ആലപ്പുഴ: ഉമ്മൻ ചാണ്ടിയുടെ മനസ് ബെന്നി ബെഹന്നാന് ഒപ്പമോ? കെപിസിസി അധ്യക്ഷപദവി ഏറ്റെടുക്കാൻ ഉമ്മചാണ്ടി വിസമ്മതിച്ചാൽ പകരക്കാരനായി എത്തുന്നത് ഉമ്മചാണ്ടിയുടെ എക്കാലത്തെയും വിശ്വസ്തനായ ബെന്നിയാണെന്ന് സൂചന. ബെന്നി ബെഹന്നാൻ വിസമ്മതിച്ചാൽ മാത്രമെ മൂന്നാമതൊരാൾക്ക് സാധ്യത കൽപ്പിക്കുന്നുള്ളു.

ഭരണത്തിലായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിക്ക് വിശ്വസ്തർ പലരുണ്ടായിരുന്നെങ്കിലും ഇപ്പോഴും ഒപ്പം സഞ്ചരിക്കുന്ന വിശ്വസ്തൻ ബെന്നി തന്നെ. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും സൂചന. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ്ആ സന്നമായിരിക്കെ കോൺഗ്രസിലെ പ്രശ്നങ്ങൾ പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുമ്പെ തീർക്കേണ്ടതുണ്ട്. പി.പി. തങ്കച്ചൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്ന മുറയ്ക്ക് പകരക്കാരനായി ഉമ്മചാണ്ടിയുടെ അനുസരണയുള്ള അനുചരൻ എന്ന നിലയിൽ ബെന്നി ബെഹന്നാനെയായിരുന്നു കണ്ടെത്തിയിരുന്നത്. ഇതിന് ഗ്രൂപ്പുകൾ മറന്ന് രമേശ് ചെന്നിത്തലയും സമ്മതം മൂളിയിരുന്നു.

ഇപ്പോൾ കെപിസിസി പ്രസിഡന്റ് സ്ഥാനം വി എം. സുധീരൻ ഒഴിഞ്ഞതും ഉമ്മൻ ചാണ്ടി സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ചർച്ചകൾ ബെന്നി ബെഹന്നാനെ ചുറ്റിപ്പറ്റി നടക്കുന്നത്. എ വിഭാഗം നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിക്കും എ.കെ. ആന്റണിക്കും വേണ്ടി ബെന്നി ബെഹന്നൻ ത്യജിച്ചത് ഏറെ. നഷ്ടമായതും ഏറെ.

കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ പിറവത്തുനിന്നും നിയമസഭിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായിരുന്നു ബെന്നി ബഹന്നാൻ. അന്ന് പ്രായം 26. അന്നും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ആരാധ്യരായ നേതാക്കൾ. അവർക്കൊപ്പംനിന്നു പ്രവർത്തിച്ച് കരുണാകരന്റെ കണ്ണിലെ കരടായി. ആന്റണിയോടും ഉമ്മൻ ചാണ്ടിയോടും ബെന്നി ബെഹന്നാൻ കാണിക്കുന്ന അടുപ്പം കരുണാകരനെ ചൊടിപ്പിച്ചു.

കേരള രാഷ്ട്രീയത്തിൽ കളംനിറഞ്ഞ് കളിച്ചിരുന്നു കരുണാകരന്റെ ഉഗ്രകോപനത്തിനിരായ ബെന്നി പിന്നീട് തെരഞ്ഞെടുപ്പുകളിൽ ഒന്നൊന്നായി തോറ്റു തുടങ്ങി. പിന്നീട് കരുണാകരന്റെ അസാന്നിധ്യത്തിൽ മാത്രമാണ് ബെന്നിക്ക് രക്ഷകിട്ടിയത്. കഴിഞ്ഞ നാലുപതിറ്റാണ്ടായി ഇറക്കത്തിലും കയറ്റിത്തിലും ഉമ്മൻ ചാണ്ടിക്കൊപ്പം സഞ്ചരിച്ച് ബെന്നി തന്റെ കൂറ് അറിയിച്ചു. ഒരു പക്ഷെ ജാതീയമായി ആന്റണി കാര്യങ്ങൾ നീക്കിയില്ലെങ്കിൽ ഉമ്മചാണ്ടിയുടെ നിർദ്ദേശത്തോടെ ബെന്നി പ്രസിഡാകാനാണ് സാധ്യത. ഇതിനോട് രമേശ് ചെന്നിത്തലയ്ക്കും എതിർപ്പുണ്ടാവില്ല.

ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി വാഴിക്കാൻ ഉമ്മാൻചണ്ടി കാണിച്ച സന്മനസ് തിരിച്ച് ബെന്നിയുടെ കാര്യത്തിലും ചെന്നിത്തല കാട്ടുമെന്നാണ് അറിയുന്നത്. ഗ്രൂപ്പുകൾക്കപ്പുറവും
പാർട്ടിയിലെ മുഴുവൻ നേതാക്കളോടും ബെന്നി ബെഹന്നാൻ നല്ല അടുപ്പത്തിലാണ്. ആരെയും വെറുപ്പിക്കാത്ത പാർട്ടിയിലെ വിട്ടുവീഴ്ചക്കാരനാണ് ബെന്നി. ഇതുവരെ ആരുടെയും എതിർപ്പ്
സമ്പാദിച്ചിട്ടുമില്ല.

ഏറ്റവും ഒടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാൽ ലക്ഷം വോട്ടിന് താൻ ജയിച്ചു കയറിയ സ്വന്തം മണ്ഡലമായ തൃക്കാക്കര ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശ പ്രകാരം പി.ടി. തോമസിന് ഒഴിഞ്ഞുക്കൊടുത്താണ് ബെന്നി കൂറ് തെളിച്ചത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ കെ. ബാബുവും കെ.സി. ജോസഫും വാശിപ്പിടിച്ച് മൽസരിക്കാൻ ശ്രമിച്ചത് ഉമ്മചാണ്ടിക്ക് ഏറെ പ്രതിസന്ധി തീർത്തിരുന്നു. എന്നാൽ ബെന്നി ബെഹന്നാൻ തർക്കത്തിന് നിൽകാതെ മണ്ഡലം വിട്ടുനൽകുകയായിരുന്നു.

ഭരണപരമായും ബെന്നി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാർട്ടിയിലും സർക്കാരിലും. എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിന്റെ വികസനത്തിന് വൻ സാധ്യതകളാണ് ബെന്നി ഒരുക്കിയത്. കെപിസിസി ജനറൽ സെക്രട്ടറിയായി ദീർഘകാലം പാർട്ടിയുടെ ഉയർച്ചയിലും താഴ്‌ച്ചയിലും കരുത്തായി പ്രവർത്തിച്ചു. പാർട്ടി മുഖപത്രമായ വീക്ഷണം ഏറ്റെടുത്ത് കോടികൾ കടംവാങ്ങി നിലനിർത്തി.

ഇപ്പോൾ പുതിയ ചുമത നൽകിയാൽ തന്റെ വിശ്വസ്തന്മാരിൽ ഏറെ മികവ് പുലർത്താൻ കഴിയുന്നതും തന്റെ വരുതിക്കുള്ളിൽ നിൽക്കുന്ന ആളും ബെന്നിയാണെന്ന ഉത്തമബോധ്യം ഉമ്മൻ ചാണ്ടിക്കുണ്ട്. ഇതെല്ലാം ബെന്നി ബെഹന്നാന് അനുകൂല ഘടകങ്ങളാണ്. തിരുവഞ്ചൂരും, കെ.സി. ജോസഫും വിവിധ ഘട്ടങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് പ്രതിസന്ധി തീർത്തവരെന്ന പേര്
നിലനിൽക്കുമ്പോൾ തന്നെ ബെന്നിക്ക് ഏറെ പ്രാധാന്യം കൈവരുന്നതും ഇങ്ങനെതന്നെ.