തിരുവനന്തപുരം: കേരളത്തിൽ വർഗീയ ശക്തികൾക്ക് നിലനിൽപ്പില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാവിലെ കെപിസിസി ആസ്ഥാനത്ത് ചേർന്ന യോഗത്തിനു ശേഷമാണ് പാർട്ടി അധ്യക്ഷൻ വി.എസും സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കേരളത്തിനെ വർഗീയ കൂട്ടുകെട്ടിൽ കൊണ്ട് എത്തിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി.. കേരളത്തിൽ വർഗീയ കക്ഷികളുടെ താത്പര്യങ്ങൾ ഒരിക്കലും നടപ്പാവില്ല. വർഗീയത മുതലാക്കി തെരഞ്ഞെടുപ്പിനെ ആരേലും നേരിടാൻ ഒരുങ്ങിയാൽ യുഡിഎഫ് ശക്തമായി ചെറുക്കും. കേരളത്തിലെ ജനങ്ങൾ നയങ്ങളെയാണ് നോക്കുന്നത് പരിപാടികളെയാണ് ശ്രദ്ധിക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അരുവിക്കരയിൽ യുഡിഎഫ് നേടിയ വിജയം തദ്ദേശതെരഞ്ഞെടുപ്പിലും ആവർത്തിക്കും-മുഖ്യമന്ത്രി പറഞ്ഞു.

തികഞ്ഞ ആത്മവിശ്വസത്തോടെയാണ് യുഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റുകൾ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വർഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നിലകൊണ്ടിട്ടുള്ളത്. 1977 ൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ കൈകോർക്കാൻ സിപിഐ(എം) ജനസംഘവുമായി സഖ്യത്തിലായപ്പോഴാണ് യു.ഡി.എഫിന് കേരളത്തിൽ ചരിത്ര വിജയമുണ്ടായത്. പൂർണ ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ യു.ഡി.എഫിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വി എം സുധീരനും വ്യക്തമാക്കി. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിൽ വിജയം നേടും. വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ ഒരു സ്ഥാനവുമില്ലെന്ന് തെളിയിക്കും. വർഗീയ അജണ്ടയുമായി കേരളത്തിന്റെ മണ്ണിൽ സ്വാധീനമുറപ്പിക്കാനുള്ള ആർ.എസ്.എസ് ബിജെപി നീക്കം വിജയിക്കില്ല.അമിത് ഷാ മോദി കമ്പനിയുടെ വർഗീയ അജണ്ട കേരളത്തിൽ പച്ചതൊടില്ലെന്നും സുധീരൻ പറഞ്ഞു. വർഗീയ ഫാസിസത്തിനും രാഷ്ട്രീയ ഫാസിസസത്തിനും എതിരായുള്ള വമ്പിച്ച പോരാട്ടമാണ് യു.ഡി.എഫും കോൺഗ്രസും നടത്തുന്നതെന്നും വമ്പിച്ച വിജയം നേടിയെടുക്കാമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും കഴിഞ്ഞ തവണത്തേത് പോലെ യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. നരേന്ദ്ര മോദിയുടേയ.ും അമിത്ഷായുടേയും ആർ.എസ്.എസിന്റേയും അജണ്ട കേരളത്തിൽ നടപ്പിലാകില്ല. കേരളത്തെ ഒരു ഭ്രാന്താലയമാക്കാനണ് മോദി ശ്രമിക്കുന്നത്. യു.ഡി.എഫിന്റേത് മതേതരത്വത്തിന്റെ രാഷ്ട്രീയമാണ്. അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ മൂന്നാം മുന്നണിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും സിപിഎമ്മും യു.ഡി.എഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.