കൊച്ചി: കെപിസിസി പ്രസിഡന്റായി ആരെത്തുമെന്നതിൽ എ-ഐ ഗ്രൂപ്പുകളിൽ ആശങ്ക ശക്തം. സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെപിസിസി അധ്യക്ഷൻ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ആഗ്രഹ പ്രകാരമാണ് സമവായത്തിന് ഹൈക്കമാണ്ട് സമ്മതിച്ചതെന്നും സമവായം ഇവിടെയുണ്ടാകമെന്നുമാണ് പ്രചരണങ്ങൾ. എന്നാൽ കെപിസിസി അധ്യക്ഷനെ ഹൈക്കമാണ്ട് തീരുമാനിക്കുമെന്നത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനമാണ്. അടുത്ത മാസത്തോടെ എഐസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമലത ഏൽക്കും. അതിന് ശേഷം രാഹുൽ കെപിസിസിയുടെ അമരക്കാരനെ നിശ്ചയിക്കും. ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമില്ലെങ്കിൽ തന്റെ സ്വന്തക്കാരനെ കെപിസിസി അധ്യക്ഷനാക്കാനാണ് രാഹുലിന്റെ തീരുമാനം. എകെ ആന്റണിയുടെ വാക്കുകളും നിർണ്ണായകമാകും.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശ വാദം ഉന്നയിക്കേണ്ടെന്ന് ഐ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായ സാഹചര്യത്തിലാണ് ഇത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാർട്ടിയും പിടിക്കാൻ ചെന്നിത്തല നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് സമാവയമെന്ന സാധ്യതയിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെ വീതംവയ്‌പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അവകാശ വാദം ഐ ഗ്രൂപ്പ് വേണ്ടെന്ന് വച്ചു. വിഡി സതീഷൻ, കെ സുധാകരൻ, കെ മുരളീധരൻ എന്നിവരെ വെട്ടാനാണ് ഇതെന്നും വാദമാണ്. എ ഗ്രൂപ്പിന് സംഘടനാ തലപ്പത്തേക്ക് ഉമ്മൻ ചാണ്ടിയെ മാത്രമേ മുന്നോട്ട് വയ്ക്കാനുള്ളൂ. എന്നാൽ തന്നെക്കാൾ ജൂനിയറായ നേതാക്കൾ വഹിച്ച കെപിസിസി പദവിയോട് ഉമ്മൻ ചാണ്ടിക്ക് തീരെ താൽപ്പര്യമില്ല. സംഘടനാ ചട്ടക്കൂട്ടിൽ ഒതുങ്ങാതെ പാറി നടന്ന് വളരാനാണ് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. ഇതും എ ഗ്രൂപ്പിന്റെ മോഹത്തിന് തിരിച്ചടിയാണ്. ഉമ്മൻ ചാണ്ടി പിന്മാറി നിൽക്കുന്നതിനാൽ പകരം ഉയർത്തിക്കാട്ടാൻ എ ഗ്രൂപ്പിൽ ആളില്ല.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, ബെന്നി ബെഹന്നാൻ എന്നിവരോടെല്ലാം രാഹുലിന് അതൃപ്തിയുണ്ട്. ബെന്നിയെ കെപിസിസി ഏൽപ്പിക്കാനാണ് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. എന്നാൽ ബെന്നിക്ക് നിയമസഭയിലേക്ക് സീറ്റ് പോലും രാഹുലാണ് നിഷേധിച്ചത്. അതുകൊണ്ട് ഇഷ്ടക്കാരന് വേണ്ടി വാദിക്കാൻ പോലും ഉമ്മൻാചണ്ടിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ആരെ കെപിസിസി പ്രസിഡന്റായി രാഹുൽ കെട്ടിയിറക്കുമെന്ന സംശയത്തിലാണ് കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ. രാഹുലിനോട് എകെ ആന്റണിക്ക് മാത്രമേ സംസാരിക്കാൻ പറ്റൂ. എ ഗ്രൂപ്പെന്നാൽ രാഹുലിന്റെ കണ്ണിൽ ആന്റണിയാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ മോഹങ്ങൾ വെട്ടുമോ എന്ന ഭയം എ ഗ്രൂപ്പിൽ സജീവാണ്. ഈ സാഹചര്യത്തിൽ നിലവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുള്ള എംഎം ഹസനെ തന്നെ പ്രിസഡന്റായി ഉയർത്തിക്കാട്ടാനാണ് നീക്കം.

കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അനുസരിച്ച് ഒക്ടോബർ 17 ഓടെ രാഹുലിന്റെ സ്ഥാനാരോഹണം നടക്കും. അതിന് മുമ്പ് കേരളത്തിലും സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണം. ഇത് അനുസരിച്ച് പ്രസിഡന്റിനെ തെരഞ്ഞെടുപ്പില്ല. പകരം എഐസിസി അംഗങ്ങളെ മാത്രം നിശ്ചയിക്കുന്നതിൽ ഇത് ഒതുങ്ങും. എഐസിസി മെമ്പർമാർ ചേർന്ന് പ്രമേയം പാസിക്കി ഹൈക്കമാണ്ടിന് നൽകും. കെപിസിസി അധ്യക്ഷനായി യുക്തനായ ആളെ നിയമിക്കാൻ കോൺഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാകും പാസാക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റായി ചുമതല ഏറ്റശേഷം രാഹുൽ കാര്യങ്ങൾ നിശ്ചിയിക്കും. അതിനിടെ കെപിസിസി അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടി ശരിയായ നേതാവല്ലെന്ന വിലയിരുത്തലും ഉയരുന്നു. സംഘടനാ ചട്ടക്കൂടിൽ നിൽക്കുന്ന ആളെ നിയോഗിക്കണമെന്നാണ് ആവശ്യം. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറം ഉമ്മൻ ചാണ്ടിയുടെ താൽപ്പര്യം പരിഗണിച്ചൊരാളെ കെപിസിസി അധ്യക്ഷനാക്കാനാണ് സാധ്യത.

എന്നാൽ രാഹുലുമായി വ്യക്തിബന്ധം പുലർത്തുന്ന കെസി വേണുഗോപാലിനെ പോലുള്ളവർ പ്രതീക്ഷയിലാണ്. കർണ്ണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പദം കെസിക്ക് രാഹുൽ നൽകിയത് ഭാവി നേതാവിന്റെ വ്യക്തമായ സൂചനയാണ്. വിഡി സതീഷനോടും രാഹുലിന് പ്രത്യേക താൽപ്പര്യമുണ്ട്. കെ വി തോമസും മത്സരത്തിൽ സജീവമാണ്. സോണിയാ ഗാന്ധിയുമായി നല്ല ബന്ധം കെവി തോമസിനുണ്ട്. ഇത് ഉപയോഗിച്ച് രാഹുലിനെ സ്വാധീനിക്കാനാണ് നീക്കം. ആന്റണിക്ക് താൽപ്പര്യം മുല്ലപ്പള്ളി രാമചന്ദ്രനെയാണ്. എന്നാൽ മത സമവാക്യങ്ങൾ പരിഗണിച്ച് ക്രൈസ്തവ നേതാവിനെ കെപിസിസി അധ്യക്ഷനാക്കണമെന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായ സാഹചര്യത്തിലാണ് ഇത്. സമുദായ സമവാക്യം സന്തുലിതമാക്കി ക്രൈസ്തവരെ കെപിസിസി ഏൽപ്പിക്കണമെന്നാണ് ആവശ്യം.

ഇതിനിടെയിലാണ് പൊതു സമ്മതനായി അവതരിക്കാനുള്ള ഹസന്റെ നീക്കം. രമേശ് ചെന്നിത്തലയും ഹസന് അനുകൂലമാണ്. ഹസനു വേണ്ടി ഡൽഹിയിൽ ചെന്നിത്തലയും സംസാരിക്കുന്നുണ്ട്. തനിക്ക് ഭീഷണിയാകുന്ന ആരും കെപിസിസി അധ്യക്ഷനാകാതിരിക്കാനാണ് ഇത്. അതിനിടെ എഐസിസി പുനഃസംഘടനയോടെ വി എം സുധീരൻ അടക്കമുള്ളവർ ഡൽഹിയിൽ നേതാക്കളാകുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ സുധീരന്റെ നിലപാടും നിർണ്ണായകമാകും.