കോഴിക്കോട്: പാർട്ടി പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ തിരുവള്ളൂർ മുരളിയുടെ പുതുക്കിയ മെമ്പർഷിപ്പ് സസ്‌പെന്റ് ചെയ്ത് കെ പി സി സി പ്രസിഡന്റ്. കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുടെ പരാതിയെ തുടർന്നാണ് തിരുവള്ളൂർ മുരളിയുടെ പുതുക്കിയ അംഗത്വം സസ്‌പെന്റ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

എന്നും വിവാദങ്ങളുടെ തോഴനായിരുന്നു യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ഡിസിസി മുൻ ജനറൽ സെക്രട്ടറിയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തിരുവള്ളൂർ മുരളി. 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എ ഐ സി സി നൽകിയ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കാണാതായ സംഭവത്തിൽ ആരോപണ വിധേയനായിരുന്നു മുരളി. രമേശ് ചെന്നിത്തലയെ വിമർശിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായ മുരളി കേരള കാമരാജ് കോൺഗ്രസിൽ ചേരുകയും ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

ഇതിനിടയിൽ പോക്‌സോ കേസിലും ഇദ്ദേഹം പ്രതിയായി. എൻഡിഎയിൽ നിന്ന് പുറത്തുവന്ന് കേരള കാമരാജ് കോൺഗ്രസ് എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനിടയിലാണ് മുരളിയെ പോക്‌സോ കേസിൽ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന മുരളിയെ ഏകപക്ഷീയമായി കോൺഗ്രസിലേക്ക് തിരിച്ചെടുത്ത കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നടപടിക്കെതിരെ കോഴിക്കോട് ജില്ലയിൽ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നത്.

സുധാകരൻ കെ പി സി സി പ്രസിഡന്റായതോടെ പാർട്ടിയിലേക്ക് തിരിച്ചെത്താൻ തിരുവള്ളൂർ മുരളി തീവ്രശ്രമം നടത്തിവരികയായിരുന്നു. ഇത് തിരിച്ചറിഞ്ഞ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും കെപിസിസിയോടും ഡിസിസിയോടും മുരളിയെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രവർത്തകരുടെ വികാരം മാനിക്കാതെ ഏകപക്ഷീയമായി മുരളിയെ തിരിച്ചെടുക്കുകയാണ് കെ സുധാകരൻ ചെയ്തത്. മുരളിയും സഹപ്രവർത്തകരും സുധാകരന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുരളിക്ക് കോൺഗ്രസ് അംഗത്വവും ഒപ്പം അംഗങ്ങളെ ചേർക്കുന്നതിനുള്ള ചീഫ് എന്റോളർ തസ്തികയും നൽകിയിരുന്നു.

വടകരയിൽ കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നത്. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ആദ്യഘട്ടത്തിൽ വടകരയിലെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ രാജിവെയ്ക്കും. തുടർന്ന് പഞ്ചായത്ത് തലത്തിലും ഭാരവാഹികൾ രാജിവെച്ച് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മുരളി ഇപ്പോഴും കാമരാജ് കോൺഗ്രസ്സിന്റെ വർക്കിങ് പ്രസിഡന്റാണെന്നും അങ്ങിനെയുള്ള ഒരാളെ കോൺഗ്രസ്സിൽ അംഗമാക്കിയതും അംഗങ്ങളെ ചേർക്കാനുള്ള ചുമതല നൽകിയതും ഒരുവിധത്തിലും അംഗീകരിക്കില്ലെന്നുമാണ് യോഗം പ്രഖ്യാപിച്ചത്.

മുരളിക്ക് അംഗത്വം നൽകിയ നടപടി കോഴിക്കോട് ഡിസിസി യോഗത്തിലും വിമർശനത്തിന് ഇടയാക്കിയിരുന്നു. കോൺഗ്രസ്സിനെ തള്ളിപ്പറഞ്ഞ് പുറത്തുപോയ മുരളിയെ തിരിച്ചെടുത്തത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് ഡിസിസി ഭാരവാഹികളായ നിജേഷ് അരവിന്ദും ടി കെ രാജേന്ദ്രനും ചോദിച്ചിരുന്നു. രമേശ് ചെന്നിത്തലയെ പരസ്യമായി ആക്ഷേപിച്ചും തള്ളിപ്പറഞ്ഞും പുറത്തുപോയ മുരളിയെ ഡിസിസിയുടേയോ പ്രാദേശിക നേതൃത്വത്തിന്റേയോ അറിവോ അനുമതിയോ ഇല്ലാതെയാണ് കെപിസിസി അധ്യക്ഷൻ തിരിച്ചെടുത്തിരിക്കുന്നത്. ഇത് അംഗീകരിക്കരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇതേ തുടർന്നാണ് മെമ്പർഷിപ്പ് സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം.

ചെന്നിത്തലയുമായുള്ള പ്രശ്‌നങ്ങളെത്തുടർന്ന് 2016 ലാണ് മുരളി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെടുന്നത്. വളരെ മോശമായ ഭാഷയിൽ ചെന്നിത്തലയെ വിമർശിച്ചതിനെത്തുടർന്നാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. തുടർന്ന് കേരള കാമരാജ് കോൺഗ്രസിൽ ചേരുകയും സംസ്ഥാന വർക്കിങ് പ്രസിഡന്റാവുകയും ചെയ്തു. പിന്നീട് മുരളിയുടെ നേതൃത്വത്തിൽ കാമരാജ് കോൺഗ്രസിൽ ഒരു വിഭാഗം ബിജെപി ബന്ധം ഉപേക്ഷിക്കുകയും എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

ഇതിനിടയിലാണ് പോക്‌സോ കേസിൽ ഇദ്ദേഹം അറസ്റ്റിലാവുന്നത്. പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നതായിരുന്നു മുരളിക്കെതിരെയുള്ള പരാതി. പേരാമ്പ്രക്കടുത്ത് എരവട്ടൂർ കുണ്ടുങ്കര മുക്കിൽ നിർമ്മിക്കുന്ന ഫ്‌ളോർ മില്ലിനായി ജെസിബി ഉപയോഗിച്ച് കുഴിയെടുത്തിരുന്നു. ഇത് കാണാനെത്തിയ കുട്ടിയെ മുരളി ബലമായി കാറിൽ കയറ്റി ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയെന്നാണ് പരാതി. ഇതോടെ എൽഡിഎഫിലേക്കുള്ള വഴിയും അടഞ്ഞ മുരളി തന്റെ പഴയ നേതാവായ കെ സുധാകരനെ സ്വാധീനിച്ച് പാർട്ടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

2009 ൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി നൽകിയ ഫണ്ടുമായി കേരളത്തിലേക്ക് വന്നത് മുരളിയായിരുന്നു. ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന അമ്പത് ലക്ഷത്തിൽ നിന്നാണ് 25 ലക്ഷം രൂപ കാണാതെ പോയത്. ട്രെയിനിൽ വെച്ച് പണം മോഷ്ടിക്കപ്പെട്ടു എന്നതായിരുന്നു മുരളിയുടെ വാദം. പണം മോഷ്ടിക്കപ്പെട്ടു എന്ന് കാണിച്ച് മുരളി പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീടത് പിൻവലിച്ചു. കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരമാണ് താൻ പരാതി പിൻവലിച്ചതെന്ന് മുരളി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

25 ലക്ഷം രൂപ എവിടെയാണ് പോയതെന്ന് താൻ തുറന്നു പറഞ്ഞാൽ പല കോൺഗ്രസ് നേതാക്കളും നാണം കെടുമെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം മുരളി പറഞ്ഞിരുന്നു. അയൽവാസിയായ സ്ത്രീയെ ആക്രമിച്ചെന്ന പരാതിയിലും മുരളി അറസ്റ്റിലായിരുന്നു. ഒരു സ്ത്രീക്കൊപ്പം അനാശാസ്യം ആരോപിച്ച് മുരളിയെ നാട്ടുകാർ പിടികൂടിയ സംഭവവും ഉണ്ടായിരുന്നു.