംബന്ധിച്ചു ഗ്രൂപ്പുകളുടെ അഭിപ്രായം ചോദിച്ചിട്ടില്ല. കെപിസിസി തലത്തിൽ തന്നെ അഴിച്ചുപണി നീളുമ്പോൾ താഴേക്ക് അതിലും നീണ്ടു പോകും. അതോടെ അംഗത്വവിതരണത്തിന്റെ ഘട്ടം കഴിഞ്ഞ് തിരഞ്ഞെടുപ്പിന്റെ സമയമാകില്ലേ എന്നും അവർ ചോദിക്കുന്നു.

അതിനിടെ ചില സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കാനാണ് കെ സുധാകരന്റെ പദ്ധതി. കൂടുതൽ പേരെ തന്നോട് അടുപ്പിക്കുകയാണ് ലക്ഷ്യം. ജില്ലകളിൽ വികസന സമിതി രൂപീകരിച്ചു ജനപ്രതിനിധികൾക്കു വികസന അജൻഡ കൈമാറാനാണ് തീരുമാനം. പാർട്ടിയുടെ വിവിധ സെല്ലുകൾ ജില്ലാതലം വരെയായി പരിമിതപ്പെടുത്തി. അതിനു താഴേക്കു പോകുന്നതു സംഘടനാ പ്രവർത്തനത്തിനു തടസ്സമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ

നേതാക്കൾക്കു നൽകി വരുന്ന പഠന ക്ലാസ് മണ്ഡലംതല ഭാരവാഹികൾക്കു കൂടി ലഭ്യമാക്കും. പാർട്ടിയുടെ രഹസ്യങ്ങൾ ചോർത്തുന്നവർക്കും സമൂഹ മാധ്യമങ്ങൾ വഴി നേതാക്കളെ അധിക്ഷേപിക്കുന്നവർക്കുമെതിരെ നടപടിയുണ്ടാകും. യൂണിറ്റ് കമ്മിറ്റി രൂപീകരണത്തെ പാർട്ടിയിൽ ചിലർ വിമർശിക്കുന്നതു കുരുടൻ ആനയെ കണ്ടതു പോലെയാണ്. ഈ സംവിധാനം മനസ്സിലാക്കിയ കർണാടകയിലെയും ആന്ധ്രയിലെയും പാർട്ടി നേതൃത്വം ഇതേക്കുറിച്ചു പഠിക്കാൻ കേരളത്തിലെത്തുന്നുണ്ട്‌സുധാകരൻ പറഞ്ഞു. നവംബർ 19 ന് ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തിൽ കോൺഗ്രസിന്റെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടി നടക്കും.