- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പത്ത് സതീശൻ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാൻ കഴിയില്ല': വീട്ടിലെത്തി പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങാതെ മുതിർന്ന നേതാവ്; താരിഖ് അൻവർ ഇടപെട്ടതോടെ അതിവേഗം ഉണർന്ന് സുധാകരനും സതീശനും
തിരുവനന്തപുരം: വി എം.സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സുധീരനെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കണ്ടെങ്കിലും നിലപാട് മാറ്റാൻ സുധീരൻ തയ്യാറായില്ല. നിലപാട് എടുത്താൽ അതിൽ നിന്നും പിൻവാങ്ങാത്തയാളാണ് സുധീരൻ എന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.സുധീരനുമായി ചർച്ച നടത്തുമെന്നും രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പറഞ്ഞു.
'ഏത് കാലത്താണ് സുധീരൻ സ്വന്തം നിലപാടിൽ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നിൽക്കുന്ന എന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷണിക്കണം എന്ന് പറയാൻ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരൻ, പത്ത് സതീശൻ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാൻ കഴിയില്ല.' കൂടിക്കാഴ്ച്ചക്ക് ശേഷം സതീശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സുധീരന്റെ നിലപാടുകൾ എന്നേക്കാൾ നന്നായിട്ട് നിങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ നിലപാട് മാറ്റുകയെന്നത് എളുപ്പമല്ല. എന്നെ ഒരുപക്ഷെ ഇടപെടലിലൂടെ മാറ്റിയേക്കാം. ഞാൻ അദ്ദേഹത്തിന്റെ നിലപാട് മാറ്റാൻ പോയതല്ല. സംഘടനാ കാര്യങ്ങൾ സംസാരിച്ചു. എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് സുധീരൻ വ്യക്തമാക്കിയെന്നും സതീശൻ കൂട്ടിചേർത്തു. പുനഃസംഘടനയിൽ മതിയായ ചർച്ച ഉണ്ടായില്ലെന്ന നിലപാട് തന്നെയാണ് സുധീരന് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും രാജി വച്ച തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിഡി സതീശൻ സുധീരനെ വീട്ടിലെത്തി കണ്ടത്.
രാജി ഏത് സാഹചര്യത്തിലായാലും പിൻവലിക്കാൻ വി എം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു. വി എം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ കേട്ട ശേഷം പരിഹരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ നേരിട്ട് കാണാൻ ശ്രമിക്കുകയാണ്. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ അറിയേണ്ടതല്ലെന്നും മാധ്യമപ്രവർത്തകരോട് സുധാകരൻ വിശദീകരിച്ചു.
ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് കത്ത് സുധീരൻ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുൻ കെപിസിസി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള തന്നെ പാർട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് രാജി. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിൽ ഹൈക്കമാന്റിൽ അതൃപ്തി അറിയിച്ചിരുന്നു. ആരോഗ്യകാരണങ്ങളാലാണ് സുധീരൻ രാജിവച്ചതെന്നായിരുന്നു കഴിഞ്ഞദിവസം സുധാകരൻ പറഞ്ഞത്. സുധീരനു പരാതികളുണ്ടെന്ന കാര്യം സുധാകരൻ സമ്മതിച്ചു. പിന്നാലെ സതീശൻ സുധീരന്റെ വീട്ടിലെത്തി. ഇരുവരും അടച്ചിട്ട മുറിയിൽ ദീർഘനേരം സംസാരിച്ചു. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി ചില നേതാക്കൾ തമ്മിൽ കൂടിയാലോചനകൾ നടത്തുന്നതിലെ അതൃപ്തി സുധീരൻ തുറന്നു പറഞ്ഞെന്നാണു സൂചന.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ സുധീരന് പിന്തുണയുമായി രംഗത്തെത്തി. സുധീരനുമായും മുതിർന്ന നേതാക്കളുമായും താൻ ചർച്ച നടത്തുമെന്ന് താരിഖ് അൻവർ പ്രതികരിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ സുധീരൻ വേണ്ടത് അനിവാര്യമെന്ന് ചെന്നിത്തല പ്രതികരിച്ചു. സുധീരന്റെ രാജി ദൗർഭാഗ്യകരമെന്നും കൂടിയാലോചന ഇല്ലെന്ന പരാതി നേതൃത്വം ചർച്ച ചെയ്യണമെന്നും യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ