- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുനഃസംഘടനയിൽ ഉറച്ച് സുധാകരനും സതീശനും; സംഘടനാ തെരഞ്ഞെടുപ്പിൽ മൂൻതൂക്കം നേടാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; ഹൈക്കമാണ്ട് പിന്തുണയിൽ സമവായം എന്ന നിർദ്ദേശം എത്തിയാലും ഗ്രൂപ്പുകൾ അംഗീകരിക്കില്ല; ഇനി കോൺഗ്രസിൽ അടിമൂക്കും കാലം
തിരുവനന്തപുരം: കോൺഗ്രസിൽ പുനഃസംഘടന തുടരും. കെപിസിസി സെക്രട്ടറിമാരെ ഉടൻ തീരുമാനിക്കും. പുനഃസംഘടന നടത്താൻ ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. അതിനിടെ നടപടിക്രമങ്ങളുമായി എ-ഐ ഗ്രൂപ്പുകൾ സഹകരിക്കില്ല. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാർട്ടി പിടിക്കാനാണ് അവരുടെ നീക്കം. എന്നാൽ പുനഃസംഘടന കഴിയുന്നതോടെ കെപിസിസി അധ്യക്ഷൻ കൂടുതൽ കരുത്തനാകുമെന്ന് മറുവിഭാഗവും കരുതുന്നു.
പുനഃസംഘടന പാർട്ടിക്ക് അനിവാര്യമാണ്. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ എടുക്കുന്ന ഒന്നരവർഷത്തോളം ഒന്നും ചെയ്യേണ്ടെന്നു വച്ചാൽ കോൺഗ്രസ് കേരളത്തിൽ സ്തംഭിക്കും. തനിക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ പിന്നിൽ ചില നേതാക്കളുമായി ബന്ധമുള്ളവരുണ്ടെന്നും സതീശൻ വെളിപ്പെടുത്തി.
പുനഃസംഘടനക്കെതിരെ ഗ്രൂപ്പുകൾ വിമർശനമുന്നയിച്ച സമ്പൂർണ നിർവാഹകസമിതി യോഗത്തിന്റെ അന്നു വൈകിട്ടു കേന്ദ്രനേതൃത്വവുമായി താനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസാരിക്കുകയും തടസ്സമില്ലെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. രാജ്യത്താകെ കോൺഗ്രസിൽ അഴിച്ചുപണി നടക്കുന്നുണ്ട്. കേരളത്തിൽ മാത്രം വേണ്ടെന്നു പറയുന്നതിൽ യുക്തിയില്ലെന്നാണ് വിഡി സതീശന്റെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണയാണ് ഇതിന് സാഹചര്യമൊരുക്കിയത്.
കെപിസിസി സെക്രട്ടറിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക ഗ്രൂപ്പുകൾ നൽകില്ല. താഴെ തട്ടിലെ പുനഃസംഘടനയിലും താൽപ്പര്യം കാട്ടില്ല. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുനഃസംഘടനയെ എതിർക്കുകായണ്. അതുകൊണ്ട് തന്നെ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തി സംഘടന പിടിക്കാനാണ് ഇവരുടെ തീരുമാനം. കെ സുധാകരൻ കെപിസിസി അധ്യക്ഷനായി മത്സരിക്കുമെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ. അതിനിടെ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നീക്കവും തുടങ്ങി.
ഹൈക്കമാണ്ടിന്റെ ഇടപെടലിൽ സംഘടനാ തെരഞ്ഞെടുപ്പ് സമവായമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിനെ ഗ്രൂപ്പുകൾ അംഗീകരിക്കില്ല. എന്തുവന്നാലും തെരഞ്ഞെടുപ്പ് എന്ന നിലയിലേക്ക് ചർച്ചകളെത്തിക്കും. അതിനിടെ ഗ്രൂപ്പുകളെ പിളർത്താൻ കെസിയുടെ പിന്തുണയോടെ സുധാകരനും സതീശനും നീക്കം നടത്തുന്നുണ്ട്. പല ജില്ലകളിലും ഇത് ഫലം കാണുകയും ചെയ്തു.
സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഉത്കണ്ഠയില്ലെന്നു സതീശൻ പറഞ്ഞു. അത് 1992 ൽ നടന്ന എ.കെ.ആന്റണി വയലാർ രവി മത്സരം പോലെയാണെങ്കിലും പ്രശ്‌നമില്ല. അതിനു ശേഷം ഇതുവരെ നടന്ന ഒത്തുതീർപ്പു രീതിയാണെങ്കിലും പ്രശ്‌നമില്ല. താഴെത്തട്ടു മുതൽ ആരോഗ്യകരമായ മത്സരത്തിലൂടെ മികച്ച ആളുകൾ വരുന്നതിനോടു യോജിപ്പേയുള്ളൂ. എന്നാൽ 92 ലേതു പോലെ ഉണങ്ങാത്ത മുറിവുകൾ അവശേഷിപ്പിക്കരുതെന്ന് വിഡി സതീശൻ പറയുന്നു.
ഇനി ഒരിക്കലും ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകില്ല. കോൺഗ്രസിന്റെ മുഖ്യധാരയിലേക്കാണ് എല്ലാ നേതാക്കളും വരേണ്ടത്. ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ കഴിയില്ല. പക്ഷേ അവർ പറയുന്നതനുസരിച്ചു സ്ഥാനമാനങ്ങൾ വീതിച്ചു കൊടുക്കാൻ കഴിയില്ല. എന്നാൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനു മുൻപായി ആ പട്ടിക മുതിർന്ന നേതാക്കളോടും വെളിപ്പെടുത്താൻ കഴിയണമെന്നില്ല സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ