- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി എക്സിക്യൂട്ടിവ് ആണ് പരമാധികാര സമിതി; രാഷ്ട്രീയകാര്യ സമിതി വിളിക്കില്ല; താരീഖ് അൻവറിന്റേത് വിഡിയുടെ നിലപാടിനുള്ള അംഗീകാരം; ഗ്രൂപ്പുകളെ അവഗണിച്ച് മുമ്പോട്ട് പോകാൻ സുധാകരനും സതീശനും
തിരുവനന്തപുരം: കെപിസിസി നിർദ്ദേശിക്കുകയും എഐസിസി അംഗീകരിക്കുകയും ചെയ്താൽ കേരളത്തിൽ പാർട്ടി പുനഃസംഘടന ആകാമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ വാക്കുകളിൽ എല്ലാമുണ്ടെന്ന നിലപാടിലേക്ക് കെപിസിസി ഔദ്യോഗിക വിഭാഗം. ആവശ്യമെങ്കിൽ കമ്മിറ്റികളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താം. പരാതികൾ പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തും മുതിർന്ന നേതാക്കളുമായി ചർച്ചനടത്തിയും മുന്നോട്ട് പോകും. രാഷ്ട്രീയകാര്യ സമിതി തുടരും. അതിന് ഉപദേശക റോളാണുള്ളതെന്നും താരിഖ് അൻവർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഉടനൊന്നും രാഷ്ട്രീയകാര്യ സമിതി യോഗം ചേരേണ്ടതില്ലെന്നാണ് സുധാകരന്റെ തീരുമാനം.
കെപിസിസി എക്സിക്യൂട്ടിവ് ആണ് പരമാധികാര സമിതി. ആവശ്യമെങ്കിൽ രാഷ്ട്രീയകാര്യ സമിതി വിപുലപ്പെടുത്താം. പാർട്ടിയുടെ മെംബർഷിപ്പ് വിതരണം കേരളത്തിൽ കാര്യക്ഷമമായി നടക്കുന്നുവെന്നും താരിഖ് അൻവർ പറഞ്ഞിരുന്നു. ഈ വാക്കുകൾ കെപിസിസി നിലപാടിനുള്ള പിന്തുണയായി സുധാകരൻ കാണുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയകാര്യ സമിതി ഉടനൊന്നും ചേരില്ല. ഉപദേശം തൽകാലം ആവശ്യമില്ലെന്നാണ് സുധാകരന്റെ നിലപാട്. ആവശ്യം വന്നാൽ അപ്പോൾ ചേരാമെന്നാണ് സുധാകരന്റെ പക്ഷം. ഇതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പിന്തുണയ്ക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഉടൻ രാഷ്ട്രീയകാര്യ സമിതി ചേരേണ്ടതില്ലെന്ന നിലപാടിലാണ്.
രാഷ്ട്രീയകാര്യ സമിതി ചേരാത്തതിലൂടെ പാർട്ടി നേതാക്കൾക്കും അണികൾക്കും വ്യക്തമായ സന്ദേശം നൽകാനാണ് സുധാകരന്റെ നീക്കം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അപ്രസക്തരായെന്ന് വരുത്താനാണ് നീക്കം. ഇത് എ-ഐ ഗ്രൂപ്പുകളിൽ വിള്ളലുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഐ ഗ്രൂപ്പിന് നിർണ്ണായ സ്വാധീനമുണ്ടായ തിരുവനന്തപുരത്തും എറണാകുളത്തും ആ ഗ്രൂപ്പ് രണ്ടായി പിളർന്നിട്ടുണ്ട്. തങ്ങൾക്കൊപ്പം നിന്നാൽ മാത്രമേ ഇനി നേതാക്കൾക്ക് രക്ഷയുള്ളൂവെന്ന സന്ദേശം നൽകാനാണ് രാഷ്ട്രീയകാര്യ സമിതിയെ അവഗണിക്കുന്നതിലൂടെ സുധാകരൻ ചെയ്യുന്നത്.
കോൺഗ്രസിൽ ഐക്യം ഉറപ്പിക്കാൻ എഐസിസി നിയോഗിച്ച രാഷ്ട്രീയകാര്യ സമിതിയുടെ പേരിൽ അനൈക്യം ശക്തമാമ്. സമിതിയെ പുതിയ നേതൃത്വം അവഗണിക്കുന്നു എന്ന പരാതി കോൺഗ്രസ് അധ്യക്ഷയെ ഉമ്മൻ ചാണ്ടി തന്നെ അറിയിച്ചതോടെ സമിതിയുടെ യോഗം വിളിച്ചു ചേർക്കാനുള്ള സമ്മർദം ശക്തമാണ്. ഇതിനിടെയിലും യോഗം വിളിക്കില്ലെന്ന നിലപാടിലാണ് സുധാകരൻ. നെയ്യാർ ഡാമിൽ 24,25 തീയതികളിൽ ചേരുന്ന ക്യാംപ് എക്‌സിക്യൂട്ടീവിന്റെ ഭാഗമായി രാഷ്ട്രീയകാര്യ സമിതിയുടെ യോഗം ചേരണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതും നടക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
കെ.സുധാകരൻ കെപിസിസി പ്രസിഡന്റായ ശേഷം രാഷ്ട്രീയകാര്യ സമിതിയുടെ ഒരു യോഗമാണ് ആകെ ചേർന്നത്. സമിതി വിളിച്ചു ചേർക്കുന്നില്ല എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി വി എം.സുധീരൻ അതിൽ നിന്നു രാജിവച്ചു. സമിതി ചേരണമെന്ന് ആവശ്യപ്പെട്ട് കെ.സി.ജോസഫ് സുധാകരനു കത്തു നൽകി. സമിതിയെ തഴയരുതെന്നു കെപിസിസി സമ്പൂർണ നിർവാഹകസമിതിയിൽ ആവശ്യമുയർന്നു. ഗ്രൂപ്പിന് അതീതമായി ചില എംപിമാരും ഇക്കാര്യം ആവശ്യപ്പെട്ടു. അതിനിടെ, രാഷ്ട്രീയകാര്യ സമിതിക്ക് ഉപദേശകസമിതിയുടെ സ്വഭാവമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെടുക കൂടി ചെയ്തതോടെയാണ് ഉമ്മൻ ചാണ്ടി പരാതി അറിയിച്ചത്. ഇത് തന്നെയാണ് താരിഖ് അൻവറും വിശദീകരിച്ചത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം പാർട്ടിയിൽ തർക്കം രൂക്ഷമായപ്പോൾ എഐസിസി മുൻകൈ എടുത്താണ് ഉന്നതരായ 21 കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകൾ എല്ലാം തീരുമാനിക്കുന്നു എന്ന പരാതി കൂടി പരിഹരിക്കാനാണ് പ്രമുഖ നേതാക്കളുടെ സമിതി വന്നത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയസംഘടനാ വിഷയങ്ങളെല്ലാം ഇവിടെ ചർച്ച ചെയ്യണമെന്ന് എഐസിസി നിർദ്ദേശിച്ചു.
കെപിസിസി നിർവാഹകസമിതിയിൽ അഞ്ഞൂറോളം പേർ ഉണ്ടായിരുന്നപ്പോഴാണ് കാര്യക്ഷമമായ ചെറിയ ഫോറത്തിന്റെ ആവശ്യം ഉണ്ടായിരുന്നത്. ഇപ്പോൾ നിർവാഹകസമിതിയിൽ 56 പേർ മാത്രമേയുള്ളൂ. 31 അംഗ കെപിസിസി ഭാരവാഹി യോഗവും വിളിക്കാൻ സാധിക്കുമെന്ന് സുധാകരൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ