- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസിന് എന്താണ് പറ്റിയത്? രോഗം ഭേദമാക്കാൻ ചികിൽസ എന്ത്? സൂധാകരന്റെ ഏജന്റുമാർ നാടും വീടും കയറി അന്വേഷിക്കുന്നു; കെ എസ് യുവിനേയും യൂത്ത് കോൺഗ്രസിനേയും രാഹുലിന്റെ തടവറയിൽ നിന്നും മോചിപ്പിച്ചെടുക്കാനും പദ്ധതി; കെപിസിസിയിൽ ഇനി സമൂല അഴിച്ചു പണി
കാസർകോട്: കോൺഗ്രസിന് എന്താണ് പറ്റിയത്? രോഗം ഭേദമാക്കാൻ ചികിൽസ എന്ത്? ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പിന്തുണയോടെ സ്ഥാനമാനങ്ങൾ നേടുന്നവർക്ക് ജനപിന്തുണയുണ്ടോ എ്ന്നതും പരിശോധനാ വിഷയമാകും. അടിത്തട്ടിൽ ബന്ധങ്ങളില്ലാതെ ഒറ്റ രാത്രികൊണ്ട് സ്ഥാനമാനങ്ങൾ നേടുന്നവരെ ഇനി സുധാകരൻ അംഗീകരിക്കില്ല. കേരളത്തിലെ എല്ലാ നിയമനങ്ങളും കെപിസിസി അധ്യക്ഷന്റെ അറിവും സമ്മതവും ഉറപ്പാക്കും. ഇതിലൂടെ അർഹതപ്പെട്ടവരെ നേതാക്കളാക്കാനാണ് തീരുമാനം.
യൂത്ത് കോൺഗ്രസും കെഎസ്‌യുവും ഗതകാല പ്രതാപം വീണ്ടെടുത്താലേ കോൺഗ്രസിനും മുന്നോട്ടു വരാൻ കഴിയൂവെന്നാണു സുധാകരന്റെ നിലപാട്. വർക്കിങ് പ്രസിഡന്റ് പിടി തോമസിനും ഈ നിലപാടുണ്ട്. ജനപ്രതിനിധികൾക്കു കെപിസിസി ഭാരവാഹികളാകാൻ വിലക്കില്ലെങ്കിലും മറ്റുള്ളവർക്കു മുൻഗണന നൽകാനാണു ധാരണ. ഇക്കാര്യത്തിൽ വിശദ പരിശോധനകൾ നടത്തിയാകും തീരുമാനം എടുക്കുക. ഗ്രൂപ്പ് നേതാക്കളെന്ന പരിഗണന ആർക്കും സുധാകരൻ നൽകില്ല.
കോൺഗ്രസിനെ പിടികൂടിയ 'യഥാർഥ രോഗം' മനസ്സിലാക്കാൻ കോൺഗ്രസിനുള്ളിൽ രഹസ്യ സർവേ നടത്തുകയാണ് സുധാകരൻ. പുനഃസംഘടനയ്ക്കു മുന്നോടിയായി കെപിസിസി നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് ജില്ലകളിൽ സർവേ ആരംഭിച്ചത്. കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകളും ദൗർബല്യങ്ങളും മനസ്സിലാക്കുവാൻ വേണ്ടി കെ.സുധാകരൻ നേരിട്ടാണ് ഇവരെ നിയമിച്ചതെന്നാണ് സൂചന. റിപ്പോർട്ട് പ്രസിഡന്റിനാണു നൽകുക. പ്രവർത്തകരോടും സാധാരണക്കാരോടും ഇവർ വിവരം തേടുന്നുണ്ട്. ജില്ലാ ഭാരവാഹികൾ മുതൽ മണ്ഡലം പ്രസിഡന്റുമാർ വരെയുള്ള നേതാക്കളെ നേരിട്ടു സന്ദർശിച്ചാണ് സംഘം അഭിപ്രായങ്ങൾ തേടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളെയും പാർട്ടിയോടു ചേർന്നു നിൽക്കുന്ന പ്രധാന വ്യക്തികളെയും കണ്ടു വിവരങ്ങൾ തേടും.
ഈ അഭിപ്രായമെല്ലാം പരിഗണിച്ചാകും പുനഃസംഘടന. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുള്ള കാരണം, ഡിസിസി- ബ്ലോക്ക് ഭാരവാഹികളുടെ പ്രവർത്തനങ്ങൾ, തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥിതി, സ്വന്തമായി ഓഫിസ് ഉള്ള മണ്ഡലം കമ്മിറ്റികൾ ഏതൊക്കെ, ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചോദിച്ചറിയുന്നത്. ഈ റിപ്പോർട്ട് ഹൈക്കമാണ്ടിനും സുധാകരൻ നൽകും. ശാസ്ത്രീയ പഠനത്തിന് മേഖല തിരിച്ച് പാർട്ടി നേതാക്കളുടെ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടും തെറ്റു തിരുത്തൽ രേഖയാക്കി മാറ്റാനാണ് നീക്കം.
കോൺഗ്രസിനൊപ്പം സഹ സംഘടനകളുടെ പ്രവർത്തനത്തിലും കാതലായ മാറ്റത്തിനു പുതിയ കെപിസിസി നേതൃത്വം മുൻകൈ എടുക്കുന്നു എന്നതിന്റെ സൂചനയാണ് സർവ്വേ. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും അംഗത്വ, തിരഞ്ഞെടുപ്പു ശൈലി പൂർണമായി മാറ്റണമെന്നു ഹൈക്കമാൻഡിനോടു സംസ്ഥാന നേതൃത്വം ആവശ്യപ്പെടും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിർദ്ദേശങ്ങൾ രേഖാമൂലം നൽകും. കേരളത്തിലെ നിയമനങ്ങളിൽ ഇടപെടരുതെന്നും ആവശ്യപ്പെടും.
സംഘടനയെ നേരെയാക്കാൻ രാഹുലിന്റെ നേതൃത്വം വരുത്തിയ പൊളിച്ചെഴുത്ത് ഇവിടെ ഇരു സംഘടനകളെയും പ്രതികൂലമായി ബാധിച്ചെന്ന അഭിപ്രായം സുധാകരനുണ്ട്. ഓൺലൈൻ അംഗത്വ രീതിയും ഭാരവാഹി തിരഞ്ഞെടുപ്പിനായി ആവിഷ്‌കരിച്ച പ്രത്യേക സമ്പ്രദായവും ഉപേക്ഷിച്ചു കേരളത്തിന്റെ സാഹചര്യത്തിന് ഇണങ്ങുന്ന തരത്തിൽ തിരഞ്ഞെടുപ്പു നടത്താൻ അനുവദിക്കണമെന്നു ആവശ്യപ്പെടും. ഹൈക്കമാണ്ടിന്റെ കെട്ടിയിറക്ക് നേതാക്കളേയും അംഗീകരിക്കില്ല.
14 ഡിസിസികളിലും പുതിയ പ്രസിഡന്റ് വരുന്നതു വരെ നിലവിലുള്ളവർ സാങ്കേതികമായി തുടരും. പുതിയ കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും ഒരുമിച്ചു വരും. ഡിസിസി പ്രസിഡന്റുമാരായി മികച്ച പ്രവർത്തനം കാഴ്ച വച്ച ചിലരെ കെപിസിസി ഭാരവാഹിത്വത്തിലേക്കു കൊണ്ടുവരും.കെപിസിസി ഭാരവാഹിത്വത്തിലേക്കു പട്ടിക സമർപ്പിക്കാൻ ഗ്രൂപ്പ് നേതൃത്വങ്ങളെ ചുമതലപ്പെടുത്തുന്ന കീഴ്‌വഴക്കം സുധാകരൻ ഒഴിവാക്കും. പകരം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി തീരുമാനിക്കും.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ രാഹുൽ ഗാന്ധി ചർച്ചയ്ക്കു വിളിച്ചതോടെ എഐ ഗ്രൂപ്പുകളുടെ പരിഭവം കുറഞ്ഞിട്ടുണ്ട്. ഇരു നേതാക്കളെയും വിശ്വാസത്തിലെടുത്തു മാത്രമേ നീങ്ങൂവെന്നു സുധാകരനും വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ