തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘടന ഇനി വേഗത്തിലാക്കും. ഒരുമാസത്തിനകം പുതിയ ഭാരവാഹികളെ നിശ്ചയിക്കാൻ കെപിസിസി ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പച്ചക്കൊടിയുള്ള സാഹചര്യത്തിലാണ് തീരുമാനം. വനിതകൾക്കും യുവാക്കൾക്കും കൂടുതൽ മുൻതൂക്കം കെപിസിസി സെക്രട്ടറി പദവികളിൽ നൽകും. ജില്ലാ തലത്തിലും പുതിയ മുഖങ്ങൾ നേതൃത്വത്തിൽ എത്തും.

ദേശീയതലത്തിൽ എഐസിസി സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ പുനഃസംഘടനയെ ഗ്രൂപ്പ് നേതാക്കൾ എതിർത്തത് തള്ളിയാണു തീരുമാനം. കെപിസിസി പുനഃസംഘടനയിൽ ഗ്രൂപ്പ് നേതാക്കളോടും അഭിപ്രായം തേടും. ഉമ്മൻ ചാണ്ടിയോയും രമേശ് ചെന്നിത്തലയോടും പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെടും. പുനഃസംഘടനയെ എതിർക്കുന്നതിനാൽ ഈ നേതാക്കൾ ആരുടേയും പേര് നൽകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കെപിസിസി സെക്രട്ടറിമാർ പരമാവധി 40 പേരുണ്ടാകും. മുന്നൂറിലേറെ ബയോഡേറ്റയാണു കെപിസിസി ഓഫിസിൽ ഉള്ളത്. ചെറിയ ജില്ലകളിൽ പരമാവധി മുപ്പത്തിയൊന്നും വലിയ ജില്ലകളിൽ അൻപത്തിയൊന്നും വീതം ഡിസിസി ഭാരവാഹികളെ നിശ്ചയിക്കും. ചെറിയ ജില്ലകളിൽ 15 ജനറൽ സെക്രട്ടറിമാരും 16 നിർവാഹക സമിതിയംഗങ്ങളും വലിയ ജില്ലകളിൽ 25 ജനറൽ സെക്രട്ടറിമാരും 26 നിർവാഹക സമിതിയംഗങ്ങളും വരും.

ഡിസിസി പ്രസിഡന്റും ജില്ലയിലെ കെപിസിസി ഭാരവാഹികളുമടങ്ങുന്ന സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പട്ടിക തയാറാക്കണം. ആവശ്യമെങ്കിൽ കെപിസിസി നേതൃത്വം തിരുത്തൽ വരുത്തും. ബ്ലോക്ക് പ്രസിഡന്റുമാരെയും ഒരുമാസത്തിനകം നിശ്ചയിക്കണം. മണ്ഡലം കമ്മറ്റികളും പുനഃസംഘടിപ്പിക്കും. സംഘടനാ തെരഞ്ഞെടുപ്പിന് പുതിയ നേതൃത്വം വരും. ഇവരാകും കാര്യങ്ങൾ നിയന്ത്രിക്കുക. ഇതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് എഐ ഗ്രൂപ്പുകൾ കരുതുന്നു.

എയും ഐയും സംഘടനാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് ഒരുങ്ങുന്നത്. കെപിസിസി അധ്യക്ഷനായി മത്സരിക്കുമെന്ന് സുധാകരനും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പുനഃസംഘടനയിലൂടെ സ്വന്തക്കാരെ ജയിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നാണ് എ ഐ ഗ്രൂപ്പുകളുടെ വിലയിരുത്തൽ. വിശാല ഐ ഗ്രൂപ്പിനെ പിളർത്തി കണ്ണൂരിന് പുറത്ത് സ്വാധീനം ഉറപ്പിക്കാനാണ് സുധാകരന്റെ നീക്കം. തിരുവനന്തപുരത്ത് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന വി എസ് ശിവകുമാർ അടക്കം ഗ്രൂപ്പ് മാറിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനെ കൂടെ നിർത്തിയുള്ള അട്ടിമറിയാണ് ലക്ഷ്യം. കോഴിക്കോട് മുരളീധരനും ടി സിദ്ദിഖും തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എറണാകുളത്ത് വിഡി സതീശന്റെ പക്ഷം പിടിമുറുക്കും. പാലക്കാട്ടും വിആർ ഗോപീനാഥിന്റെ പിന്തുണയിലാണ് സുധാകര പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് പുനഃസംഘടനയിലൂടെ താക്കോൽ ്സ്ഥാനത്ത് വേണ്ടപ്പെട്ടവരെ നിയോഗിക്കാൻ സുധാകരൻ തയ്യാറെടുക്കുന്നുവെന്ന് എ ഐ ഗ്രൂപ്പുകൾ സംശയിക്കുന്നത്.

പത്തനംതിട്ടയിലും ആലപ്പുഴയിലും കെസി വേണുഗോപാലിന് വ്യക്തമായ മേൽകൈ ഉണ്ട്. ഇതും സുധാകരന് അനുകൂലമാകും. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ പിന്തുണ പത്തനംതിട്ടിയിലും മേൽകോയ്മയുണ്ടാക്കുമെന്നാണ് സുധാകര വിലയിരുത്തൽ.