തിരുവനന്തപുരം: സിഎജി റിപ്പോർട്ടോടെ വിവാദത്തിലായ വിഴിഞ്ഞം കരാറിന്റെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആക്രമിക്കാൻ കച്ചകെട്ടിയിറങ്ങിയ കോൺഗ്രസുകാരെല്ലാം പത്തിമടക്കി. ശ്രീവത്സം കേസിന്റെ പോക്ക് രമേശ് ചെന്നിത്തലയെ ലക്ഷ്യം വച്ചാണെന്ന വിധത്തിൽ കിംവതന്ദികൾ ശക്തമായതോടെ ഈ വിഷയത്തെ അടിസ്ഥാനമാക്കി ചാണ്ടിയെ വിമർശിക്കാൻ രംഗത്തിറങ്ങിയ ഐ ഗ്രൂപ്പുകാർ പത്തിമടക്കി. യുഡിഎഫ് സർക്കാറിന്റെ ബ്രഹത്പദ്ധതി എന്ന നിലയിലാണ് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടുപിടിച്ചതും. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം കഴിഞ്ഞ സർക്കാറിനെതിരായ ആരോപണമായും വിലയിരുത്തപ്പെട്ടു. ഇതോടെ ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉമ്മൻ ചാണ്ടിയെ സംരക്ഷിക്കാൻ കൃത്യമായ ആസൂത്രണം നടത്തിയാണ് എ ഗ്രൂപ്പ് രംഗത്തെത്തിയത്. അടുത്തിടെ എ ഗ്രൂപ്പിലേക്ക് ചുവടുവെച്ച കെ മുരളീധരൻ ചാണ്ടിക്ക് വേണ്ടി വീറോടെ വാദിക്കുന്ന കാര്യവും കണ്ടു.

പാർട്ടി വേദിയിൽ വിഴിഞ്ഞം കരാറിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല എന്ന് വി എം സുധീരൻ പറഞ്ഞതോടെ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന അവസ്ഥയും യോഗത്തിലുണ്ടായി. സുധീരന്റ പരാമർശത്തെ കെ മുരളീധരൻ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് രംഗത്തെത്തിയത്. പാർട്ടി വേദിയിൽ കരാറിനെക്കുറിച്ച് ചർച്ച ചെയ്തതാണെന്നും വിഴിഞ്ഞം കരാർ ഉയർത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്കു മുന്നിൽ വോട്ട് ചോദിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് പൂർണ പിന്തുണ നൽകുന്ന രീതിയിലാണ് രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചകൾ അവസാനിച്ചത്. വിഴിഞ്ഞം കരാർ എറ്റവും മികച്ചത് എന്നാണ് സമിതിയിൽ പൊതു അഭിപ്രായം ഉയർന്നത്. വി എം സുധീരൻ മാത്രമാണ് കരാർ പാർട്ടിവേദിയിൽ ചർച്ച ചെയ്തിട്ടില്ല എന്ന ഒറ്റപ്പെട്ട അഭിപ്രായം പറഞ്ഞത്. യോഗത്തിൽ ഐ ഗ്രൂപ്പ് പ്രതിനിധികളൊന്നും ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തെത്തിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനങ്ങൾ പിന്നാലെ എത്തുന്നു കൂടി മനസിലാക്കിയാണ് ഐ ഗ്രൂപ്പുകാർ മൗനം പാലിച്ചത്.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധിതിയായ വിഴിഞ്ഞം കരാറിൽ അഴിമതിയുണ്ടെങ്കിൽ സംസ്ഥാന സർക്കാർ പുതിയ കരാറുണ്ടാക്കി പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന് കെപിസി അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു. ഇന്ന് നടന്ന യുഡിഫ് കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ക്രമക്കേടുണ്ടെങ്കിൽ ഒരു പൈസപോലും കൊടുക്കാതെ കരാർ റദ്ദു ചെയ്യാനുള്ള വകുപ്പ് പദ്ധതിയിലുണ്ടെന്നും ഇതിന് മുതിരാതെ കരാറിൽ അഴിമതിയുണ്ടെന്ന് കാണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രിയുടെ നയം ഇരട്ടത്താപ്പാണെന്നും എംഎം ഹസൻ പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ചർച്ചകൾ നടക്കട്ടെ എന്ന നിലപാടിലായിരുന്നു ഉമ്മൻ ചാണ്ടിയും.

സിഎജി റിപ്പോർട്ട് വസ്തുതാപരമല്ലെന്നും കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിഎജിക്ക് ഉമ്മൻ ചാണ്ടി തന്ന പരാതി നൽകിയിട്ടുണ്ടെന്നും എംഎം ഹസൻ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ സുധീരനും മുരളിയും ശക്തമായ ഏറ്റുമുട്ടൽ തന്നെയാണ് നടന്നത്. കരാറിനെക്കുറിച്ച് പാർട്ടി ഫോറത്തിൽ ചർച്ചനടന്നില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയെ ഉന്നമിട്ട് സുധീരന്റെ വിമർശനം. അന്ന് ഈ കരാർ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ട് അന്ന് രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ സുധീരൻ എന്തുകൊണ്ട് തയാറായില്ല എന്ന് മുരളീധരൻ തിരിച്ചടിച്ചു. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്. വിഴിഞ്ഞം നേട്ടമെന്ന് പറഞ്ഞ് തന്നെയാണ് വോട്ട് പിടിച്ചത്. അതിന്റെ ഫലം തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പിലുണ്ടായി എന്നും മുരളി പറഞ്ഞു. ഇതോടെ കൂടുതൽ അഭിപ്രായങ്ങൾ സുധീരന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.

നേരത്തെ വിഴിഞ്ഞം കരാർ അദാനിക്ക് നൽകുന്നതിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡിലും എതിർപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുധീരൻ കരാറിൽ കാര്യമായ തൽപ്പര്യവും കാണിച്ചില്ല. ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താൽപ്പര്യത്താലായിരുന്നു കരാർ നടപ്പിലാക്കിയതും. സിഎജി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കരാർ വിവാദമായത്.