- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാര്യപ്രാപ്തിയും പൊതുജന അംഗീകാരവും മാനദണ്ഡമാക്കും; എംഎൽഎമാരേയും എംപിമാരേയും പരിഗണിക്കില്ല; പത്മജാ വേണുഗോപാലും ബിന്ദുകൃഷ്ണയും വിടി ബൽറാമും അനിൽ അക്കരയും അടക്കമുള്ളവർക്ക് അംഗീകാരം കിട്ടിയേക്കും; ഗ്രൂപ്പുകൾക്ക് പരിഗണന ഇല്ല; ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും നിർദ്ദേശം പറയാം; കെപിസിസിയിൽ പിടിമുറുക്കാൻ സുധാകരൻ
തിരുവനന്തപുരം: ഗ്രൂപ്പ് മാനേജർമാരെ ആരേയും കെപിസിസി ഭാരവാഹികൾ ആക്കേണ്ടതില്ലെന്ന് ധാരണ. മുൻ നേതൃത്വത്തെക്കൂടി വിശ്വാസത്തിലെടുത്ത് കോൺഗ്രസിൽ പുനഃസംഘടനയുടെ രണ്ടാം ഘട്ട ചർച്ച ആരംഭിച്ചുവെങ്കിലും ഭാരവാഹികളിൽ അന്തിമ തീരുമാനം സുധാകരൻ എടുക്കും. ഗ്രൂപ്പിന് അതീതമായി കെപിസിസിയെ അംഗീകരിക്കുന്നവർ മാത്രമേ പട്ടികയിൽ ഉണ്ടാകൂ. ഈ സൂചന മുതിർന്ന നേതാക്കൾക്ക് സുധാകരൻ നൽകി കഴിഞ്ഞു. ഓടി നടന്ന് താൻ പറയുന്നത് പോലെ പാർട്ടിയെ ചലിപ്പിക്കുന്നവർ ഭാരവാഹികളായാൽ മതിയെന്ന നിലപാടിലാണ് സുധാകരൻ.
ഒരു മാസത്തിനുള്ളിൽ പുനഃസംഘടന നടത്തും. ഇക്കാര്യത്തിൽ ഏതാണ്ട് രൂപം സുധാകരന്റെ മനസ്സിലുണ്ട്. ഡിസിസി പുനഃസംഘടനയിൽ ഡിസിസി അധ്യക്ഷന്മാർക്കാകും തീരുമാനം എടുക്കേണ്ട കൂടുതൽ ഉത്തരവാദിത്തം. ഡിസിസികളെ ചലിപ്പിക്കാൻ ഇത് അനിവാര്യമാണെന്ന് സുധാകരൻ കരുതുന്നു. വനിതാ പ്രാതിനിധ്യം കെപിസിസി-ഡിസിസി പട്ടികയിലുണ്ടാകും. പത്മജാ വേണുഗോപാലും ബിന്ദു കൃഷ്ണയും കെപിസിസി ഭാരവാഹികളാകും. ഈ പട്ടികയിലും ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറം കെസി വേണുഗോപാലിന് മുൻതൂക്കം ലഭിക്കുമോ എന്ന സംശയം സജീവമാണ്. വിടി ബൽറാമും അനിൽ അക്കരേയേയും പോലുള്ളവരെ നേതൃത്വത്തിൽ സജീവമാക്കാനും ആലോചനയുണ്ട്.
കെപിസിസി, ഡിസിസി ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംസാരിച്ചു.നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി സെന്ററിൽ ആരംഭിച്ച ഡിസിസി പ്രസിഡന്റുമാരുടെ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ നാലു നേതാക്കളും അഴിച്ചുപണിയുടെ ചർച്ചകൾക്ക് തുടക്കമിട്ടു. നിയമനങ്ങൾക്ക് അടിസ്ഥാനമായി സ്വീകരിക്കാവുന്ന വ്യവസ്ഥകളുടെ കരട് സുധാകരനും സതീശനും മുന്നോട്ടുവച്ചു.
കെപിസിസിയിൽ നിർവാഹക സമിതി അംഗങ്ങൾ അടക്കം 51 പേരായിരിക്കും. ജനറൽ സെക്രട്ടറിമാർ പരമാവധി 15 പേർ. ഡിസിസി പ്രസിഡന്റ് നിയമനത്തിൽ എന്ന പോലെ പ്രായപരിധി നിർബന്ധമാക്കില്ല. അതേസമയം ആ നിയമനത്തിൽ തഴയപ്പെട്ടെന്ന പരാതി ഉയർന്ന വനിതാ, ദലിത് പ്രാതിനിധ്യം കെപിസിസി നിയമനത്തിൽ ഉണ്ടാകും. അനുഭവസമ്പത്ത് ഉള്ളവർക്കൊപ്പം യുവാക്കൾക്ക് അർഹമായ പരിഗണന നൽകാനും തീരുമാനിച്ചു. നേരത്തേ ദീർഘകാലം ഭാരവാഹികളായിരുന്നവരെ പരിഗണിക്കില്ല. എംപിമാർ, എംഎൽഎമാർ എന്നിവരെയും ഒഴിവാക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ കർശനമായി മാറ്റി നിർത്തില്ല. ഇവരിൽ സംഘടനയിൽ പ്രയോജനപ്പെടുത്താവുന്നവരുടെ സേവനം തേടണമെന്നാണ് അഭിപ്രായം. പേരുകളിലേക്കു ചർച്ച കടന്നില്ല. ഉമ്മൻ ചാണ്ടിയും രമേശും തങ്ങളുടെ നിർദ്ദേശങ്ങൾ 15നു നടക്കുന്ന അടുത്ത ചർച്ചയിൽ അറിയിച്ചേക്കും. ഗ്രൂപ്പ് നോമിനികൾ എന്നതിനപ്പുറം സ്വീകാര്യമായ പേരുകൾ നിർദ്ദേശിക്കണമെന്നാണു പൊതു ധാരണ.
ഡിസിസികളിൽ ഗ്രൂപ്പു വീതംവയ്പ് കർശനമായി അവസാനിപ്പിക്കും. കാര്യപ്രാപ്തി, പൊതുജന സ്വീകാര്യത എന്നിവ മാനദണ്ഡമാക്കി ജില്ലകളിൽ മികച്ച ടീം വേണമെന്ന തീരുമാനത്തിലാണ് സുധാകരൻ. ഡിസിസി പ്രസിഡന്റ് നിയമനം തർക്കത്തിനു തിരികൊളുത്തിയതിനാൽ ഐക്യത്തോടെ അടുത്ത അഴിച്ചുപണി നടത്തും. പ്രവർത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി കോൺഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.
അധികാരത്തിലുള്ള കോൺഗ്രസിനെക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാൻ കോൺഗ്രസിനു ശക്തിയുണ്ട്. എന്നാൽ നമ്മുടെയിടയിൽ വിള്ളൽ വീഴ്‌ത്തി ദുർബലപ്പെടുത്താനാണു ശത്രുക്കൾ ശ്രമിക്കുന്നത്. ആ കെണിയിൽ വീഴാതെ ഓരോ കോൺഗ്രസ് പ്രവർത്തകനും ജാഗ്രത കാട്ടണം. സംഘപരിവാറുമായി സന്ധി ചെയ്താണു സിപിഎം പ്രവർത്തിക്കുന്നത്. അധികാരം നിലനിർത്താൻ ഹീനതന്ത്രം മെനയുകയാണു സിപിഎം. രണ്ടു കൂട്ടരെയും ജനമധ്യത്തിൽ തുറന്നു കാട്ടി തൊലിയുരിയാനുള്ള അവസരമാണു മുന്നിലുള്ളതെന്ന് സുധാകരൻ പറയുന്നു.
സംശുദ്ധമായ പൊതു ജീവിതമാകണം കോൺഗ്രസ് നേതാക്കളുടെ മുഖമുദ്ര. അതിലൂടെ പുതുതലമുറയെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ കഴിയണം. കാലോചിതമായ വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കണം. കോൺഗ്രസിന്റെ തകർച്ച രാഷ്ട്രീയ എതിരാളികൾ പോലും ആഗ്രഹിക്കുന്നില്ല. പോരായ്മകൾ കണ്ടെത്തി പരിഹാരങ്ങൾ ആരംഭിച്ചു. നേതാക്കൾക്ക് അഭിപ്രായവും പ്രയാസവും പറയാനും അതിനു പരിഹാരം കാണാനുമാണു സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഒരാൾ പോലും പരിധി വിട്ടു പോകരുതെന്നു സുധാകരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ