ന്യൂഡൽഹി: വി എം സുധീരൻ രാജിവെച്ച ഒഴിവിൽ കെപിസിസിക്ക് താത്കാലിക അധ്യക്ഷനെ നിയമിക്കുമെന്ന് സൂചന. വിദേശത്ത് ചികിത്സയിലുള്ള കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമായിരിക്കും തീരുമാനം. താൽകാലിക അധ്യക്ഷനെ നിയമിക്കുന്ന സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി ചുമതല ഏറ്റെടുക്കാൻ സാധ്യതയില്ല. താൽക്കാലിക ചുമതല ഉമ്മൻ ചാണ്ടി ഏറ്റെടുക്കുന്നതിനോട് എ ഗ്രൂപ്പിനും താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് സീനിയർ വൈസ് പ്രസിഡന്റായ എംഎം ഹസ്സനെ താൽകാലിക പ്രസിഡന്റാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നത്.

വി എം സുധീരൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കമാണ്ട് തീരുമാനം. എ ഗ്രൂപ്പും ഇത്തരമൊരു ആവശ്യം നേരത്തെ മുന്നോട്ട് വച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് വരെ താത്കാലിക അധ്യക്ഷനെ നിയോഗിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. സ്ഥാനം ഒഴിഞ്ഞെങ്കിലും വി എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. സോണിയാ ഗാന്ധി മടങ്ങിയെത്തിയാൽ ഉടൻ രാജി അംഗീകരിക്കും. അതിന് ശേഷം മാത്രമേ താൽകാലിക അധ്യക്ഷനും ഉണ്ടാവുകയുള്ളൂ. താത്കാലിക അധ്യക്ഷന്റെ കാര്യത്തിൽ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രാഥമിക ചർച്ചകൾ തുടങ്ങി. മുതിർന്ന നേതാവ് കെ.വി തോമസ് രാഹുലുമായി ബുധനാഴ്ച ചർച്ചനടത്തി.

ഐ ഗ്രൂപ്പിൽ നിന്ന് പ്രസിഡന്റ് സ്ഥാനമോഹികൾ ഏറെയാണ്. വി.ഡി.സതീശനും കെ.സി.വേണുഗോപാലും കെ. സുധാകരനും ഒരു കൈ നോക്കുന്നുണ്ട്. എ ഗ്രൂപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനും താൽപര്യമുണ്ട്. നിലവിൽ ഹസ്സന്റെ പേര് മുന്നോട്ടു വന്നതിനാൽ പരസ്യ ആഗ്രഹ പ്രകടനമില്ല. ഹൈക്കമാന്റിലെ സ്വാധീനമുപയോഗപ്പെടുത്താൻ കെ.വി. തോമസും മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി.വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും വി.ഡി. സതീശനും പി.ടി. തോമസും രംഗത്തുണ്ട്. ഹൈക്കമാന്റിന് വിധേയനായ വ്യക്തിയാവണം താൽകാലിക പ്രസിഡന്റ് എന്നതാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. അതുകൊണ്ടുതന്നെ ജാതി സമവാക്യങ്ങൾക്കും ഗ്രൂപ്പ് നോമിനിക്കും ഉപരി ഹൈക്കമാന്റിന്റെ താൽപര്യവും പ്രസിഡന്റ് നിർണയത്തിൽ നിർണായകമാകും. ഇതെല്ലാം പരിഗണിക്കുന്നതിനാൽ ആരു വേണമെങ്കിലും കെപിസിസിയുടെ താൽകാലിക അധ്യക്ഷനാവാമെന്ന സ്ഥിതിയാണുള്ളത്.

ഉടൻ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഹൈക്കമാൻഡ് സൂചന നൽകുന്നെങ്കിലും അത് വൈകാൻ തന്നെയാണ് സാധ്യത. അപ്പോൾ താൽക്കാലിക സംവിധാനം എന്ന ഹൈക്കമാൻഡ് നിർദ്ദേശത്തോട് കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് താൽപര്യമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങേണ്ട സമയമായതിനാൽ സ്ഥിരം സംവിധാനം വേണ്ടെന്ന് എംപിമാർ രാഹുൽ ഗാന്ധിയെക്കണ്ട് ആവശ്യപ്പെട്ടു. ഒരുവട്ടം കൂടി രാഹുൽ ഗാന്ധിയെ കാണാൻ എംപിമാർ ശ്രമിക്കുന്നുണ്ട്. വി എം. സുധീരൻ ഒഴിഞ്ഞതോടെ എം.എം. ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല നൽകണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കെപിസിസി പ്രസിഡന്റിനെ ഹൈക്കമാൻഡ് തീരുമാനിക്കട്ടേയെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. ഇനി സംസ്ഥാനത്ത് അഭിപ്രായ ഐക്യത്തിന് സാധ്യത കുറവാണ്.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വരെ ഹസന് താൽക്കാലിക ചുമതല നൽകണമെന്നാണ് എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യം. ചെന്നിത്തലയുമായുള്ള ചർച്ചയിൽ എ ഗ്രൂപ്പിന്റെ ആവശ്യം ഉമ്മൻ ചാണ്ടി അറിയിച്ചു. നേതാക്കൾ ഒന്നിച്ചെടുത്ത തീരുമാനമെന്ന നിലയിൽ ഹസന്റെ കാര്യം ഹൈക്കമാൻഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എ ഗ്രൂപ്പിന്റെ നിർദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല.