തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കലാപം പ്രഖ്യാപിച്ചതോടെയാണ് വി എം സുധീരനെ കോൺഗ്രസ് ഹൈക്കമാണ്ട് കൈവിട്ടത്. കെപിസിസി അധ്യക്ഷ പദത്തിൽ നിന്ന് സുധീരനെ മാറ്റുന്നതോടെ എല്ലാ പ്രശ്‌നവും തീരുമെന്നും കരുതി. എന്നാൽ അതൊന്നും നടന്നില്ല. തമ്മിലടി മൂക്കുകയും ചെയ്തു.

സമരങ്ങൾ പോലും മുന്നിൽ നിന്ന് നയിക്കാൻ ആളില്ലാത്ത അവസ്ഥ. കെപിസിസി അധ്യക്ഷ പദവിയിലെത്തിയ എംഎം ഹസന് ഒരുതരത്തിലും സംഘടനയെ ചലനാത്മകമായി മുന്നോട്ട് കൊണ്ടു പോകാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് ഹൈക്കമാണ്ട് നേരിടുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഹൈക്കമാണ്ട് കെപിസിസി അധ്യക്ഷനാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഉമ്മൻ ചാണ്ടി വഴങ്ങുന്നുമില്ല. ഈ സാഹചര്യത്തിൽ പുതിയൊരാളെ ഗ്രൂപ്പുകൾക്ക് അതീതനായി കൊണ്ടു വരാനാണ് കോൺഗ്രസ് തീരുമാനം.

അതിനിടെ കെപിസിസി പ്രസിഡന്റ് പദവിയിലേക്കു കോൺഗ്രസിലെ എ വിഭാഗം നിർദ്ദേശിക്കുന്ന നോമിനിയെ ഐ എതിർക്കില്ലെന്ന തീരുമാനവും വന്നു. അതേസമയം, ഐയിൽ നിന്നു തന്നെ ആ പദവിയാഗ്രഹിക്കുന്നവർ അതിനായി ശ്രമിക്കുന്നതിനെ ഗ്രൂപ്പ് നേതൃത്വം വിലക്കുകയുമില്ല. പ്രസിഡന്റ് പദത്തിന്റെ കാര്യത്തിൽ ഇരുവിഭാഗങ്ങളും എത്തിച്ചേർന്നിരിക്കുന്നത് ഈ ധാരണയിലാണ്. എന്നാൽ, ഗ്രൂപ്പുകൾക്കു പുറത്തുനിന്നൊരാളെ ഹൈക്കമാൻഡ് നിയോഗിക്കുമോയെന്ന സന്ദേഹം ശക്തമായതോടെയാണ് ഈ ഒത്തുതീർപ്പ്.

എയുടെ നോമിനിയാര് എന്നതിൽ എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ചർച്ച നിർണായകമാകും. ഗ്രൂപ്പുകൾക്കു പുറത്തുനിന്നൊരാളെ കൊണ്ടുവരുന്നതിലും ആന്റണിയുടെ നിലപാടാണു പ്രധാനം. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം ഡൽഹിയിൽ നിന്നേയുണ്ടാകൂവുമെന്നും വ്യക്തമാണ്. കെസി വേണുഗോപാൽ, കെ വി തോമസ്, കെ മുരളീധരൻ തുടങ്ങിയവരെല്ലാം പ്രതീക്ഷയിലാണ്. അതിനിടെ രമേശ് ചെന്നിത്തലയ്ക്ക് പുറത്ത് ഐ ഗ്രൂപ്പിൽ ഒരു അധികാര കേന്ദ്രം ഗൂപ്പ് ആഗ്രഹിക്കുന്നില്ലെന്ന വാദവും ശക്തമാണ്.

അതുകൊണ്ടാണ് കെപിസിസി അധ്യക്ഷ പദവിക്കായി ചെന്നിത്തല ശ്രമിക്കാത്തതെന്നാണ് ഉയരുന്ന വാദം. എന്നാൽ പ്രതിപക്ഷ നേതൃപദവി തങ്ങൾക്കായതിനാൽ പാർട്ടി അധ്യക്ഷപദത്തിലേക്ക് അവകാശവാദം ഉന്നയിക്കാനില്ലെന്നതാണ് ഐയുടെ സമീപനം. കെ.കരുണാകരനു ശേഷം എ.കെ.ആന്റണി മുഖ്യമന്ത്രിയായതു മുതൽ രണ്ടുപതിറ്റാണ്ടോളം പാർലമെന്ററി പാർട്ടിനേതൃപദവി എ വിഭാഗത്തിനായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് ഈ പദവി ചെന്നിത്തലയ്ക്ക് കിട്ടി. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുമില്ല. നേരത്തെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ചെന്നിത്തലയുടെ നീക്കം. ഇതിലൂടെ രണ്ട് പദവിയും പിടിച്ചെടുക്കാനും ആഗ്രഹിച്ചു. എന്നാൽ കെ മുരളീധരനെ പോലുള്ളവർ ഉമ്മൻ ചാണ്ടി പക്ഷത്താണെന്ന് തിരിച്ചറിഞ്ഞതോടെ ചെന്നിത്തല ഈ നീക്കം ഉപേക്ഷിച്ചു.

അതിനിടെ കേരളത്തിന്റെ ചുമതലയുള്ള വരണാധികാരി സുദർശൻ നാച്ചിയപ്പൻ ഇന്നലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള ചർച്ച 'ഇന്ദിരാഭവനിൽ' തുടങ്ങി. മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ അടക്കമുള്ളവർ അദ്ദേഹത്തെ കണ്ടു. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള കെപിസിസി പട്ടികയ്ക്കാണു ശ്രമമെന്നു സുദർശൻ നാച്ചിയപ്പൻ പറഞ്ഞു. ഒക്ടോബർ മൂന്നിനകം അതു തയാറാക്കും. കെപിസിസി പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നാച്ചിയപ്പനെ കണ്ടേക്കും. രണ്ടുദിവസം കൂടി അദ്ദേഹം ഇവിടെയുണ്ടാകും.

പ്രമുഖ എ, ഐ നേതാക്കൾ ഇതിനിടെ പട്ടിക തയാറാക്കുന്നതു സംബന്ധിച്ചു പരസ്പരം ആശയവിനിമയം ആരംഭിച്ചു. പകുതിയോളം പുതുമുഖങ്ങൾ എന്നാണു ഹൈക്കമാൻഡ് നിർദ്ദേശമെങ്കിലും 3035 ശതമാനത്തിനാണു സാധ്യത. യുവ പ്രാതിനിധ്യമെന്ന ആവശ്യവുമായി യുവനേതാക്കളും ശക്തമായി രംഗത്തുണ്ട്.