തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം 14നു ചേരാൻ ഒടുവിൽ കോൺഗ്രസ് തീരുമാനം. യുഡിഎഫ് യോഗത്തിനു മുമ്പായി ഉമ്മൻ ചാണ്ടിയും വി എം.സുധീരനും രമേശ് ചെന്നിത്തലയും നടത്തിയ ചർച്ചയിലാണു ധാരണ. എന്നാൽ സമിതിയിൽ പങ്കെടുക്കാനില്ല എന്ന സൂചന തന്നെയാണ് ഉമ്മൻ ചാണ്ടി നൽകിയത്. അതിനിടെ യോഗത്തിൽ പങ്കെടുത്തേ മതിയാകൂവെന്ന നിർദ്ദേശം കോൺഗ്രസ് ഹൈക്കമാണ്ട് ഉമ്മൻ ചാണ്ടിക്ക് മുമ്പിൽ വച്ചിട്ടുണ്ട്.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ശേഷം കെപിസിസി വേദികൾ ഉമ്മൻചാണ്ട് ഒഴിവാക്കിയിരുന്നു. 14നു രാവിലെ പത്തിനാണു രാഷ്ട്രീയകാര്യ യോഗം നിശ്ചയിച്ചിരിക്കുന്നത്. അതിനു മുമ്പായി പത്താംതീയതി പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ആദ്യയോഗവും വിളിച്ചു. ഒമ്പതാം തീയതി ബംഗളൂരുവിൽ കേസിന്റെ ആവശ്യത്തിനു പോകുന്നതിനാൽ ആ യോഗത്തിനും ഉമ്മൻ ചാണ്ടി ഉണ്ടാകില്ല. എന്നാൽ 14നുള്ള യോഗത്തിൽ ഉമ്മൻ ചാണ്ടി എത്തുമെന്നാണ് കെപിസിസിയുടെ പ്രതീക്ഷ. കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻ ചാണ്ടി നേരിട്ട് പങ്കെടുക്കണമെന്ന നിർദ്ദേശവുമായി ഹൈക്കമാഡ് രംഗത്ത് എത്തി.

പങ്കെടുക്കാൻ സൗകര്യമുള്ള തീയതി എത്രയും വേഗം അറിയിക്കാൻ ഉമ്മൻ ചാണ്ടിക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ ഹൈക്കമാഡ്‌നിർദ്ദേശം ഉമ്മൻ ചാണ്ടിയെ കത്ത് മുഖേനെ അറിയിക്കും. ഈ സാഹചര്യത്തിൽ 14ന് ഉമ്മൻ ചാണ്ടി യോഗത്തിനെത്തുമെന്നാണ് സൂധീരൻ ക്യാമ്പിന്റെ പ്രതീക്ഷ. എന്നാൽ ഉമ്മൻ ചാണ്ടി പോകില്ലെന്ന് എ ഗ്രൂപ്പ് നേതൃത്വം ഇപ്പോഴും ആവർത്തിക്കുകയാണ്.

വരുന്ന പതിനഞ്ചാം തീയതിക്കകം ഉമ്മൻ ചാണ്ടിയുടെ സൗകര്യം അറിയിച്ചില്ലെങ്കിൽ പരസ്യമായി തീയതി പ്രഖ്യാപിച്ച് രാഷ്ട്രീയകാര്യസമിതി വിളിച്ച് ചേർക്കാനുള്ള അനുവാദം ഹൈക്കമാൻഡ് വി എം സുധീരന് നൽകിക്കഴിഞ്ഞു. വി എം സുധീരൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉമ്മൻ ചാണ്ടി സൗകര്യമുള്ള തീയതി അറിയിക്കാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ നിസഹരണം കാരണമാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത് വൈകുന്നതെന്നാണ് സധീരൻ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. പല തീയതികൾ ഉമ്മൻ ചാണ്ടിയെ അറിയിച്ചെങ്കിലും അനുകൂലസമീപനമല്ല ഉണ്ടാകുന്നതെന്ന് സുധീരൻ മുകുൾ വാസ്‌നിക്കിന് നൽകിയ പരാതിയിൽ പറയുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ഒഴിഞ്ഞുമാറുമ്പോഴും പല പരിപാടികളിലും ഉമ്മൻ ചാണ്ടി പങ്കെടുക്കുന്നതിന്റെ വിശദാംശങ്ങൾ ഹൈക്കമാൻഡിന് ലഭിച്ചുകഴിഞ്ഞു

ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം രാഷ്ട്രീയകാര്യ സമിതി സുധീരൻ വിളിച്ചു ചേർക്കുകയും അതിൽ ഉമ്മൻ ചാണ്ടി പങ്കെടുക്കാതിരിക്കുകയും ചെയ്താൽ കടുത്ത അച്ചടക്കലംഘനമായി മാറും. അങ്ങനെ വന്നാൽ എ ഗ്രൂപ്പിനെ പാർട്ടി പുനഃസംഘടനയിൽ ഒന്നും പരിഗണിക്കില്ല. സംഘടനാ തെരഞ്ഞെടുപ്പെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യവും തള്ളും. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കരുതലോടെ തീരുമാനം എടുക്കണമെന്ന ആവശ്യം ഉമ്മൻ ചാണ്ടിക്ക് മുമ്പിൽ ചില എ ഗ്രൂപ്പ് നേതാക്കൾ വച്ചിട്ടുണ്ട്. എന്നാൽ കീഴടങ്ങേണ്ടതില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ഉറച്ച നിലപാട്.