തിരുവനന്തപുരം: കെപി അനിൽകുമാർ കോൺഗ്രസ് വിട്ടു പിന്നലെ ജി രതികുമാറും. അതിന് മുമ്പേ നെടുമങ്ങാട്ടെ സ്ഥാനാർത്ഥി പ്രശാന്തും പോയി. ഇവരൊന്നും പോയാലും അത് കെ സുധാകരനോ കെപിസിസിയോ കാര്യമായെടുക്കില്ല. എന്നാൽ പാലക്കാട്ടെ എവി ഗോപിനാഥിനെ അങ്ങനെ വിട്ടുകൊടുക്കില്ല. എവി ഗോപിനാഥിനെ കോൺഗ്രസിൽ ഉറപ്പിച്ച് നിർത്താനാണ് സുധാകരന്റെ തീരുമാനം. ഗോപിനാഥ് പോയാൽ പെരിങ്ങാട്ടുകുറിശ്ശി പഞ്ചായത്തിലെ ഭരണം കോൺഗ്രസിന് നഷ്ടമാകും. 40 വർഷത്തിലേറെയായി ഇവിടെ ഭരിക്കുന്നത് കോൺഗ്രസാണ്. ഗോപിനാഥിന്റെ സ്വാധീനമാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ കെപിസിസി പുനഃസംഘടനയിൽ ഗോപിനാഥിനേയും പരിഗണിക്കും.

കോൺഗ്രസിൽ നിന്ന് ഗോപിനാഥ് രാജിവച്ചിരുന്നു. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് പ്രസ്താവനയും നടത്തി. എന്നാൽ മറ്റൊരു പാർട്ടിയിൽ ചേർന്നതുമില്ല. പെരിങ്ങാട്ടുകുറിശ്ശിയിലെ കോൺഗ്രസിന്റെ പഞ്ചായത്ത് അംഗമായി തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഗോപിനാഥിന്റേതിനെ അച്ചടക്ക ലംഘനമായി സുധാകരൻ കാണുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട്ടെ ഡിസിസി അധ്യക്ഷനാക്കാമെന്ന ഉറപ്പ് ഗോപിനാഥിന് നൽകിയിരുന്നു. ഇത് നടക്കാത്തതിലുള്ള വിഷമമാണ് ഗോപിനാഥിന്റേത്. ഇത് പരിഹരിക്കാനുള്ള ഫോർമുല ഗോപിനാഥ് അംഗീകരിക്കുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. അങ്ങനെ വന്നാൽ കെപിസിസിയിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഗോപിനാഥിന് നൽകും.

ആകെ മൂന്ന് വൈസ് പ്രസിഡന്റുമാരാകും പുനഃസംഘടനയിലൂടെ നിലവിൽ വരിക. അതുകൊണ്ട് തന്നെ പ്രസിഡന്റിനും വർക്കിങ് പ്രസിഡന്റുമാർക്കും ഒപ്പമുള്ള പരിഗണന വൈസ് പ്രസിഡന്റുമാർക്ക് കിട്ടും. പാലക്കാട്ടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഗോപിനാഥിന്റെ സേവനം ഗൂണം ചെയ്യുമെന്നാണ് സുധാകരന്റെ നിലപാട്. കോൺഗ്രസിൽ നിന്നുള്ള രാജി പിൻവലിക്കാൻ ഗോപിനാഥ് തയ്യാറായാൽ പുനഃസംഘടനയിലെ പ്രധാനിയായി പാലക്കാട്ടെ നേതാവ് മാറും. രാഷ്ട്രീയകാര്യ സമിതിയും പുനഃസംഘടനയ്‌ക്കൊപ്പം അഴിച്ചു പണിയും. യോഗത്തിന് എത്താൻ കഴിയാത്ത മുതിർന്ന നേതാക്കളെ ആരോഗ്യ പ്രശ്‌നങ്ങൾ കൂടി തിരിച്ചറിഞ്ഞ് മാറ്റും.

തെന്നല ബാലകൃഷ്ണപിള്ള, സിവി പത്മരാജൻ, ആര്യാടൻ മുഹമ്മദ് എന്നീ നേതാക്കളാണ് ആരോഗ്യ പ്രശ്‌നങ്ങൾ കാരണം യോഗത്തിന് എത്താത്തത്. ഇവരെ മാറ്റി പുതിയ മുഖങ്ങളെ രാഷ്ട്രീയകാര്യ സമിതിയിൽ എടുക്കും. ഇതിലൂടെ കെപിസിസി പുനഃസംഘടനയിൽ പുറത്തു പോകുന്ന മുതിർന്ന നേതാക്കളെ ഉൾക്കൊള്ളിക്കാനാകുമെന്നാണ് സുധാകരന്റെ നിലപാട്. അഞ്ച് കൊല്ലം സംഘടനാ ഭാരവാഹി ചുമതലയിൽ ഇരുന്നവരെ ഇനി പരിഗണിക്കേണ്ടതില്ലെന്ന പൊതുമാനദണ്ഡം സുധാകരൻ സ്വീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതിയുടെ പുനഃസംഘടനയിൽ പല നേതാക്കളും പ്രതീക്ഷ കാണുന്നത്.

ഒരേ പദവിയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ വൈസ് പ്രസിഡണ്ടുമാരേയും, ജനറൽ സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടന്നാണ് കെപിസിസിയുടെ തീരുമാനം. അങ്ങനെ വരുമ്പോൾ ഗ്രൂപ്പ് മാനേജർമാർക്ക് സ്ഥാനം പോകുമെന്ന് ഉറപ്പാണ്. പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, പത്മജ വേണുഗോപാൽ, തമ്പാനൂർ രവി, ശരത് ചന്ദ്രപ്രസാദ്, സി.ആർ മഹേഷ്, മാത്യു കുഴൽ നാടൻ, സജീവ് ജോസഫ്, ദീപ്തി മേരി വർഗീസ്, ജയ്സൺ ജോസഫ് ഉൾപ്പടെയുള്ള നേതാക്കൾക്കാണ് പദവി നഷ്ടപ്പെടുക. ഇപ്പോൾ സ്ഥാനമൊഴിഞ്ഞ ഡിസിസി അധ്യക്ഷന്മാരെ ഭാരവാഹി ആക്കേണ്ടതില്ലെന്നുമാണ് മാനദണ്ഡം. ഒരാൾക്ക് ഒരു പദവി നടപ്പിലാക്കുമ്പോൾ ജനപ്രതിനിധികൾ പൂർണ്ണമായും തഴയപ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, പത്മജ വേണുഗോപാൽ എന്നിവർ ഐ ഗ്രൂപ്പിലെ പ്രധാനികളാണ്. തമ്പാനൂർ രവി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും. ഇവർക്ക് സ്ഥാനം നിഷേധിക്കുകയാണ് ഈ മാനദണ്ഡത്തിന് പിന്നിലെ ലക്ഷ്യം. മാനദണ്ഡം നടപ്പിലാക്കുന്നതിലൂടെ മുതിർന്ന നേതാക്കളുടെ പാർട്ടിയിലെ സ്വാധീനം കുറയ്ക്കാനാണ് കെപിസിസി നേതൃത്വം ശ്രമിക്കുന്നത്. മാനദണ്ഡങ്ങൾ കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡണ്ടുമാർക്കും ബാധകമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെപിസിസി അദ്ധ്യക്ഷൻ സുധാകരനും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, പി.ടി തോമസ് എന്നിവർ ജനപ്രതിനിധികളാണെന്ന് മാനദണ്ഡങ്ങളെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടന ഈമാസം അവസാനത്തോടെ പൂർത്തിയാക്കാനാണ് കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നത്.

പതിറ്റാണ്ടുകളായി സംസ്ഥാനത്തു കോൺഗ്രസിനെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്ത രണ്ട് പ്രബല ഗ്രൂപ്പുകളെ ദുർബലമാക്കി പുതിയ ചേരിയുടെ ഉദയമാണ് മാറ്റങ്ങൾക്ക് കാരണം. എ.കെ. ആന്റണിയിൽനിന്ന് ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കെ. കരുണാകരനിൽനിന്നു രമേശ് ചെന്നിത്തല ഏറ്റെടുത്ത ഐ ഗ്രൂപ്പിനെയുമാണു പുതിയ അച്ചുതണ്ട് തകർത്തത്. ഇതോടെ ഗ്രൂപ്പ് മാനേജർമാരുടെ പരസ്യ പ്രസ്താവന പോലും അച്ചടക്ക നടപടിക്ക് കാരണമായി. ഔദ്യോഗികനേതൃത്വമെന്ന പുതിയ ശാക്തികചേരിക്കെതിരേ പിടിച്ചുനിൽക്കാൻ പരമ്പരാഗതവൈരികളായ എ, ഐ ഗ്രൂപ്പുകളുടെ സഖ്യം രൂപപ്പെട്ടിട്ടുണ്ട്.

ഡി.സി.സി. അധ്യക്ഷപ്പട്ടികയിലേറ്റ പരുക്ക് കെപിസിസി. ഭാരവാഹിപ്പട്ടികയിൽ ആവർത്തിക്കുമെന്നും ഇവർക്ക് അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങുന്നത്. ജംബോ കമ്മറ്റിക്ക് സാധ്യതയില്ലാത്തതും ഗ്രൂപ്പുകൾക്ക് തിരിച്ചടിയാണ്. നാല് ഉപാധ്യക്ഷന്മാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹകസമിതിയംഗങ്ങൾ എന്നിവരെയാണു കണ്ടത്തണ്ടത്. എങ്ങനെയും കെപിസിസി. തിരിച്ചുപിടിക്കുകയാണു ഗ്രൂപ്പുകളുടെ ലക്ഷ്യം. കെ.സി. വേണുഗോപാൽ-കെ. സുധാകരൻ-വി.ഡി. സതീശൻ അച്ചുതണ്ട് എ, ഐ ഗ്രൂപ്പുകളിൽനിന്നു നിരവധി നേതാക്കളെ അടർത്തിയെടുത്ത് പുതിയ സമവാക്യം രൂപപ്പെടുത്തിക്കഴിഞ്ഞു.