- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എ-ഐ ഗ്രൂപ്പുകളെ വിശ്വാസത്തിൽ എടുത്ത് കെപിസിസി പുനഃ സംഘടനയുമായി കെ.സുധാകരൻ മുന്നോട്ട്; രാജികൾ തിരിച്ചടിയായി കാണാതെ പാർട്ടിക്ക് പുതുജീവൻ നൽകാൻ വിഡി സതീശനും ഒപ്പം; അഞ്ച് വർഷം ഭാരവാഹികൾ ആയവരെ വീണ്ടും പരിഗണിക്കില്ല; ജനപ്രതിനിധികളായ നേതാക്കളെയും ഒഴിവാക്കും
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെയും, ഉമ്മൻ ചാണ്ടിയെയും അനുനയിപ്പിച്ചതോടെ, കെപിസിസി പുനഃ സംഘടന സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്ന കണക്കുകൂട്ടലിലായിരുന്നു നേതൃത്വം. എന്നാൽ, അതിന് മങ്ങലേൽപ്പിച്ച് കൊണ്ടാണ് ഇന്നലെ കെപി അനിൽ കുമാർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നത്.
ഇന്ന് കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറും രാജിവച്ചു. പുനഃ സംഘടനയിൽ മുറിവുണക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അഞ്ച് വർഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിലെ ധാരണ. നിലവിൽ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും. കെപിസിസിയുടെയും ഡിസിസികളുടെയും പുതിയ ഭാരവാഹി പട്ടികയിൽ ഇവരെ ഉൾപ്പെടുത്തില്ല.
പാർട്ടി ഭാരവാഹികളായി ജനപ്രതിനിധികളിൽ ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നവരെ മാത്രമാണ് ഉൾപ്പെടുത്തുക. ശേഷിച്ചവരെ പുനഃസംഘടനയിൽ ഒഴിവാക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനമുണ്ട്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ നടത്തിയ ചർച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.
ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രവർത്തന മികവ് തന്ന മാനദണ്ഡമാക്കണമെന്ന് എഐസിസി നിർദ്ദേശം നൽകിയിരുന്നു. ഗ്രൂപ്പ് നേതാക്കളെ കൂടി വിശ്വാസത്തിലെടുത്ത് മുൻപോട്ട് പോകണമെന്ന് നിർദ്ദേശിക്കുമ്പോൾ ഗ്രൂപ്പല്ല മാനദണ്ഡമെന്നും നേതൃത്വം വ്യക്തമാക്കി. ഡിസിസി പുനഃസംഘടനയിലുണ്ടായ മുറിവുകൾ കെപിസിസി പുനഃസംഘടനയോടെ ഉണങ്ങുമെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുമ്പോൾ പ്രവർത്തന മികവ് തന്നെ മാനദണ്ഡമെന്ന് എഐസിസി അടിവരയിടുന്നു.
ഗ്രൂപ്പ് നേതാക്കൾ നൽകുന്ന പട്ടിക അപ്പാടേ പരിഗണിക്കേണ്ടതില്ല. നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന സന്ദേശം തന്നെയാണ് നേതൃത്വം നൽകുന്നത്. പ്രവർത്തന മികവ് തെളിയിച്ചവരെ പ്രായത്തിന്റെയോ മുൻകാല പരിചയത്തിന്റെയോ പേരിൽ മാറ്റി നിർത്തേണ്ടതില്ല. യുവത്വത്തിനും പ്രാതിനിധ്യം ഉറപ്പിക്കണം. ഡിസിസി പുനഃസംഘടനയുടെ വലിയ പോരായ്മയായി ഉയർത്തികാട്ടിയിരുന്ന ദളിത്, വനിത പ്രാതിനിധ്യം കെപിസിസി പുനഃസംഘടനയിലുണ്ടാകണമെന്നും എഐസിസി നിർദ്ദേശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ