തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് ക്ഷണിച്ചതിനെതിരെ കെപിസിസി നേതൃയോഗത്തിൽ പൊട്ടിത്തെറിച്ച് നേതാക്കൾ. മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇടക്കാല കെപിസിസി അധ്യക്ഷൻ എം.എം ഹസനാണ് കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങിയെത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ പിടി തോമസ് എംഎ‍ൽഎ, ജോസഫ് വാഴയ്ക്കൻ, എം.എം ജേക്കബ് എന്നിവരാണ് ഇന്ന് നടന്ന നേതൃയോഗത്തിൽ രൂക്ഷവിമർശനമുന്നയിച്ചത്.

കെ.എം മാണി യു.ഡി.എഫിനെ നിരന്തരം അപമാനിക്കുന്നയാളാണ്. ഇത്തരത്തിലുള്ള ഒരാളെ കൂടെ കൂട്ടണമോയെന്ന് നേതൃത്വം ഗൗരവമായി ആലോചിക്കണമെന്ന് പി.ടി തോമസ് എംഎ‍ൽഎ ആവശ്യപ്പെട്ടു. എല്ലാദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് മാണിയെ ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് ജോസഫ് വാഴയ്ക്കനും ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഇല്ലാത്ത പ്രധാന്യം കേരള കോൺഗ്രസിനും കെ.എം മാണിക്കും കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിക്കൊടുക്കരുത്. കേരള കോൺഗ്രസിന്റെ ഇല്ലാത്ത ശക്തി പെരുപ്പിച്ചുകാട്ടാനാണ് പല നേതാക്കളും ഇപ്പോൾ ശ്രമിക്കുന്നത്. കോട്ടയം ജില്ലയിൽ നടന്ന പല ഉപതെരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയുമായി കൂട്ടുകൂടിയാണ് കേരള കോൺഗ്രസ് മത്സരിച്ചതെന്നും വാഴയ്ക്കൻ ചൂണ്ടിക്കാട്ടി. സ്വയം ഇറങ്ങിപ്പോയവരെ പിന്നാലെ നടന്ന് മടക്കിവിളിക്കേണ്ട ആവശ്യം യു.ഡി.എഫിനും കോൺഗ്രസിനുമുണ്ടോയെന്ന് ആലോചിക്കണമെന്ന് മുതിർന്ന നേതാവ് എം.എം ജേക്കബും ആവശ്യപ്പെട്ടു.

അതേസമയം മാണിയെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തെ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണകാലത്തുതന്നെ പി.ടി തോമസ് അതിശക്തമായി എതിർത്തിരുന്നു. അന്ന് പി.ടി തോമസിന്റെ പ്രസ്താവന വിവാദമായി. തുടർന്ന് ഉമ്മൻ ചാണ്ടിയും പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മാണിയുടെ മടങ്ങിവരവിനോട് മൃദു സമീപനം സ്വീകരിച്ച് പി.ടിയെ തിരുത്തി. ഇതോടെ ആ വിവാദം അവസാനിക്കുകയും ചെയ്തു. തുടർന്ന് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ഉപാധിരഹിത പിന്തുണ പ്രഖ്യാപിച്ച കേരള കോൺഗ്രസ് സ്വന്തം നിലയിൽ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പ്രചാരണവും സംഘടിപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് കെപിസിസിയുടെ ഇടക്കാല പ്രസിഡന്റ് എം.എം ഹസൻ മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. മാണിയുടെ പിന്തുണ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്‌തെന്നും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന് യു.ഡി.എഫിലേക്ക് മടങ്ങി വരാമെന്നുമായിരുന്നു ഹസന്റെ പ്രതികരണം. ഇതിനെ അനുകൂലിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. എന്നാൽ ഉടൻ യു.ഡി.എഫിലേക്ക് മടക്കമില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. എല്ലാ കക്ഷികളോടും കേരള കോൺഗ്രസിന് ഒരേ സമീപനാമാണെന്നും പാർട്ടിയുടെ പിന്തുണ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മാണി പറഞ്ഞു. ഇതിനിടെ മാണിയെ യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് താൻ മധ്യസ്ഥത വഹിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബാർ കോഴക്കേസിൽ കെ.എം മാണിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും കുടുക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നെന്നാരോപിച്ചാണ് കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ടത്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മാണിക്ക് നീരസമുണ്ട്. അതേസമയം ഉമ്മൻ ചാണ്ടി മാണിയെ ഏതുവിധേനയും യു.ഡി.എഫിൽ എത്തിക്കണമെന്ന ആഗ്രഹമുള്ളയാളാണ്. നിലവിലെ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയും ഇതിന് എതിരല്ല. എന്നാൽ എക്കാലത്തും കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരകളായിട്ടുള്ള പി.ടി തോമസ്, ജോസഫ് വാഴയ്ക്കൻ ഉൾപ്പെടെ മധ്യകേരളത്തിൽനിന്നുള്ള രണ്ടാം നിരനേതാക്കളെല്ലാം മാണിയുടെ മടങ്ങി വരവിന് എതിരാണ്. ഇതു തന്നെയാണ് കോൺഗ്രസ് നേതൃയോഗത്തിൽ ഇന്ന് പ്രതിഫലിച്ചതും.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് വി എം സുധീരൻ പടിയിറങ്ങിയതോടെ സംസ്ഥാന കോൺഗ്രസിലെ പരസ്യമായ ഭിന്നതകളും ഗ്രൂപ്പ് പ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിച്ചിരുന്നു. സ്വതവെ ശാന്തമായിരുന്ന കോൺഗ്രസ് നേതാക്കൾക്കിടയിലേക്ക് പുതിയ പടയൊരുക്കത്തിന്റെ വെടിമരുന്നായി കെ.എം മാണിയും കേരളകോൺഗ്രസും മാറിയിരിക്കുകയാണ്.