തിരുവനന്തപുരം: വി എം. സുധീരനു പകരം ആരെ കെപിസിസി ആധ്യക്ഷനാക്കണമെന്നതിനെച്ചൊല്ലി ഐ, ഐ ഗ്രൂപ്പുകൾ തമ്മിൽ പോര്. എം.എം. ഹസനെ അധ്യക്ഷനാക്കണമെന്നാണ് എ ഗ്രൂപ്പിനുവേണ്ടി ഉമ്മൻ ചാണ്ടിയുടെ ആവശ്യം. എന്നാൽ അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിക്കട്ടേയെന്നാണ് രമേശ് ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും നിലപാട്.

ഇതോടെ ഗ്രൂപ്പ് ചർച്ചയിൽ തർക്കമായി. സംസ്ഥാന നേതൃത്വത്തിൽ യോജിച്ചൊരു തീരുമാനമെന്ന സാധ്യത മങ്ങിയിരിക്കുകയാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പുവരെ കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ഹസന് നൽകണമെന്നാണ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തലയെ അറിയിച്ചത്.

ചെന്നിത്തലയുമായുള്ള ചർച്ചയിൽ എ ഗ്രൂപ്പിന്റെ ആവശ്യം ഉമ്മൻ ചാണ്ടി അറിയിച്ചു. നേതാക്കൾ ഒന്നിച്ചെടുത്ത തീരുമാനമെന്ന നിലയിൽ ഹസന്റെ കാര്യം ഹൈക്കമാൻഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എ ഗ്രൂപ്പിന്റെ നിർദ്ദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല. അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം ഹൈക്കമാൻഡിന് വിടാമെന്നാണ് ഐ ഗ്രൂപ്പ് തിരിച്ചടിച്ചത്.

കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിൽ തീരുമാനമാകാതെ തർക്കം മൂർച്ഛിച്ചതോടെ ഇനി കേന്ദ്രനേതൃത്വം വിഷയത്തിൽ തീരുമാനമെടുക്കും. ഹൈക്കമാൻഡ് അധ്യക്ഷനെ തീരുമാനിക്കട്ടേയെന്ന് കടുംപിടുത്തത്തിലാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും.

ഉപതെരഞ്ഞെടുപ്പിന് ശേഷം ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിക്കാനുള്ള ആലോചനയും എ ഗ്രൂപ്പിൽ സജീവമാണ്. മുമ്പ് വി എം. സുധീരനെ തടയാൻ ജി. കാർത്തികേയനെ ഇരു ഗ്രൂപ്പുകളും ഒന്നിച്ച് അധ്യക്ഷപദവിയിലേക്ക് ചൂണ്ടികാണിച്ചിട്ടും ഹൈക്കമാൻഡ് തീരുമാനം മറ്റൊന്നായതും എ ഗ്രൂപ്പിനേയും ഐ ഗ്രൂപ്പിനേയും ചിന്തയിലാക്കുന്നുണ്ട്.