തിരുവനന്തപുരം: കെപിസിസി പട്ടിക മാറ്റത്തിൽ വിയോജിപ്പുമായി കോൺഗ്രസ് നേതൃത്വം. കൊല്ലം ഏഴുകോൺ ബ്ലോക്കിൽ നിന്ന് കെപിസിസി അംഗമായി നിർദേശിച്ച പി.സി വിഷ്ണുനാഥിന്റെ പേര് ഒഴിവാക്കാൻ ചില നേതാക്കൾ നടത്തിയ ശ്രമമാണ് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചത്. വിഷ്ണുനാഥിനെ ഒഴിവാക്കിയാൽ കടുത്ത നടപടിയെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ ഇതിനകം അറിയിച്ചു കഴിഞ്ഞു.

കൊല്ലത്തുനിന്നുള്ള എംപി കൂടിയായ കൊടുക്കുന്നിൽ സുരേഷ് നിർദേശിച്ച വെളിയം ശ്രീകുമാറിനു വേണ്ടി വിഷ്ണുനാഥിനെ തഴയാൻ നീക്കമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ശ്രീകുമാർ ഇതിനകം പട്ടികയിൽ ഉൾപ്പെട്ടതിനാൽ വിഷ്ണുനാഥിനെ അതിന്റെ പേരിൽ തഴയാനാവില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി അടക്കമുള്ളവർ. എ ഗ്രൂപ്പിലെ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് തഴയുന്നതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

രണ്ടാമത് സമർപ്പിച്ച പട്ടികയ്ക്കക്കെതിരെ കെ.മുരളീധരൻ എംഎ‍ൽഎയും രംഗത്തെത്തി. സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടികയ്‌ക്കെതിരേ കെ.മുരളീധരൻ രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ.മുരളീധരൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത് പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പട്ടികയിൽ കൂടുതൽ ചർച്ചവേണമെന്നും മാറ്റം വരുത്തണമെന്നും പട്ടിക പുറത്ത് വരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വി എം സുധീരനും പട്ടികയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്നും വെറും ഗ്രൂപ്പ് താൽപര്യം മാത്രമാണ് പട്ടിക തയ്യാറാക്കുമ്പോൾ നേതൃത്വം പരിഗണിച്ചതെന്നും പട്ടിക അംഗീകരിക്കുന്നതിനു മുൻപ് നേതാക്കളുമായി കൂടുതൽ ചർച്ച വേണമെന്നും മുരളീധരൻ അറിയിച്ചിട്ടുണ്ട്. പി.സി ചാക്കോയും കെ.സി വേണുഗോപാലും അടക്കമുള്ളവർ പട്ടികയ്‌ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. പട്ടികക്കെതിരെ പി.സി ചാക്കോയും ശശി തരൂരും അടക്കമുള്ള നേതാക്കളും കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ പരാതി ധരിപ്പിച്ചിരുന്നു.

നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന നേതൃത്വം രണ്ടാമതും പുതുക്കിയ പട്ടിക സമർപ്പിച്ചിരുന്നു. 282 പേരുടെ പട്ടികയായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ സമർപ്പിച്ച പട്ടിക ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താത്പര്യപ്രകാരം മാത്രം ഉണ്ടാക്കിയതാണെന്നും മറ്റ് നേതാക്കളോട് കൂടിയാലോചന നടത്തിയില്ലെന്നും പറഞ്ഞ് വി എം സുധീരൻ കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് മുകുൾവാസ്‌നിക്കിന് മുന്നിൽ പരാതിപെട്ടിരുന്നു. ഇതോടെയാണ് രണ്ടാമത്തെ കെപിസിസി പട്ടികയും അനന്തമായി നീണ്ട് പോവാൻ കാരണമായത്.

കേരളത്തിൽ നിന്നുള്ള കെപിസിസി പട്ടികയിൽ തീരുമാനമുണ്ടാകാത്തതോടെ കേരളത്തെ ഒഴിവാക്കിയുള്ള ഒരു തിരഞ്ഞെടുപ്പിലേക്ക് പോവുക എന്നതാവും കേന്ദ്രനേതൃത്വത്തിന് മുന്നിലെ പോംവഴി. വനിതകൾക്ക് 33 ശതമാനം, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം. ഹൈക്കമാൻഡിന്റെ ഈ മാനദണ്ഡങ്ങൾക്കു മുന്നിൽ തലപുകയ്ക്കുകയാണ് ഗ്രൂപ്പുകൾ. കേരളത്തിൽ നിന്നുള്ള പട്ടിക തയ്യറാക്കാൻ കൂട്ടായ ചർച്ച വേണമെന്നും രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചേർക്കണമെന്നും ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വൈകിയ വേളയിൽ ഇതിന് നേതൃത്വം തയ്യാറാവുമോ എന്നാണ് ഉറ്റ് നോക്കുന്നത്.