ന്യൂഡൽഹി: പ്രശ്‌നങ്ങൾ ഉടൻ പരിഹരിച്ച് കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ വി എം സുധീരനെ അധ്യക്ഷനാക്കുമെന്ന് എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. കേരളത്തിൽ ഒഴികെ എല്ലായിടത്തും സംഘടനാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സമവായം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് ചർച്ച എങ്ങുമെത്താതെ നീളുന്നത്. ഇതിനിടെ സോളാറിൽ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ടുമെത്തി. ഇതിൽ മിക്ക കോൺഗ്രസ് നേതാക്കളും പെട്ടു. ഇതോടെ കെപിസിസി അധ്യക്ഷനായി ഒരാളെ മുന്നോട്ട് വയ്ക്കാൻ പോലും എ-ഐ ഗ്രൂപ്പിനാകുന്നില്ല. ഈ സാഹചര്യത്തിലാണ് വി എം സുധീരനിലേക്ക് ചർച്ച എത്തുന്നത്.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്ന് നടത്തുന്ന കൂടിക്കാഴ്ച നിർണ്ണായകമാകും. സംഘടനാ തിരഞ്ഞെടുപ്പു മുതൽ സോളർ കമ്മിഷൻ റിപ്പോർട്ട് വരെ ചർച്ചാവിഷയമാകും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ, മുൻ പ്രസിഡന്റ് വി എം.സുധീരൻ എന്നിവരാണു 3.30നു രാഹുൽ ഗാന്ധിയെ കാണുകയെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരും പങ്കെടുക്കും.

പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സോളർ പ്രശ്‌നവും ചർച്ചാവിഷയമാകും. എ, ഐ ഗ്രൂപ്പുകൾ രൂപം നൽകിയ പിസിസി പട്ടികയ്‌ക്കെതിരെ എംപിമാരും ഏതാനും നേതാക്കളും രംഗത്തു വന്നതാണു പ്രശ്‌നം വഷളാക്കിയത്. പട്ടികയിൽ അന്തിമ തീരുമാനമുണ്ടാകാതിരുന്നതോടെ പിസിസി അംഗങ്ങളുടെ പൊതുയോഗം ചേരാനായില്ല. ഇത് വലിയ പ്രതിസന്ധിയാണ്. തിരഞ്ഞെടുപ്പ് അഥോറിറ്റിയോടു ചേർന്നു പ്രശ്‌നപരിഹാരം കാണാൻ രാഹുൽ നേതാക്കളോടാവശ്യപ്പെടാനാണു സാധ്യത.

ഗ്രൂപ്പുകളുടെയും എംപിമാരുടെയും നേതാക്കളുടെയും താൽപര്യത്തിനൊപ്പം തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കി പാർട്ടി താൽപര്യം സംരക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെടും. ഏതാനും സീറ്റുകളിൽ മാത്രമാണു കാര്യമായ തർക്കം ബാക്കിയുള്ളത്. അതിനിടെ പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. യഥാർഥത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങൾ കാട്ടിയ അമിതതാൽപര്യമാണു തർക്ക പ്രതീതിയുണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.