- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനിയും വിഘടിച്ചു നിന്നിട്ടു സമുദായത്തിന് കാര്യമില്ല; സുവർണ ജൂബിലി വർഷത്തിൽ കെപിഎംഎസ് ഒറ്റക്കെട്ടായി കരുത്തു തെളിയിക്കും; പുന്നല- ടിവി ബാബു വിഭാഗങ്ങളുടെ ലയനത്തിന് അംഗീകാരം; കോവിഡിന് ശേഷം ലയനസമ്മേളനം നടക്കുമെന്ന് പുന്നല ശ്രീകുമാർ
തിരുവനന്തപുരം: കെപിഎംഎസിന്റെ വിഭാഗിയകാലം അവസാനിക്കുന്നു. പുന്നല- ടിവി ബാബു വിഭാഗങ്ങൾ തമ്മിൽ ഒന്നിക്കാൻ തീരുമാനം. സംഘടനയുടെ സുവർണജൂബിലി ആചരിക്കുന്ന ഈ വർഷം ഒരു കെപിഎംഎസ് മാത്രമെ ഉണ്ടാകുകയുള്ളുവെന്ന് നേതാക്കൾ അറിയിച്ചു.
സെപ്റ്റംബർ മൂന്നാം തീയതി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച പ്രാഥമികതീരുമാനമുണ്ടായത്. തുടർന്ന് ടിവി ബാബു പക്ഷം യോഗം ചേർന്ന് ലയനത്തിന് അംഗീകാരം നൽകുകയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് കൂടിയ സംയുക്തയോഗം ലയനസമ്മേളനം സംബന്ധിച്ച് തീരുമാനങ്ങളെടുത്തു. രണ്ട് സംഘടനകളുടെയും ജനറൽ സെക്രട്ടറിമാരായ പുന്നല ശ്രീകുമാറും തുറവൂർ സുരേഷുമാണ് ലയനചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ചർച്ചയിൽ ഇരുവിഭാഗങ്ങളുടെയും നേതാക്കളായ പി.സി. രഘു, എൽ. രമേശൻ, എം ടി. മോഹനൻ, എൻ.എൽ. വാഞ്ചു, ഒ.കെ. ബിജു, സാബു വണ്ടിത്തടം എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 11-ാം തീയതി ടിവി ബാബു വിഭാഗം ജനറൽ കൗൺസിൽ യോഗം ചേർന്ന് അവിടെ വച്ച് ലയനപ്രഖ്യാപനം നടത്തും. ലയനശേഷമുള്ള ഭാരവാഹിത്വങ്ങൾ കോഴിക്കോട് നടക്കുന്ന സുവർണ ജൂബിലി സമ്മേളനത്തിൽ തീരുമാനിക്കുമെന്നും കെപിഎംഎസ് നേതാക്കൾ അറിയിച്ചു. മലബാർ സംഗമം എന്ന് പേരിട്ടിരിക്കുന്ന വിപുലമായ സമ്മേളനത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ലക്ഷക്കണക്കിന് സമുദായംഗങ്ങൾ പങ്കെടുക്കും. കോവിഡ് നിയന്ത്രണവിധേയമായ ശേഷംമാത്രമേ സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കുകയുള്ളു.
ഒക്ടോബർ മാസം ഇരുവിഭാഗങ്ങളും സംയുക്തഅംഗത്വാചരണം ആരംഭിക്കും. ശാഖാ സമ്മേളനവും യൂണിറ്റ് സമ്മേളനവും സംസ്ഥാന സമ്മേളനവും കഴിയുമ്പോഴേയ്ക്കും രണ്ട് വിഭാഗങ്ങളും എല്ലാ തലങ്ങളിലും ഒന്നായിക്കഴിയും. 2010 ഏപ്രിൽ 24-ന് ഭിന്നിച്ചുപോയവരാണ് ഇപ്പോൾ ഒന്നാകുന്നത്. പുന്നല ശ്രീകുമാർ ഇടതുപക്ഷത്തും ടി.വി. ബാബു വിഭാഗം ബി.ഡി.ജെ.എസിൽ ചേർന്നുമാണ് പ്രവർത്തിച്ചിരുന്നത്. കുറച്ചുനാൾ മുൻപ് ബാബുവും കൂട്ടരും ബി.ഡി.ജെ.എസിൽനിന്നു പുറത്തെത്തിയിരുന്നു.
പിളർപ്പിലൂടെ സംഘടന ക്ഷീണിക്കുന്നുണ്ടെന്ന തിരിച്ചറിവോടെയാണ് ഇരുവിഭാഗങ്ങളും ഒന്നിക്കാൻ തീരുമാനിച്ചത്. ഇരുവിഭാഗങ്ങളായി നിൽക്കുന്നതോടെ സർക്കാരിൽ നിന്നും അർഹതപ്പെട്ട ആനുകൂല്യങ്ങളൊന്നും സമുദായത്തിന് ലഭിക്കുന്നില്ലെന്നും ഇവർ തിരിച്ചറിയുന്നു. ടിവി ബാബുവിന്റെ മരണത്തോടെ ഒരു വിഭാഗം അനാഥമായതും ലയനത്തിന്റെ കാരണങ്ങളിലൊന്നായി. ഏകീകൃത കെപിഎംഎസിന്റെ രാഷ്ട്രീയനിലപാട് അടക്കമുള്ള കാര്യങ്ങൾ സംയുക്ത വാർത്താസമ്മേളനം ഉടൻ വിളിച്ച് പ്രഖ്യാപിക്കും.
മറുനാടന് മലയാളി ബ്യൂറോ