തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയും ഉടൻ ഉണ്ടാകും. കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി ഇന്നു ചുമതലയേൽക്കും. അതിന് ശേഷം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി ചർച്ച നടത്തും. പിന്നീട് ഡൽഹിക്ക് പോകും. അതിന് ശേഷമാകും പുനഃസംഘടനയിൽ അന്തിമ തീരുമാനം ഉണ്ടാവുക. സുധാകരന്റെ സ്ഥാനമേൽക്കലിനെ പ്രതീക്ഷയോടെയാണ് കോൺഗ്രസുകാർ കാണുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങുകൾ എന്നാണ് അറിയിപ്പെങ്കിലും അണികളുടെ ആവേശം ഇന്ദിരാഭവനിൽ നിറയും. രാവിലെ 11നും 11.30നും ഇടയ്ക്കാണ് ചടങ്ങ്.

പേട്ടയിലെ വസതിയിൽനിന്ന് 9.30ന് പുറപ്പെടുന്ന സുധാകരൻ 10 നു കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തും. 10.15ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം കെപിസിസി ആസ്ഥാനത്തെത്തും. സേവാദൾ വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പാർട്ടി പതാക ഉയർത്തും. ചുമതല ഏറ്റെടുത്ത ശേഷം 11.30ന് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലെ സമ്മേളനത്തിൽ പ്രസംഗിക്കും. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേൽക്കും. ഗ്രൂപ്പുകളും സുധാകരന്റെ സ്ഥാനാരോഹണത്തിന് എതിർപ്പുകൾ മാറ്റി വച്ച് എത്തും.

സ്ഥാനം ഏറ്റെടുത്ത ശേഷം അതിവേഗം പുനഃസംഘടനാ ചർച്ചകളിലേക്ക് കടക്കും. തിരുവനന്തപുരത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് നേതാക്കൾക്കു പരിഭവമുണ്ട്. ഈ പരിഭവം മാറ്റിയ ശേഷമാകും സുധാകരന്റെ ഇടപെടലുകൾ.

സ്ഥാനമേറ്റ ശേഷം വൈകാതെ സുധാകരൻ ഡൽഹിക്കു തിരിക്കും. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ചു തന്റെ നിർദേശങ്ങൾക്ക് എഐസിസി നേതൃത്വത്തിന്റെ അനുവാദം വാങ്ങിയ ശേഷം ഇവിടെ രാഷ്ട്രീയകാര്യസമിതിയിൽ അവതരിപ്പിച്ച് അംഗീകാരം തേടി മുന്നോട്ടു പോകാനാണ് സുധാകരൻ ഉദ്ദേശിക്കുന്നത്. ഡിസിസി പുനഃസംഘടനയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കും. കെപിസിസി ഭാരവാഹി നിയമനവും സ്‌ക്രീനിങ് കമ്മിറ്റിക്ക് വിടും. ജംബോ കമ്മറ്റികൾ ഉണ്ടാകില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്‌പ്പും അനുവദിക്കില്ല.

കെ.സുധാകരൻ തിരഞ്ഞെടുത്തത് നേരത്തേ രമേശ് ചെന്നിത്തലയും വി എം. സുധീരനും കെപിസിസി പ്രസിഡന്റായി ഉപയോഗിച്ച ഓഫിസ്. 3 വർഷത്തോളമായി ഈ മുറി ഒഴിഞ്ഞു കിടക്കുകയായിരുന്നു. പഴയ മന്ദിരത്തിന്റെ ഭാഗമായുള്ള പ്രസിഡന്റുമാരുടെ ഓഫിസാണ് മുല്ലപ്പള്ളി തിരഞ്ഞെടുത്തത്. കെ.മുരളീധരൻ പ്രസിഡന്റായപ്പോൾ നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് പിന്നീടു വന്ന പ്രസിഡന്റുമാരുടെ ഓഫിസ് എങ്കിലും മുല്ലപ്പള്ളി അവിടേക്കു പോയില്ല. എന്നാൽ സുധാകരൻ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റും.

ഈ മാസം എട്ടിനാണ് കെപിസിസി പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് ഇത്തരവ് വന്നത്. പിന്നാലെ നേതാക്കൾക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. ശനിയാഴ്ച മുതൽ സ്വന്തം തട്ടകമായ കണ്ണൂരിലടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഘടക കക്ഷി നേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു സുധാകരൻ. പാർട്ടിക്കു വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷി കുടീരങ്ങളിലും സന്ദർശനം നടത്തിയിരുന്നു. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേ, അങ്കമാലി വെടിവയ്പിൽ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മാരകങ്ങളിലും പുഷ്പാർച്ചന നടത്തിയിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വയലാർ രവി, വി.ഡി. സതീശൻ, കെ.സി. വേണുഗാപാൽ, തെന്നല ബാലകൃഷ്ണപിള്ള, വി എം. സുധീരൻ, സി.വി പത്മരാജൻ, പ്രൊഫ. കെ.വി. തോമസ്, കെ. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ഈ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരൻ എംപി ചുമതലയേൽക്കുന്നത്.