- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി പുനഃസംഘടനാ പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല; വനിതാ പ്രാതിനിധ്യം കൂട്ടാൻ മാനദണ്ഡങ്ങളിൽ നേരിയ മാറ്റം; ചർച്ചകൾ പൂർത്തിയായി; നേതാക്കൾ തൃപ്തരെന്ന് കരുതുന്നു; എഐസിസിക്ക് കൈമാറുമെന്ന് വി ഡി സതീശൻ
ന്യൂഡൽഹി: കെപിസിസി പുനഃസംഘടനാ പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചർച്ചകൾ പൂർത്തിയായി. പട്ടിക തയാറാണ്. പക്ഷേ, ചെറിയ മാറ്റങ്ങൾ വേണ്ടതുണ്ട്. വനിതാ പ്രാതിനിധ്യം അടക്കം ചില ഘടകങ്ങൾ വന്നിട്ടുണ്ട്.
വനിത പ്രാതിനിധ്യം കൂട്ടാൻ മാനദണ്ഡങ്ങളിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും സതീശൻ അറിയിച്ചു. പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തിൽ അല്ല. മുതിർന്ന നേതാക്കളോട് ഇന്ന് ആശയവിനിമയം നടത്തിയെന്നും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് എല്ലാവരോടും സംസാരിച്ച ശേഷമാണെന്നും സതീശൻ അവകാശപ്പെട്ടു. പട്ടികയിൽ ഉൾപ്പെടാത്തവരെ മറ്റ് തലങ്ങളിൽ പരിഗണിക്കുമെന്നാണ് വാഗ്ദാനം.
മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. നേതാക്കൾ തൃപ്തരെന്ന് കരുതുന്നു. എല്ലാവർക്കും അവരവരുടേതായുള്ള സ്ഥാനം കോൺഗ്രസിൽ ഉണ്ടാക്കാനുള്ള നല്ലൊരു പദ്ധതിയും ഇതിനൊപ്പം ഉണ്ട്. പട്ടിക ഇന്നോ നാളെയോ എഐസിസിക്ക് കൈമാറുമെന്നും സതീശൻ പറഞ്ഞു.
കെപിസിസി അധ്യക്ഷൻ കെ.സുധാകരനും വി.ഡി.സതീശനും മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷമാകും പട്ടിക സമർപ്പിക്കുക. വൈസ് പ്രസിഡന്റുമാരുടെ എണ്ണം നാലാക്കിയേക്കും. ചിലർക്ക് മാത്രം ഇളവു നൽകുന്നതിൽ എതിർപ്പുമായി ഗ്രൂപ്പുകൾ രംഗത്തെത്തി. കെ.സുധാകരൻ, വി.ഡി.സതീശൻ, സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ പുലർച്ചെ മൂന്നു മണി വരെ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് കെപിസിസി ഭാരവാഹി പട്ടികയ്ക്ക് രൂപം നൽകിയത്.
ജാതിമതയുവവനിതാ പ്രാതിനിധ്യം പരിഗണിച്ച് 51 എന്ന സംഖ്യയിലേക്ക് പട്ടിക എത്തിച്ചു. വി.പി.സജീന്ദ്രൻ, ബിന്ദു കൃഷ്ണ അല്ലെങ്കിൽ പത്മജ വേണുഗോപാൽ, ശിവകുമാർ അല്ലെങ്കിൽ എ.വി.ഗോപിനാഥ്, ശിവദാസൻ നായർ എന്നീ പേരുകളാണ് െവെസ് പ്രസിഡന്റ് പദത്തിലേക്ക് പരിഗണനയിൽ. വനിതകളെ ഉൾക്കൊള്ളിക്കുന്നതിന് ബിന്ദു കൃഷ്ണ അടക്കമുള്ളവർക്ക് ഇളവുകൾ നൽകിയതായാണ് സൂചന.
ഇതിനെതിരെ ഗ്രൂപ്പുകളും രാഷ്ട്രീയകാര്യസമിതി എടുത്ത നിബന്ധന പ്രകാരം പുറത്താക്കിയവരും രംഗത്തെത്തി. തൃശൂർ മുൻ ഡിസിസി അധ്യക്ഷൻ എംപി.വിൻസെന്റ്, കോഴിക്കോട് മുൻ ഡിസിസി അധ്യക്ഷൻ രാജീവൻ മാസ്റ്റർ അടക്കമുള്ളവർക്കും ജനറൽ സെക്രട്ടറി പദത്തിലേക്ക് ഇളവ് തേടിയിട്ടുണ്ട്. എല്ലാവരോടും ചർച്ച നടത്തിയ ശേഷമേ മാനദണ്ഡങ്ങളിൽ ഇളവും അന്തിമ തീരുമാനവും ഉണ്ടാകൂ എന്നാണ് നേതാക്കളുടെ പ്രതികരണം.
ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതൽ. അഞ്ച് കൊല്ലം ഭാരവാഹിയായിരുന്നുവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാൽ തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിർന്ന നേതാക്കളെ ഒഴിവാക്കിയേക്കും. പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവർക്ക് പ്രത്യേക പരിഗണ നൽകി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. ഡിസിസി പട്ടികയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമർശനം നടത്തിയ സാഹചര്യത്തിൽ കരുതലോടെയാണ് കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ