- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധനനഷ്ടത്തിനൊപ്പം മാനഹാനിയും കാരാഗൃഹ വാസവും വരെ;ക്ഷേത്രത്തിൽ വെള്ളിയിൽ തീർത്ത ഹെലികോപ്റ്റർ സമർപ്പിച്ച് ഡികെ ശിവകുമാറിന്റെ പ്രായശ്ചിത്തം
ബെല്ലാരി: ധനനഷ്ടത്തിനൊപ്പം മാനഹാനിയും കാരാഗൃഹ വാസവും വരെ. കഷ്ടതകൾ വിടാതെ പിടികൂടിയതോടെ ക്ഷേത്രത്തിൽ എത്തി പ്രായശ്ചിത്തം ചെയ്ത് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ. ബല്ലാരി ഹുവിനഹാദഗലി താലൂക്കിലെ മൈലർലിംഗേശ്വർ ക്ഷേത്രത്തിലേക്ക് വെള്ളികൊണ്ട് തീർത്ത ഹെലികോപ്റ്റർ മാതൃക സമർപ്പിച്ചായിരുന്നു ശിവകുമാറിന്റെ തെറ്റ് ഏറ്റു പറച്ചിൽ.
ബല്ലാരി ഹുവിനഹാദഗലി താലൂക്കിലാണ് മൈലർലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ ദർശനത്തിനായി ശിവകുമാർ എത്തിയത് ഹെലികോപ്‌ടറിൽ ആയിരുന്നു. ക്ഷേത്രത്തിനുമുകളിലൂടെയാണ് ശിവകുമാർ പറന്നെത്തിയത്. ഇത് ദർശനത്തിനെത്തുന്ന വിശ്വാസികളുടെ പരമ്പരാഗത പദയാത്രയ്‌ക്ക് എതിരാണെന്നാണ് വിശ്വാസം. ഈ ഹെലികോപ്‌ടർ യാത്രയ്‌ക്കുശേഷം ശിവകുമാറിന് പല പ്രതിസന്ധികളുമുണ്ടായി. കേന്ദ്ര ഏജൻസികളുടെ റെയ്ഡുൾപ്പെടെ പലതും നേരിടേണ്ടിവന്നത് ഇതു കാരണമാണെന്നാണ് ശിവകുമാർ കരുതുന്നത്.
2018ൽ വാർഷിക കർണികയോടനുബന്ധിച്ച് നിരവധിഭക്തർ പദയാത്രയായി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ശിവകുമാർ ഹെലികോപ്‌ടറിൽ വന്നത്. അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണെന്ന് ശിവകുമാർ ക്ഷേത്രത്തിലെത്തി മാപ്പുപറഞ്ഞിരുന്നു. പരമ്പരാഗതമായ ക്ഷേത്രകാര്യങ്ങൾ അറിയാതെയാണ് ദർശനത്തിന് ഹെലികോപ്‌ടറിൽ എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
നികുതി വെട്ടിച്ചു എന്ന പേരിൽ ശിവകുമാറിനെതിരെ ആദായ നികുതി വകുപ്പ് കേസ് എടുത്തിരുന്നു. തുടർന്നാണ് ഇതേ സംഭവത്തിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റും നടപടി തുടങ്ങിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐ അഴിമതി കേസ് രജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെയാണ് സിബിഐ റെയ്ഡ്. നേരത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡികെ ശിവകുമാർ ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് തിരിച്ചെത്തിയ ശേഷമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായത്.
മറുനാടന് ഡെസ്ക്