കണ്ണൂർ: അടുക്കും ചിട്ടയിലും നടക്കുന്ന ഒരു സമ്മേളനത്തിന് കണ്ണൂർ സാക്ഷ്യം വഹിച്ചു. അതും കോൺഗ്രസ്സ് അനുകൂല അദ്ധ്യാപക സംഘടനയായ കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം. കോൺഗ്രസ്സിനും കോൺഗ്രസ്സിന്റെ മറ്റ് പോഷക സംഘടനകൾക്കോ ഒരിക്കലും സാധിക്കാത്ത കാര്യമാണ് കണ്ണൂരിലെ കെ.പി. എസ്. ടി. എ യുടെ സമ്മേളനം കുറിച്ചിടുന്നത്. അദ്ധ്യാപകരിൽ നിന്നും ജനങ്ങൾ എന്ത് പ്രതീക്ഷിക്കുന്നുവെന്നതിന്റെ അനുകരണീയമായ മറുപടിയാണ് കെ.പി.എസ്. ടി. എ യുടെ സംഘാടകർ നൽകിയത്. കേഡർ സംഘടനകൾ പോലും കണ്ടു പഠിക്കേണ്ട ഒരു സമ്മേളനത്തിന്റെ രണ്ടു ദിവസങ്ങളാണ് കണ്ണൂരിൽ കടന്നു പോയത്.

സമ്മേളനം നടക്കുന്നതിന്റെ മുന്നോടിയായി കെ.പി.എസ്.ടി.എ. പ്രവർത്തകർ മാസങ്ങൾക്കു മുമ്പ് വിവിധ സ്ഥലങ്ങളിൽ ജൈവ നെൽകൃഷിയും ജൈവ പച്ചക്കറിയും വയലുകളിലും തരിശു ഭൂമിയിലും നട്ടിരുന്നു. മുൻ നിശ്ചയ പ്രകാരം സമ്മേളന സമയമാവുമ്പോഴേക്കും കൊയ്ത്ത് നടത്തി. ഇതിനായി ഒരോ സബ്ജില്ലയിലും കലവറ വണ്ടികൾ പര്യടനം നടത്തി അരിയും പച്ചക്കറികളും ശേഖരിച്ചു. അതെല്ലാം കഴിഞ്ഞ ദിവസം സമ്മേളന നഗരിയിലെ ഊട്ടു പുരയിൽ എത്തിച്ചിരുന്നു. 1200 ഓളം വരുന്ന പ്രതിനിധികൾക്കും ക്ഷണിതാക്കൾക്കും ഭക്ഷണമൊരുക്കാൻ സ്വന്തം വിയർപ്പു കൊണ്ടു തന്നെ പ്രവർത്തകർ മാതൃകയായി.

കലോത്സവങ്ങളിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന അദ്ധ്യാപികമാരുടെ മെഗാ തിരുവാതിരയായിരുന്നു മറ്റൊരു ആകർഷണീയത. സമ്മേളനം ആരംഭിക്കുന്നതിന്റെ തലേദിവസം കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതു ജനങ്ങൾക്കു കൂടി ആസ്വദിക്കാനാവും വിധം മെഗാ തിരുവാതിര ഒരുക്കിയിരുന്നു. തീർത്തും ആചാര നിഷ്ഠയോടെ തന്നെയാണ് അദ്ധ്യാപികമാരുടെ തിരുവാതിര അരങ്ങേറിയത്. സമ്മേളന പ്രതിനിധികൾക്ക് നൽകിയത് ലളിതമായ തുണി സഞ്ചി. ബാഡ്ജും തുണിയിൽ തന്നെ തയ്യാറാക്കിയതാണ്. പൂർണ്ണമായും പരിസ്ഥിതി അനുകൂല നിലപാടാണ് സംഘാടകർ സ്വീകരിച്ചത്.

ഇന്ന് രാവിലെ സമ്മേളനം മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉത്ഘാടനം ചെയ്തു. സമയ നിഷ്ഠ കൃത്യമായി പാലിച്ചാണ് സമ്മേളനം ആരംഭിച്ചതും ഇന്ന് അവസാനിച്ചതും. രാഷ്ട്രീയ നേതാക്കൾ ഭരണ കക്ഷിക്കെതിരെ രാഷ്ട്രീയമായി ആരോപണം നിരത്തി ആക്രമിച്ചു. എന്നാൽ കെ.പി.എസ്. ടി. എ. സംസ്ഥാന പ്രസിഡണ്ട് പി. ഹരിഗോവിന്ദനും മറ്റ് ഭാരവാഹികളും വിദ്യാഭ്യാസ അവകാശ നിയമത്തിലും കെ.ഇ. ആർ പരിഷ്‌ക്കരണത്തിലും ഊന്നി പ്രസംഗിക്കുകയും ക്രിയാത്മക വിമർശനം നടത്തുകയുമാണ് ചെയ്തത്.

സമ്മേളനത്തിന്റെ പ്രചാരണത്തിൽ മൺമറഞ്ഞു പോയ ദേശീയ നേതാക്കളുടെ ഛായാ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഗാന്ധിയൻ ഗ്രന്ഥങ്ങളുടെ നിരയും ഗാന്ധിയൻ ചിത്രങ്ങളും വിൽപ്പനക്കായി വെച്ചിരുന്നു. വൈകീട്ട് നടന്ന പ്രകടനവും കൃത്യ സമയത്ത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തു. സംഘാടക മികവിന് കെ.പി.എസ്.ടി.എക്ക് എ. പ്ലസ് നൽകാം.