തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കോൺഗ്രസിനെ സജ്ജമാക്കാൻ പുതിയ ടീമിനെ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഘടന അഴിച്ചുപണിക്ക് പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി സന്ദർശിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ടീം ആവശ്യമാണെന്നും ഇതില്ലാതെ സംഘടന മുന്നോട്ടുപോകാനാവില്ലെന്നും പ്രവർത്തക സമിതി അംഗം എ കെ ആന്റണിയേയും മുല്ലപ്പള്ളി ധരിപ്പിച്ചിട്ടുണ്ട്.

സംഘടനയിൽ അഴിച്ചുപണി നടത്തി പുതിയ ടീമിനെ സജ്ജമാക്കാനായിരുന്നു മുല്ലപ്പള്ളിയുടെ തീരുമാനം. എന്നാൽ നിലവിലുള്ളവരെ മാറ്റി പുതുമുഖങ്ങളെ കയറ്റുന്നതിനോട് യോജിക്കാനാവാതിരുന്നതിനാലാണ് നേതൃത്വം ഇത്രനാൾ പുനഃസംഘടനയോട് മുഖംതിരിച്ചു നിന്നിരുന്നത്. എന്നാൽ പഴയ ഭാരവാഹികളെ തന്നെ വച്ചു പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ നിർബന്ധിതനായ കെപിസിസി പ്രസിഡന്റിന് ഇവരിൽ നിന്ന് കാര്യമായ സംഭാവനകളൊന്നുംലഭിച്ചിരുന്നില്ല. തുടർന്നാണ് പുനഃസംഘടന തന്നെയാണ് ഏക വഴിയെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും വീണ്ടും നിർബന്ധിച്ചത്. എ-ഐ വിഭാഗത്തിലുള്ള നേതാക്കളുടെ പൂർണപിന്തുണയോടെ പ്രവർത്തനക്ഷമമായ പുതിയ ടീമിനെ രംഗത്തിറക്കാനാണ് മുല്ലപ്പള്ളി ലക്ഷ്യമിടുന്നത്.

നിലവിലുള്ള സംവിധാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ സംഘടനയ്ക്ക തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പുതിയ ടീമിനെ വാർത്തെടുത്തില്ലെങ്കിൽ പ്രവർത്തനത്തെ അതുസാരമായി ബാധിക്കുമെന്നാണ് മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഒരു വർക്കിങ് പ്രസിഡന്റായ എം ഐ ഷാനവാസ് വിടപറയുകയും മറ്റൊരു വർക്കിങ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭാംഗമെന്ന നിലയിൽ തിരക്കുകളിൽ ആയതിനാലും സംഘടനാ പ്രവർത്തനങ്ങൾക്ക് ചടുലത കൈവരുന്നില്ല. കെ സുധാകരൻ കണ്ണൂർ കേന്ദ്രീകരിച്ചാണ് കൂടുതലായും പ്രവർത്തനങ്ങൾ നടത്തുന്നത്. പഴയ ഭാരവാഹികളിൽ ചുരുക്കം പേരെ നിലനിർത്തി ബാക്കി പുതുമുഖങ്ങളെ ഉൾക്കൊള്ളിക്കാനാണ് നിർദ്ദേശം.