തിരുവനന്തപുരം: കെപിസിസി ജന. സെക്രട്ടറിമാർക്കുള്ള ചുമതലകൾ വീതിച്ചപ്പോളും പ്രധാന ചുമതലകളൊക്കെ കെ. സുധാകരന്റെയും കെസി വേണുഗോപാലിന്റെയും വിഡി സതീശന്റെയും നോമിനികൾക്ക്. കെ കരുണാകരന്റെ വിശ്വസ്തനും പിന്നീട് രമേശ് ചെന്നിത്തലയ്ക്കൊപ്പവുമായിരുന്ന മുൻ എംഎൽഎ ടിയു രാധാകൃഷ്ണനാണ് സംഘടനാ ചുമതല. ഇപ്പോൾ കെ. സുധാകരപക്ഷത്താണ് ടിയു രാധാകൃഷ്ണൻ. കെപിസിസി ഓഫീസിന്റെ ഭരണചുമതലയുള്ള ജിഎസ് ബാബു വിഡി സതീശന്റെ പക്ഷത്താണ്. തിരുവനന്തപുരം എംപി ശശി തരൂരിന്റെ നോമിനിയായാണ് ബാബു കെപിസിസി ഭാരവാഹിയാകുന്നത്.

ജില്ലകളുടെ ചുമതലകൾ വീതിച്ചുനൽകിയതിലും പ്രധാന ജില്ലകളൊക്കെ ഔദ്യോഗികപക്ഷം കയ്യടക്കിയിട്ടുണ്ട്. തലസ്ഥാനജില്ലയുടെ ചുമതല നൽകിയിരിക്കുന്ന കെപി ശ്രീകുമാർ കെസി വിഭാഗത്തിലെ പ്രധാനിയാണ്. ആലപ്പുഴ ഡിസിസി പ്രസിന്റായി പരിഗണിച്ചിരുന്നവരുടെ പട്ടികയിൽ അവസാനനിമിഷം വരെ മുന്നിലുണ്ടായിരുന്ന നേതാവായിരുന്നു കെപി ശ്രീകുമാർ.

ഇതോടെ പ്രധാനപ്പെട്ട ചുമതലകളൊക്കെ കെ. സുധാകരനും കെസി വേണുഗോപാലും വിഡി സതീശനും ചേർന്ന് വീതിച്ചെടുത്തെന്ന പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ സുധാകരന്റെ സ്വന്തം ജില്ലയായ കണ്ണൂരിന്റെ ചുമതല നൽകിയിരിക്കുന്നത് എ ഗ്രൂപ്പുകാരനായ സി. ചന്ദ്രനാണ്. പുനഃസംഘടന നിർത്തിവച്ച് സംഘടനാ തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങണമെന്ന് കെപിസിസി യോഗത്തിൽ ആവശ്യപ്പെട്ടയാളാണ് സി. ചന്ദ്രൻ.

മറ്റ് ജില്ലകളുടെ ചുമതലകളുള്ള ജന. സെക്രട്ടറിമാർ പഴകുളം മധു- കൊല്ലം, എം.എം. നസീർ- പത്തനംതിട്ട, ഡോ.ജി. പ്രതാപവർമ്മ തമ്പാൻ- ആലപ്പുഴ, എം.ജെ. ജോബ്- കോട്ടയം, ജോസി സെബാസ്റ്റ്യൻ- ഇടുക്കി, എസ്. അശോകൻ- എറണാകുളം, കെ. ജയന്ത്- തൃശൂർ, ബി.എ. അബ്ദുൾ മുത്തലിബ്- പാലക്കാട്, പി.എ. സലിം- മലപ്പുറം, കെ.കെ. എബ്രഹാം- കോഴിക്കോട്, പി.എം. നിയാസ്- വയനാട്, സോണി സെബാസ്റ്റ്യൻ- കാസർകോട്.

പോഷകസംഘടനകളുടെയും പാർട്ടി സെല്ലുകളുടെയും ചാർജ് പ്രഖ്യാപിച്ചിട്ടില്ല. ഉടൻ തന്നെ അതുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.