തിരുവനന്തപുരം: കെപിസിസി-ഡിസിസി പുനഃസംഘടന ഉടൻ പൂർത്തിയാക്കും. ഗ്രൂപ്പിന് അതീതമായാകും തീരുമാനം. എന്നാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുമ്പോട്ടു വച്ച പേരുകൾക്ക് പരിഗണനയും നൽകും. കോൺഗ്രസ് പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവി മതിയെന്ന് കെപിസിസി നിർദ്ദേശം അക്ഷരംപ്രതി നടപ്പിലാക്കും. അടിമുടി പുതു നേതൃത്വം കോൺഗ്രസിന് പ്രാദേശിക തലത്തിലും നിലവിൽ വരും. മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നീക്കമുണ്ടാകും.

സർക്കാർ, അർധസർക്കാർ, ബാങ്കിങ് മേഖലയിൽ സ്ഥിരം ജോലിയുള്ളവരെയും ത്രിതലപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെയും ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നീ സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടെന്ന് കെപിസിസി. മാർഗനിർദ്ദേശംനൽകി. മുഴുവൻ സമയവും പ്രവർത്തിക്കാൻ കഴിയുന്നവർക്കായിരിക്കണം മുൻഗണന. സെമി കേഡർ സംവിധാനത്തിലേക്ക് കാര്യങ്ങൾ കൊണ്ടു പോകാനാണ് ഇത്. എന്നാൽ കെപിസിസിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരട്ടപദവിക്കാർ ഏറെയുണ്ട്. കെ സുധാകരൻ എംപി കൂടിയാണ്. ഇതെല്ലാം ചർച്ചയായി ഉയരുന്നുണ്ട്.

എന്നാൽ പ്രാദേശിക തലത്തിൽ സംഘനടയ്ക്ക് ഊർജ്ജം കിട്ടാനാണ് മാനദണ്ഡം എന്നാണ്് സുധാകര പക്ഷത്തിന്റെ വിശദീകരണം. നിലവിലുള്ള ഭാരവാഹികളിൽ കഴിവും പ്രവർത്തനമികവുമുള്ളവരെ ഡി.സി.സി. ഭാരവാഹികളാക്കാം. ഡി.സി.സി. ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരിൽ 50 ശതമാനം പേരെങ്കിലും യുവജനങ്ങളും പുതുമുഖങ്ങളുമായിരിക്കണം. ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതിനുള്ള മാനദണ്ഡത്തിനും രൂപംനൽകി.

കെപിസിസി. അംഗങ്ങൾ, മുൻ കെപിസിസി. വിശാല എക്സിക്യുട്ടീവ് അംഗങ്ങൾ, പോഷകസംഘടന ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാനഭാരവാഹികൾ, മുമ്പ് ബ്ലോക്ക് പ്രസിഡന്റുമാരായും ഡി.സി.സി. ഭാരവാഹികളായും പ്രവർത്തിച്ചിരുന്നവർ, യൂത്ത് കോൺഗ്രസിൽ 2010-നുമുമ്പ് പ്രവർത്തിച്ചിരുന്നവരും ഇപ്പോഴും സംഘടനയിൽ ഒരു പദവിയും ലഭിച്ചിട്ടില്ലാത്തതുമായ ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരെ പരിഗണിക്കാം.

ജില്ലയിൽ കുറഞ്ഞത് ഒരു ബ്ലോക്കിലും നിയോജകമണ്ഡലത്തിൽ ഒരു മണ്ഡലത്തിലുമെങ്കിലും വനിതയെ പ്രസിഡന്റാക്കണം. രാഷ്ട്രീയേതര സംഭവങ്ങളിൽ ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ ഭാരവാഹികളാക്കരുത്. വനിതകൾക്കും പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗക്കാർക്കും ഡി.സി.സി. ഭാരവാഹികൾ, എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവയിൽ പ്രാതിനിധ്യം നൽകണം.

മാനദണ്ഡൾക്കനുസരിച്ച് നിലവിലുള്ള ഡി.സി.സി. പ്രസിഡന്റുമാർ, മുൻ പ്രസിഡന്റുമാർ, ജില്ലയിലെ കെപിസിസി. ഭാരവാഹികൾ, എംപി.മാർ, എംഎ‍ൽഎ.മാർ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവരുമായി ആശയവിനിമയം നടത്തിയാകണം ജില്ലയുടെ ചുമതലയുള്ള കെപിസിസി. ജനറൽ സെക്രട്ടറി പാനൽ തയ്യാറാക്കേണ്ടത്. ഏഴാം തീയതിക്കകം പാനൽ നൽകണം. 15-നകം പുനഃസംഘടന പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ പറഞ്ഞു.

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പുനഃസംഘടനയ്‌ക്കെതിരായിരുന്നെങ്കിലും മാനദണ്ഡങ്ങൾക്കനുസൃതമായി പുനഃസംഘടന നടത്താമെന്ന നിർദേശത്തോട് പിന്നീട് യോജിച്ചു. അവർകൂടി അംഗീകരിച്ച മാനദണ്ഡങ്ങൾക്കാണ് രൂപംനൽകിയിരിക്കുന്നത്.