ന്യൂഡൽഹി: ദീപാവലി കഴിയുന്നതോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുൽഗാന്ധി എത്തും. ഇതിന് മുന്നോടിയായി മിക്ക സംസ്ഥാനങ്ങളിലും പാർട്ടി പുനഃസംഘടന നടന്നുവരികയാണ്. എന്നാൽ, കേരളത്തിലെ കോൺഗ്രസിൽ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. സ്ഥാനമോഹികളായ നേതാക്കളെ എവിടെ ഉൾക്കൊള്ളിക്കും എന്നതാണ് പ്രധാന പ്രശ്‌നം. ഗ്രൂപ്പിന്റെ അനുപാതത്തിലാകണം കാര്യങ്ങൾ എന്നതും നേതാക്കളെ വെട്ടിലാക്കിയിട്ടടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലും പി.സി.സി. ജനറൽ ബോഡി യോഗങ്ങൾ പൂർത്തിയായി എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് നീങ്ങുമ്പോഴാണ് കെപിസിസി. പട്ടികയിൽ അനിശ്ചിതത്വം തുടരുന്നത്. എ.ഐ.സി.സി. നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലാത്തതിനാലാണ് സംസ്ഥാനത്തെ കെപിസിസി. പട്ടിക വൈകുന്നത്.

വനിതകൾ, യുവാക്കൾ, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യം സംബന്ധിച്ച മാനദണ്ഡം പാലിക്കാത്തതിൽ രാഹുൽ ഗാന്ധി അസംതൃപ്തനാണ്. ഇതു പാലിച്ചുള്ള പട്ടിക ഇനിയും തയ്യാറായിട്ടില്ല. ഇതേത്തുടർന്ന് സംസ്ഥാന നേതൃത്വം നൽകിയ പുതുക്കിയ പട്ടിക റിട്ടേണിങ് ഓഫീസർ സുദർശൻ നാച്ചിയപ്പൻ ഞായറാഴ്ച രാത്രി വൈകിയും കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയിട്ടില്ല.

എത്രയും വേഗം എ.ഐ.സി.സി. നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കുന്ന പട്ടിക നൽകിയാൽ മാത്രമേ കേരളത്തിന്റെ പ്രാതിനിധ്യം തിരഞ്ഞെടുപ്പിലുണ്ടാകൂ. വെള്ളിയാഴ്ച സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ പട്ടികയിൽ എ.ഐ.സി.സി.യുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് രാഹുൽഗാന്ധി ആരാഞ്ഞിരുന്നു. ഞായറാഴ്ച എ.കെ. ആന്റണിയും രാഹുൽഗാന്ധിയുമായി നടന്ന ചർച്ചയിലും കെപിസിസി. പട്ടിക ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചാ വിഷയമായി.

തിങ്കളാഴ്ചയോടെയെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചുള്ള പട്ടിക കൈമാറാൻ സാധിച്ചില്ലെങ്കിൽ എ.ഐ.സി.സി. അധ്യക്ഷ തിരഞ്ഞെടുപ്പ് ഗ്യാലറിയിലിരുന്ന് കാണാന്മാത്രമേ കേരളത്തിലെ നേതാക്കൾക്ക് സാധിക്കൂ. കേരളമൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും ജനറൽബോഡി യോഗം പൂർത്തിയാക്കിയ സാഹചര്യത്തിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കകം കോൺഗ്രസ് പ്രവർത്തകസമിതി ചേർന്ന് എ.ഐ.സി.സി. അധ്യക്ഷതിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിക്കും. ഒക്ടോബർ 31-ന് മുമ്പുതന്നെ രാഹുൽഗാന്ധി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന തരത്തിലാണ് സമയക്രമം.