- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൈയിൽ കൊടുക്കാതെ ഇമെയിലിൽ പട്ടിക കൈമാറിയത് താരിഖ് അൻവറിന് പിടിച്ചില്ല; കെപിസിസി പുനഃസംഘടനാ പട്ടിക സോണിയാ ഗാന്ധിക്ക് കൊടുക്കാതെ 'സൂപ്പർ ഹൈക്കമാണ്ട്' ചമഞ്ഞ് ജനറൽ സെക്രട്ടറി; തേടുന്നത് എവി ഗോപിനാഥിനേയും സുഗതനേയും വെട്ടാനുള്ള സാധ്യത
ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതിന് പിന്നിൽ 'ഡൽഹി' അട്ടിമറി. സംസ്ഥാന നേതൃത്വം ഇ മെയിൽ വഴി അയച്ച പട്ടിക കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കൈമാറിയിട്ടില്ല. സാധാരണ പട്ടിക കൈയിൽ കൊടുക്കുകയാണ് പതിവ്. എന്നാൽ ഇമെയിൽ വഴി അയച്ചത് താരിഖ് അൻവറിനെ ചൊടുപ്പിച്ചെന്നാണ് സൂചന. കെ സുധാകരന്റെ ഏകാധിപത്യ ശൈലിയിലും താരിഖ് അൻവറിന് പരാതിയുണ്ടെന്നാണ് സൂചന. ഈ വിവാദത്തിൽ പക്ഷം പിടിക്കാതെ മാറി നിൽക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
പട്ടിക വൈകുന്നതിൽ കെപിസിസിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മുതിർന്ന നേതാവ് എകെ ആന്റണിയെ അറിയിക്കാനാണ് തീരുമാനം. താരിഖ് അൻവർ പട്ടിക വൈകിപ്പിക്കുന്നതിന്റെ കാരണം ആർക്കും അറിയില്ല. ജംബോ കമ്മറ്റി വേണമെന്ന അഭിപ്രായം താരിഖ് അൻവറിനുണ്ടെന്നാണ് സൂചന. ഗ്രൂപ്പ് പോര് പരമാവധി കൂട്ടാനേ പട്ടിക വൈകിക്കലിലൂടെ സാധിക്കൂവെന്ന വിമർശനവും ഉണ്ട്. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ കുറിപ്പ് സഹിതമാണു പട്ടിക കൈമാറുക. ലഭിച്ചാലുടൻ സോണിയ അംഗീകാരം നൽകുമെന്നാണു വിവരം. ഈയാഴ്ച തന്നെ പുറത്തിറക്കാനാണു ശ്രമമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
സാധാരണ നിലയിൽ കെപിസിസി പട്ടിക കൈമാറിയിൽ പിന്നെ വൈകേണ്ട ആവശ്യമില്ല. ഇത്തവണ ചർച്ചകളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ഏറ്റുമുട്ടലിന് ഇല്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിശദീകരിക്കുകയും ചെയ്തു. എന്നിട്ടും തീരുമാനം വൈകി. ഇപ്പോൾ അവരും എതിർപ്പുമായി വന്നു. ഈ സാഹചര്യത്തിൽ ഹൈക്കമാണ്ട് നോമിനികൾ പട്ടികയിൽ ഇടം നേടുമോ എന്ന ആശങ്കയേയും ഇത് സജീവമാക്കുന്നു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇനിയും പൂർണ്ണമായും പരിഹരിച്ചില്ലെന്ന് സൂചനയാണ് ഇത് നൽകുന്നത്. സുധാകരനെ പ്രകോപിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം എന്നാണ് സൂചന.
വൈസ് പ്രസിഡന്റായി പാലക്കാട് നിന്നുള്ള എവി ഗോപിനാഥിനെ പരിഗണിക്കുന്നുണ്ട്. ട്രഷററായി ഡി സുഗതനേയും. ഇരുവരും സുധാകരന്റെ അനുയായികളാണ്. ഇതിനൊപ്പം അജയ് തറയിലിനെ ജനറൽ സെക്രട്ടറിയാക്കാനാണ് സുധാകരന്റെ തീരുമാനം. ഇതിനെ വെട്ടാനാണ് താരിഖ് അൻവറിന്റെ ശ്രമം എന്നാണ് സൂചന. ഹൈക്കമാൻഡിനെ അതൃപ്തിയറിയിക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചിട്ടുണ്ട്. പദവി ദുരുപയോഗം ചെയ്ത് പുനഃസംഘടനയിൽ അനർഹമായ ഇടപെടൽ നടത്തുന്നുവെന്നാണ് ആക്ഷേപം.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് ആവർത്തിക്കുമ്പോഴും പുനഃസംഘടനയിൽ കെ സി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും ആക്ഷേപം. ആലപ്പുഴയിൽ കെപിസിസി അംഗമല്ലാത്തയാൾക്ക് വേണ്ടി പോലും കെ സി വേണുഗോപാൽ വാദിക്കുന്നുവെന്നാണ് ഇരുവരുടെയും പരാതി. പുനഃസംഘടനയിൽ സാമുദായിക സമവാക്യം പാലിക്കുന്നില്ലെന്ന ആക്ഷേപവും ഇരുവരും ഹൈക്കമാൻഡിനെ അറിയിക്കും. പുനഃസംഘടനയിൽ പരിഗണിക്കുന്നില്ലെന്നറിഞ്ഞതോടെയാണ് ഡി സുഗതൻ, വി എസ് ശിവകുമാർ തുടങ്ങിയ നേതാക്കൾ സമ്മർദ്ദവുമായി രംഗത്തെത്തിയത്.എന്നാൽ രാജി ഭീഷണി മുഴക്കിയ വി എസ് ശിവകുമാറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നും തീരുമാനിച്ചു. പാർട്ടി വിടുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് ശിവകുമാർ പ്രതികരിച്ചു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്ക് പരിഗണിച്ചിരുന്ന രമണി പി നായരെ ചില പരാതികളെ തുടർന്ന് അവസാന വട്ട ചർച്ചകളിൽ ഒഴിവാക്കിയെന്ന സൂചനയുമുണ്ട്.
ഇതെല്ലാം സുധാകരൻ അംഗീകരിക്കുമോ എന്നതാണ് പ്രധാനം. ഇല്ലെങ്കിൽ പൊട്ടിത്തെറികളിലേക്ക് കാര്യങ്ങൾ എത്തും. മുൻ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എംപി വിൻസന്റിനും യു.രാജീവനും ഇളവ് നൽകില്ല. പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും. ബിന്ദു കൃഷ്ണയെ പരിഗണിക്കില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി.നായരും മഹിളാ കോൺഗ്രസ് നേതാവ് അഡ്വ: ഫാത്തിമ റോസ്നയും ജനറൽ സെക്രട്ടറിമാരാകും എന്നീ ഫോർമുകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ 51 അംഗ പട്ടികയിൽ തീരുമാനം ഇന്നുണ്ടാകില്ലെന്നാണ് സൂചന. ശിവദാസൻ നായരും, വി പി സജീന്ദ്രനും ജനറൽ സെക്രട്ടറിമാരാകും.
വിൻസന്റിനും രാജീവനും ഒന്നര വർഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്താണ് അവർക്ക് ഇളവ് നൽകാൻ തീരുമാനിച്ചത്. പക്ഷേ അക്കാര്യത്തിൽ വലിയ എതിർപ്പാണ് ഗ്രൂപ്പുകളിൽ നിന്നുണ്ടായത്. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച നടത്തുകയും ആ തീരുമാനം പിൻവലിക്കുകയുമായിരുന്നു. പതിവ് അസ്വാര്യസങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെ കെപിസിസി പുനഃസംഘടന ചർച്ചകൾ പൂർത്തിയാക്കാനായെന്ന് സംസ്ഥാന നേതൃത്വം ആശ്വസിച്ചിരുന്നപ്പോഴാണ് താരിഖ് അൻവറിന്റെ കളികൾ.
നേരത്തെ തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും മുല്ലപ്പള്ളിയും പരാതി പറഞ്ഞതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി. എം പി വിൻസെന്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപ്പെടുത്തുന്നതിൽ തർക്കം മുറുകി.. ഇവർക്ക് വേണ്ടി മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറച്ച നിലപാട് സ്വീകരിച്ചു. രാജീവൻ മാസ്റ്റർ, എം പി വിൻസന്റ് എന്നീ മുൻ ഡിസിസി അധ്യക്ഷന്മാരെ ഒഴിവാക്കിയാണ് പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്.
അതേസമയം,, കെപിസിസി പുനഃസംഘടനയിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ഇടപെട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിശദീകരിച്ചു. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. നേരത്തെ ജംബോ കമ്മറ്റിക്കായി കെസി വാദിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇത് സുധാകരൻ സമ്മതിച്ചില്ലെന്നും അഭ്യൂഹമെത്തി. ഏതായാലും 51 പേരുടെ പട്ടിക മാത്രമേ ഇത്തവണ പ്രഖ്യാപിക്കൂവെന്ന് ഉറപ്പായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ