- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയുമായും മകനുമായും ഇനിയൊരു ബന്ധവും വേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയം കെപിസിസിയും അംഗീകരിച്ചു; കൊടിയ വഞ്ചന ആസൂത്രണം ചെയ്തത് ജോസ് കെ. മാണിയും അനുമതി നല്കിയത് മാണിയുമെന്നു ഹസൻ; മാണിക്കായി വക്കാലത്തെടുത്ത കുര്യനെയും കെപിസിസി പ്രസിഡന്റ് തള്ളി
തിരുവനന്തപുരം: കോട്ടയത്ത് സിപിഎമ്മുമായി കൂട്ടുകൂടി യുഡിഎഫിനെ വഞ്ചിച്ച കെ.എം. മാണിയുമായി ഇനി ഒരു ബന്ധവും വേണ്ടെന്ന നിലപാട് അംഗീകരിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും. ഇക്കാര്യത്തിൽ കോട്ടയം ഡിസിസി പാസാക്കിയ പ്രമേയം രാഷ്ട്രീയകാര്യ സമിതി യോഗം അംഗീകരിച്ചു. മാണിയെ യുഡിഎഫിലേക്കു തിരിച്ചുകൊണ്ടുവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടതിനു പിന്നാലെ ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗമാണ് നിലപാട് കടുപ്പിച്ച് തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ മാണിക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം എടുത്ത നിലപാട് സംസ്ഥാന നേതൃത്വവും അംഗീകരിച്ചിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി കൂട്ടുകൂടിയ കെ.എം. മാണിയുടെ നടപടി കൊടിയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞു. മാണി യുഡിഎഫ് വിട്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫുമായി മാത്രം സഹകരിക്കുമെന്നായിരുന്നു കേരളാ കോൺഗ്രസിന്റെ ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനം. ഇതാണു ലംഘിക്
തിരുവനന്തപുരം: കോട്ടയത്ത് സിപിഎമ്മുമായി കൂട്ടുകൂടി യുഡിഎഫിനെ വഞ്ചിച്ച കെ.എം. മാണിയുമായി ഇനി ഒരു ബന്ധവും വേണ്ടെന്ന നിലപാട് അംഗീകരിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും. ഇക്കാര്യത്തിൽ കോട്ടയം ഡിസിസി പാസാക്കിയ പ്രമേയം രാഷ്ട്രീയകാര്യ സമിതി യോഗം അംഗീകരിച്ചു. മാണിയെ യുഡിഎഫിലേക്കു തിരിച്ചുകൊണ്ടുവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടതിനു പിന്നാലെ ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗമാണ് നിലപാട് കടുപ്പിച്ച് തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ മാണിക്കെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം എടുത്ത നിലപാട് സംസ്ഥാന നേതൃത്വവും അംഗീകരിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മുമായി കൂട്ടുകൂടിയ കെ.എം. മാണിയുടെ നടപടി കൊടിയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ പറഞ്ഞു. മാണി യുഡിഎഫ് വിട്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫുമായി മാത്രം സഹകരിക്കുമെന്നായിരുന്നു കേരളാ കോൺഗ്രസിന്റെ ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനം. ഇതാണു ലംഘിക്കപ്പെട്ടത്. വഞ്ചനയ്ക്കു നേതൃത്വം നല്കിയത് മാണിയുടെ മകൻ ജോസ് കെ. മാണിയാണ്. കെ.എം. മാണി ഇതിന് അനുമതി നല്കി. മാണിക്കെതിരായ സമീപനം യുഡിഎഫ് യോഗത്തിലും ചർച്ച ചെയ്യുമെന്ന് ഹസൻ വ്യക്തമാക്കി.
മാണിക്കെതിരായ ബാർകോഴ ആരോപണമാണ് യുഡിഎഫിനെതിരേ സി.പി.എം ഉയർത്തിയ ഏറ്റവും വലിയ ആരോപണം. ബജറ്റ് വിറ്റ മാണി, നോട്ടെണ്ണുന്ന യന്ത്രം വീട്ടിൽ സൂക്ഷിക്കുന്ന മാണി എന്നൊക്കെ ആരോപണം ഉന്നയിച്ചവരാണ് പിന്തുണ നല്കിയത്. കോട്ടയത്തെ സിപിഎമ്മിന്റെ നടപടി തീർത്തും അവസരവാദപരമാണ്. സി.പി.എം ബാന്ധവത്തിന്റെ പേരിൽ കേരളാ കോൺഗ്രസ് അണികളിൽനിന്നുതന്നെ മാണിക്കും മകനുമെതിരേ ശക്തമായ പ്രതിഷേധം അലയടിക്കുന്നതായാണ് കോൺഗ്രസ് വിലയിരുത്തുന്നതെന്നും ഹസൻ കൂട്ടിച്ചേർത്തു. മാണിയെ യുഡിഎഫിൽ തിരിച്ചെടുക്കണമെന്നു പി.ജെ. കുര്യൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും ഹസൻ പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോട്ടയം ഡിസിസി പാസാക്കിയ പ്രമേയം കെപിസിസി രാഷ്ട്രീയകാര്യ സമിതിയും അംഗീകരിച്ചതോടെ മാണിയുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്നു കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മാണിക്കുവേണ്ടി പലപ്പോഴും കരുക്കൾ നീക്കിയിട്ടുള്ള ഉമ്മൻ ചാണ്ടിയും അദ്ദേഹം നേതൃത്വം നല്കുന്ന എ ഗ്രൂപ്പുമാണ് ഇക്കാര്യത്തിൽ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴയ്ക്കനും അടക്കമുള്ള നേതാക്കൾ പങ്കെടുത്ത കോട്ടയം ഡിസിസി യോഗത്തിലാണ് പ്രമേയം പാസാക്കപ്പെട്ടത്. മാണിയുമായും മകൻ ജോസുമായും ഇനിയൊരു ബന്ധവും വേണ്ടെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മാണിയെ വേണ്ടെന്നു കോൺഗ്രസ് തീരുമാനിട്ടില്ലെന്നാണു പി.ജെ. കുര്യൻ കോട്ടയതു പറഞ്ഞത്. മാണിക്കെതിരേ കോൺഗ്രസ് നേതാക്കൾ നടത്തിയ അഭിപ്രായങ്ങൾ വ്യക്തിപരം മാത്രമാണ്. മാണിയെ തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ അഭിപ്രായം. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾ മാണിയുമായി ഒരു ബന്ധവും ഇനിയില്ലെന്നു പ്രഖ്യാപിച്ചിരിക്കേയാണ് പി.ജെ. കുര്യൻ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്. കോട്ടയെ പ്രശ്‌നങ്ങൾ പ്രാദേശിക പ്രശ്‌നം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം പരിഹരിക്കാൻ ഹൈക്കമാൻഡ്തല ഇടപെടലുകളൊന്നും വേണ്ട. വിരലിൽ ഒരു മുറിവ് ഉണ്ടായാൽ മരുന്നു തേയ്ക്കാറാണു പതിവ്, അല്ലാതെ വിരൽ ഒന്നാകെ മുറിച്ചു മാറ്റാറില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു.
മാണിയുടെ കാര്യത്തിൽ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾക്കുള്ള അഭിപ്രായ ഭിന്നതയാണ് പി.ജെ. കുര്യന്റെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നു വിലയിരുത്തപ്പെടുന്നുണ്ട്. കോട്ടയത്തേത് പ്രാദേശികതലത്തിലുള്ളൊരു പ്രശ്‌നമായി മാത്രം കണ്ടാൽ മതിയെന്നാണ് പി.ജെ. കുര്യന്റെ നിലപാട്.