തിരുവനന്തപുരം: കെപിസിസി സംഘടനാ തിരഞ്ഞെടുപ്പിൽ ജയം നേടാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചുള്ള ആലോചനകൾ തുടങ്ങി. പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് തീരുമാനം. രമേശ് ചെന്നിത്തല സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ എല്ലാവരും അംഗീകരിക്കുന്ന സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് നീക്കം. കെസി ജോസഫ്, ജോസഫ് വാഴക്കൻ, പിസി വിഷ്ണുനാഥ് തുടങ്ങിയ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് പ്രധാനമായും പരിഗണിക്കുന്നത്. അതിനിടെ തന്ത്രങ്ങളിലൂടെ കെപിസിസിയിൽ ആധിപത്യം ഉറപ്പിക്കാൻ കെ സുധാകരനും കളികൾ തുടങ്ങി. ഹൈക്കമാണ്ടിൽ സ്വാധീനമുള്ള കെസി വേണുഗോപലാണ് തുറപ്പു ചീട്ട്. ഹൈക്കമാണ്ട് മനസ്സ് സുധാകരന് അനുകൂലമാണെന്ന് വരുത്താനാണ് നീക്കം.

മുമ്പ് എകെ ആന്റണിയെ വയലാർ രവിയെ ഇറക്കി തോൽപ്പിച്ച് കെപിസിസി പിടിച്ച അതേ തന്ത്രങ്ങൾ വീണ്ടും പരീക്ഷിക്കാനാണ് സുധാകരന്റെ നീക്കം. എല്ലാ ജില്ലകളിലും പിടിമുറുക്കാനാണ് നീക്കം. എ-ഐ ഗ്രൂപ്പുകളെ തർത്തെറിഞ്ഞ് സംഘടനാ തിരിഞ്ഞെടുപ്പിൽ ആഭിമുഖ്യം നേടാനാണ് നീക്കം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷ പദത്തിലേക്ക് മത്സരിക്കില്ലെന്ന് സുധാകരന് ഉറപ്പാണ്. വിഡി സതീശനും കെസിയും കൂടെയുള്ളതിനാൽ ഐ ഗ്രൂപ്പിൽ തനിക്ക് മുൻതൂക്കം കിട്ടും. എ ഗ്രൂപ്പിനെ തളയ്ക്കാൻ ടി സിദ്ദിഖിന് ആ ഗ്രൂപ്പിലുള്ള സ്വാധീനവും ഉപയോഗിക്കും. കെ മുരളീധരൻ അടക്കമുള്ളവരുടെ മനസ്സ് തനിക്ക് അനുകൂലമാണെന്ന് സുധാകരൻ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ജയം ഉറപ്പിച്ചാണ് മുമ്പോട്ട് പോക്ക്.

കെസി ജോസഫിന് കെപിസിസി അധ്യക്ഷനാകാൻ ആഗ്രമുണ്ട്. എ ഗ്രൂപ്പിലെ മുതിർന്ന നേതാവായ കെസി ജോസഫിനെ ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചാൽ ചെന്നിത്തലയും അംഗീകരിക്കും. ഐ ഗ്രൂപ്പിലെ ചെന്നിത്തലയോട് ഏറ്റവും അടുത്തു നിൽക്കുന്നത് ജോസഫ് വാഴക്കനാണ്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തിന് എ ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചാൽ അതിനോട് ചെന്നിത്തല യോജിക്കും. അങ്ങനെ വന്നാൽ വാഴക്കൻ മത്സര രംഗത്തുണ്ടാകില്ല. യുവ നേതാവായ പിസി വിഷ്ണുനാഥിനെ കെപിസിസി അധ്യക്ഷനായി മത്സരിപ്പിക്കണമെന്ന ആലോചനയും ഗ്രൂപ്പകളിൽ സജീവമാണ്. യുവ നേതാവെന്ന മുൻതൂക്കം വിഷ്ണുനാഥിനെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഹൈക്കമാണ്ടിനോട് പിണങ്ങാതാരിക്കാൻ വിഷ്ണുനാഥ് മത്സരത്തിന് തയ്യാറാകുമോ എന്ന ചോദ്യവും പ്രസക്തം.

അതിനിടെ കെപിസിസി പുനഃസംഘടനയിൽ ചില മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ഉമ്മൻ ചാണ്ടി ഡൽഹിയിലെത്തിയിട്ടുണ്ട്. വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് പാർട്ടി പുനഃസംഘടന നടക്കുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ പരാതി നേരത്തെ ഉന്നയിച്ചിരുന്നു. ഇത് പരിഗണിക്കാതെ മുന്നോട്ടുപോവുന്നതിൽ അതൃപ്തി വ്യക്തമാക്കാനാണ് ഉമ്മൻ ചാണ്ടി നേരിട്ട് ഡൽഹിയിലെത്തിയിരിക്കുന്നത്.

വിപുലമായ കെപിസിസി. പുനഃസംഘടന പാടില്ല എന്നൊരു നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ ഉണ്ടായിരുന്നത്. നവംബർ രണ്ടിന് ചേർന്ന കെപിസിസി. നേതൃയോഗത്തിൽ നേതാക്കൾ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല മുതിർന്ന നേതാക്കളും സംഘടനാ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന നിർദ്ദേശമായിരുന്നു മുന്നോട്ടുവച്ചിരുന്നത്. എന്നാൽ കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ ഇത് തള്ളിയിരുന്നു. അതായത് ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാൻ പച്ചക്കൊടി കാണിച്ചിരുന്നു എന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയത്. എന്നാൽ എ, ഐ ഗ്രൂപ്പുകൾ ഇതിനെ ശക്തമായി എതിർക്കുകയാണ്.

എ.ഐ.സി.സി. ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ കെപിസിസി. പുനഃസംഘടന വിപുലമായ തരത്തിൽ പാടില്ലെന്ന കാര്യമാകും ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കുക. നിലവിൽ മെമ്പർഷിപ്പ് ക്യാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. മാർച്ച് വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിനുകൾ നടക്കുക. സ്വാഭാവികമായും എ.ഐ.സി.സി. തലത്തിലേക്ക് തിരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. കെപിസിസി. അധ്യക്ഷനെ ഉൾപ്പെടെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് എ.ഐ.സി.സി. നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽത്തന്നെ നിലവിലെ പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യമായിരിക്കും ഉമ്മൻ ചാണ്ടി പ്രധാനമായും ആവശ്യപ്പെടുക.

കെപിസിസി. സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടക്കാൻ പോവുകയാണ് കെപിസിസി. ഇത് തടയണമെന്ന ആവശ്യവും ഉമ്മൻ ചാണ്ടി മുന്നോട്ടുവെക്കും. കുറച്ചുനാൾ മുൻപ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഏതെങ്കിലും വിധത്തിലുള്ള നിർദ്ദേശമോ അറിയിപ്പോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പുനഃസംഘടന നിർത്തിവെക്കണം എന്ന ആവശ്യം തന്നെ ആയിരുന്നു ചെന്നിത്തലയും അന്ന് ഉന്നയിച്ചിരുന്നത്.