തിരുവനന്തപുരം: ആ നല്ല കാലമെല്ലാം പോയി. അങ്ങനെയൊരു കാലമുണ്ടായിരുന്നു. മുതലാളിമാർ നല്ല പളപളപ്പൻ കാറുകളിൽ ഇന്ദിരാഭാവന്റെ മുമ്പിൽ കാത്തുകെട്ടി കിടന്ന കാലം. യുപിഎ ഭരണകാലത്ത് എന്തായിരുന്നു പൂരം? വിരലൊന്ന് ഞൊടിച്ചാൽ മതി തിരഞ്ഞെടുപ്പ് ഫണ്ടായാലും, പാർട്ടി ഫണ്ടായാലും സംഗതി കുശാൽ.

കാലം മാറി കഥമാറി.44 ലോകസഭാ സീറ്റുള്ളുള്ള കോൺഗ്രസ് നാല് സംസ്്ഥാനത്തായി ചുരുങ്ങിയിരിക്കുന്നു. ബിജെപിയുടെ ഭരണം 19 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചു. ഇന്ത്യ ഭരിക്കാൻ ഇനി അടുത്തകാലത്തൊന്നും ഇനി തങ്ങൾക്കാവില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു നേതാക്കന്മാരും അണികളും.

കേന്ദ്രത്തിലും പിടിയില്ല, കേരളത്തിലാണെങ്കിൽ ഇടതന്മാരുടെ ഭരണവും. മുണ്ടുമുറുക്കിയുടുക്കേണ്ട സ്ഥിതി. പഴയ പോലെ ഒന്നിനും ചുമ്മാ ആളെ കിട്ടുകയുമില്ല. സുന്ദരസുരഭിലമായ ആ സേവനത്തിന്റെ നല്ല നാളുകളൊക്കെ ഇന്നൊരു സ്വപ്‌നം മാത്രം. ഒടുവിൽ ഗതികെട്ടാണ്് കെപിസിസി ആ തീരുമാനം എടുത്തത്. നിത്യചെലവിനായി ഒരു ഫണ്ട് സമാഹരണയാത്ര. ഏപ്രിലിൽ കെപിസിസി. അധ്യക്ഷൻ എം.എം. ഹസന്റെ നേതൃത്വത്തിൽ കാസർകോട്ട് നിന്നു തിരുവനന്തപുരത്തേക്കാണു യാത്ര. ഡി.സി.സികളെ ഉഷാറാക്കാൻ പരിപാടി തുടങ്ങി.

പിരിക്കാൻ കമ്മിറ്റികൾക്കും, പ്രവർത്തകർക്കും ഒരു ഉൽസാഹം വേണമല്ലോ. ഓരോ ബൂത്ത് കമ്മിറ്റിയും കുറഞ്ഞത് അരലക്ഷം രൂപ പിരിക്കണം. ഇതിൽ 25,000 രൂപ കെപിസിസിക്കു നൽകണം. ബാക്കി ബൂത്ത് കമ്മിറ്റികൾക്കെടുക്കാം. പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ എ.ഐ.സി.സി. നിർദ്ദേശിച്ചിരുന്നു. ഓരോ പാർലമെന്റ് മണ്ഡലത്തിന്റെയും ചുമതല മുതിർന്ന നേതാക്കൾക്കു നൽകി പ്രചാരണപ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു നിർദ്ദേശം.

എന്നാൽ കാശില്ലാത്തതുകൊണ്ട് ഇതു നടപ്പില്ലെന്ന് കെപിസിസി. യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണു ഫണ്ട് സമാഹരണത്തിനു യാത്ര നടത്താൻ തീരുമാനിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പടയൊരുക്കം യാത്ര നടത്തിയെങ്കിലും അതിന്റെ പേരിൽ ഫണ്ട് പിരിച്ചിരുന്നില്ല. ആദർശധീരനായ വി എം. സുധീരൻ കെപിസിസി. അധ്യക്ഷനായതോടെയാണു കെപിസിസിയിലേക്കു ഫണ്ട് വരവ് നിലച്ചത്.

സുധീരനെ എതിർക്കുന്ന ഗ്രൂപ്പ് മാനേജർമാർ സാമ്പത്തികസ്രോതസുകൾ അടച്ചതോടെ ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. പാർട്ടിയുടെ സാമ്പത്തികസ്ഥിതി പരുങ്ങലിലാണെന്നു മനസിലാക്കിയ കോൺഗ്രസ് അനുഭാവിയും മലപ്പുറം സ്വദേശിയുമായ വ്യവസായി ഫണ്ട് നൽകാൻ തയാറായി.എന്നാൽ, ഇതു കൈപ്പറ്റാൻ സുധീരൻ തയാറായില്ല. തുടർന്ന് രണ്ടുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. കെപിസിസിക്കായി ഫണ്ട് ശേഖരണം നടത്തിയിരുന്ന പ്രമുഖനേതാക്കളെല്ലാം സുധീരൻ അധ്യക്ഷനായതോടെ പിൻവലിഞ്ഞിരുന്നു.

പാർട്ടി ഫണ്ട് ചോദിച്ചുവാങ്ങാൻ സുധീരനും വിമുഖത കാട്ടി. ഇതിനിടെ ഉള്ള ഫണ്ടിൽന ിന്നു 10 ലക്ഷം രൂപ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സഹായധനമായി നൽകി. ഇന്ദിരാഭവനിലെ വൈദ്യുതി ചാർജ് അടയ്ക്കാൻവരെ ബുദ്ധിമുട്ടുമ്പോളായിരുന്നു ഇത്. പാർട്ടി ഖജനാവ് കാലിയായതു ദൈനംദിനപ്രവർത്തനങ്ങളെ ബാധിച്ചു. ഹസൻ പ്രസിഡന്റായശേഷവും ഫണ്ട് വരവിൽ നേട്ടമുണ്ടായില്ല.ഇതോടെയാണ് കൈവിട്ടുപോയ സുവർണകാലം തിരിച്ചുപിടിക്കാൻ ആയില്ലെങ്കിലും ഒരുകൈനോക്കാൻ കെപിസിസി തീരുമാനിച്ചത്. അതുകൊണ്ട് വീണ്ടും പുറപ്പെടുകയാണ് കാസർകോട്ട് നിന്നും ഒരു യാത്ര. വല്ലതും തരണേയെന്ന് അഭ്യർത്ഥനയോടെ.ഇക്കാലമൊക്കെ മാറും. നമുക്കും ഒരുകാലം വരും എന്നാണ് കെപിസിസിയുടെ പുതിയ മോട്ടിവേഷണൽ മുദ്രാവാക്യം