തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്ക് പുതിയ മാർഗ്ഗ നിർദ്ദേശങ്ങളും. അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സെമി കേഡർ സ്വഭാവത്തിലേക്കു പാർട്ടിയെ മാറ്റാൻ കെപിസിസി തയ്യറാക്കിയത് കർശന മാർഗ നിർദ്ദേശമാണ്. ഗതാഗത തടസ്സത്തിനു വഴിവയ്ക്കുന്നതും മറ്റുള്ളവർക്കു ദ്രോഹമുണ്ടാക്കുന്നതുമായ ജനവിരുദ്ധ സമരങ്ങൾ ഒഴിവാക്കും. പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും മാറ്റി നിർത്താനും കെപിസിസി നേതൃത്വം നിർദ്ദേശിച്ചു. അങ്ങനെ അടിമുടി മാറ്റങ്ങൾ കെപിസിസിയിൽ വരും.

ഓഫിസുകൾ പുരുഷ കേന്ദ്രീകൃതം എന്ന ദുഷ്‌പേര് ഒഴിവാക്കണമെന്നാണ് കെപിസിസിക്ക് പറയാനുള്ളത്. അതുകൊണ്ട് തന്നെ പുനഃസംഘടനയിൽ വനിതകൾക്കും വേണ്ടത്ര പരിഗണന കിട്ടും. രാഷ്ട്രീയ എതിരാളികളുമായി ക്രമം വിട്ട ബന്ധവും അനാവശ്യ ധാരണയും ഉണ്ടാക്കുന്നവരെ നിരീക്ഷിക്കും. കോൺഗ്രസുകാർ തമ്മിലെ തർക്കവും വഴക്കും തീർക്കാൻ ഓരോ ഘടകവും സമിതികളെ വയ്ക്കാനും ധാരണയായി. പാർട്ടിയുടെ പൊതുവേദികളിൽ വനിത, പട്ടികജാതി നേതാക്കൾ ഓരോരുത്തർക്ക് എങ്കിലും ഇരിപ്പിടം നൽകും. വ്യക്തി വിരോധത്തിന്റെ പേരിൽ നേതാക്കന്മാരെ ഒരു ഘടകത്തിലും മാറ്റിനിർത്തില്ല.

കെപിസിസി പുനഃസംഘടനയിൽ മാത്രമല്ല ഡിസിസി ഭാരവാഹികൾക്കും താഴെ തട്ടിലെ നേതാക്കൾക്കും എല്ലാം ഈ നിർദ്ദേശങ്ങൾ ബാധകമാണ്. സാമൂഹിക വിരുദ്ധർ പാർട്ടി സ്ഥാനങ്ങളിൽ എത്തുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. വിവാദങ്ങളിൽ കുടുക്കുന്നവരെ അതിവേഗം പാർട്ടിക്ക് പുറത്താക്കും. ഇതിന് വേണ്ടി കൂടിയാണ് മാർഗ്ഗ നിർദ്ദേശം താഴെ തട്ടിൽ ചർച്ചയാക്കുന്നത്.

തിരഞ്ഞെടുപ്പുകളിൽ നിസ്സംഗത പാലിക്കുകയോ എതിരായി പ്രവർത്തിക്കുകയോ ചെയ്യുന്ന പ്രവർത്തകരെ കണ്ടെത്തി നടപടി സ്വീകരിക്കണം. ഓരോ ബൂത്തിനും കീഴിൽ ഒരു കുടുംബ ഡയറി തയാറാക്കണം. ഒരു വീട്ടിലെ ആരെല്ലാം കോൺഗ്രസിന്റെ ഭാഗമാണ്, മറ്റുള്ള പാർട്ടികളുടെ ഭാഗമാണ് എന്നതെല്ലാം ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്. താഴെ തട്ടിൽ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമാണ്. സാധാരണക്കാരേയും കടക്കാരേയും ശത്രുക്കളാക്കുന്ന ഒന്നും ചെയ്യരുത്. ഗാന്ധിയൻ ആദർശങ്ങളിലേക്ക് കോൺഗ്രസ് മടങ്ങുന്നതിന്റെ സൂചനയാണ് മാർഗ്ഗ നിർദ്ദേശത്തിലുള്ളത്.

മദ്യപാനം, പുകവലി, ചീട്ടുകളി തുടങ്ങിയവ പാർട്ടി ഓഫിസുകളിൽ പാടില്ലെന്നും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയുള്ള പിരിവ്, പ്രതികാര രാഷ്ട്രീയം എന്നിവ അനുവദിക്കില്ല. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഫോൺ സംഭാഷണവും മാന്യതയുടെ അതിർവരമ്പ് ലംഘിക്കുന്നതാകരുതെന്നും പറയുന്നു. വ്യക്തിപൂജയും ഇനി കോൺഗ്രസിൽ ഉണ്ടാകില്ല. വ്യക്തിക്കപ്പുറം പാർട്ടിയാണ് വലുതെന്ന സന്ദേശം അണികളിലേക്ക് നൽകാനാണ് തീരുമാനം.

ജില്ലാ, സംസ്ഥാന ജാഥകൾക്കു വ്യക്തിപരമായി ആശംസ നേരുന്ന ഫ്‌ളെക്‌സ് പാടില്ല. പകരം ഔദ്യോഗിക കമ്മിറ്റിയുടെ പേരിലാവണം. എല്ലാ പാർട്ടി പരിപാടികൾക്കും ഗാന്ധിജിയുടെ ചിത്രം നിർബന്ധമായി ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഗാന്ധിസത്തിലേക്ക് തിരികെ പോകാൻ വേണ്ടിയാണ് ഇത്. കോൺഗ്രസ് പ്രവർത്തകർക്കു സുരക്ഷിതത്വ ബോധം നൽകണം. കേസുകൾ വന്നാൽ അതു നടത്താനുള്ള സംവിധാനം അവർക്കായി ഏർപ്പെടുത്തണം. വ്യക്തികളുടെ പിരിവുകൾ ഒഴിവാക്കണമെന്നും സുധാകരൻ പറയുന്നു.