- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സാമൂഹ്യ ചരിത്രത്തിൽ വഴിത്തിരിവായ ഭൂപരിഷ്ക്കരണ നിയമത്തിന്റെ ശിൽപ്പി; നിയമം നടപ്പാക്കിയപ്പോൾ സ്വന്തം പിതാവ് സർക്കാറിലേക്ക് നൽകിയത് 130 ഏക്കർ ഭൂമി; ബില്ലുകൾ നിർമ്മിച്ച് അവതരിപ്പിക്കുന്നതിൽ അസാധാരണ വൈദഗ്ധ്യം പ്രകടിപ്പിച്ച ഭരണാധികാരി; കെ ആർ ഗൗരിയമ്മ കേരളം കണ്ട ഏറ്റവും ചങ്കുറ്റമുള്ള ഭരണാധികാരി
തിരുവനന്തപുരം: കെ.ആർ ഗൗരിയമ്മയെ ചരിത്രത്തിൽ എന്നും രേഖപ്പെടുത്തുന്ന നിത്യസ്മാരകങ്ങൾ നിയമസഭയിൽ അവർ അവതരിപ്പിച്ച് പ്രാബല്യത്തിൽ വരുത്തിയ ഒരു ഡസനോളം നിയമങ്ങളാണ്. ബില്ലുകൾ നിർമ്മിച്ച് അവതരിപ്പിക്കുന്നതിലും അവ നിയമങ്ങളാകുന്നതിൽ നിർണായക ഇടപെടലുകൾ നടത്തുന്നതിലും അസാധാരണവൈദഗ്ധ്യം എന്നും വച്ചുപുലർത്തിയ മികച്ച പാർലമെന്റേറിയയായിരുന്നു ഗൗരിയമ്മ. ഈ വിപ്ലവ നായികയാണ് ഓർമ്മയാകുന്നത്. അപ്പോഴും അവരുടെ നേട്ടങ്ങൾ കേരള ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും.
1952 ലായിരുന്നു അവർ ആദ്യമായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്. തിരു- കൊച്ചി നിയമസഭയിലേക്കായിരുന്നു ആ ജയം. തോൽപ്പിച്ചത് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ പി.കെ രാമനെ. രാമന് കിട്ടിയത് 7,261 വോട്ട്. ഗൗരിയമ്മയ്ക്ക് അതിന്റെ ഇരട്ടിയോളം. പിന്നീട് 1954 ലും ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷം 1957-ലെ പ്രഥമകേരളനിയമസഭയിലും അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പ്രഥമ മന്ത്രിസഭയിലും അംഗമായി. 1952-53, 1954-56 അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു അവർ.
1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും 2001 ലെ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, വിജിലൻസ്, നിയമം ,വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി കഴിവു തെളിയിച്ചു.
1957-ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ വഴിത്തിരിവായ ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയതിൽ കെ ആർ ഗൗരിയമ്മയുടെ പങ്ക് വലുതായിരുന്നു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതയായിരുന്ന ഗൗരിയമ്മയാണ് ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തത്. ഇന്നത്തെ കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ ഭൂപരിഷ്കരണ നിയമത്തിനുള്ള പങ്ക് വളരെ വലുതായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ ഗൗരിയമ്മയുടെ പിതാവ് 130 ഏക്കർ ഭൂമിയാണ് സർക്കാരിലേക്ക് നൽകിയത്. കർഷകനായിരുന്ന പിതാവാണ് ജീവിതത്തിൽ തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് ഗൗരിയമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ അവഗണിക്കപ്പെടാനാകാത്ത പങ്കാണ് ഗൗരിയമ്മയ്ക്കുള്ളത്. പതിറ്റാണ്ടുകളോളം പാർട്ടി തന്നെയായിരുന്നു അവരുടെ ജീവിതവും. പിന്നീട് പാർട്ടിയിൽ നിന്ന് പുറത്തുപോയെങ്കിലും ഉള്ളിൽ എന്നും കമ്മ്യൂണിസ്റ്റ് തന്നെയായിരുന്നു അവർ. 1967 ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചപ്പോൾ മുൻ ഗവൺമെന്റ് പാസാക്കിയ ഭൂപരിഷ്കരണ ബില്ലിൽ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികൾ വരുത്തി നടപ്പാക്കാനും ഗൗരിയമ്മയ്ക്ക് സാധിച്ചു.
അതോടെ ജന്മിത്തം കേരളത്തിൽ നിരോധിക്കപ്പെട്ടു. മുപ്പത്തഞ്ചു ലക്ഷത്തോളം കുടിയേറ്റക്കാരും അഞ്ചുലക്ഷത്തോളം കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കർഷക തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.
ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച് പ്രാബല്യത്തിൽ വരുത്തിയ പ്രധാന നിയമങ്ങൾ:
1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിങ്ങ്സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം)
1957-ലെ ട്രാവങ്കൂർ കൊച്ചിൻ ലാന്റ് ടാക്സ് (തിരു-കൊച്ചി ഭൂനികുതി നിയമം)
1957-ലെ കേരളാ ലാൻഡ് കൺസർവൻസി ആക്റ്റ് (ഭൂസംരക്ഷണനിയമം)
1958-ലെ കേരളാ കോമ്പൻസേഷൻ ഫോർ ടെനന്റ്സ് ഇമ്പ്രൂവ്മെന്റ് ആക്റ്റ്
1958-ലെ കേരളാ ലാന്റ് റിലിംക്വിഷ്മെന്റ് ആക്റ്റ് (സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം)
1958-ലെ കേരള വെയ്റ്റ് ആൻഡ് മെഷേർസ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
1959-ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം)
1960-ലെ ജന്മിക്കരം പേയ്മെന്റ് (അബോളിഷൻ) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കൽ നിയമം)
1960-ലെ കേരളാ അഗ്രേറിയൻ റിലേഷൻ ആക്റ്റ് (പാട്ടക്കുടിയാൻ നിയമം)
1968-ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം)
1987-ലെ കേരളാ പബ്ലിക്ൾ മെൻസ് കറപ്ഷൻ (ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)
1991-ലെ വനിതാ കമ്മീഷൻ ആക്റ്റ്.
കേരളത്തിലെ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള ഒരേ ഒരു നിയമം കെഎസ്ടി ആക്ട് 1975 മറികടക്കാൻ ആന്റണി സർക്കാർ 1996ൽ ഒരു ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നു. രാഷ്ട്രപതി ആ ഓർഡിനൻസ് തിരിച്ചയച്ചു. 1999ലെ നായനാർ സർക്കാർ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാർ കൈവശം വെക്കുന്ന ആദിവാസി ഭൂമിക്ക് 5 ഏക്കർവരെ സാധുത നൽകി പകരം ഭൂമി സർക്കാർ നൽകാനും, 5 ഏക്കറിൽ കൂടുതൽ ഉള്ളത് തിരിച്ചു പിടിച്ച് നൽകാനുമായിരുന്നു ഭേദഗതി നിർദ്ദേശിച്ചിരുന്നത്. അതോടെപ്പം, 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിർദ്ദേശിച്ചു.
നിയമസഭ ഒറ്റക്കെട്ടായി നിയമം പാസാക്കിയപ്പോൾ ഗൗരിയമ്മ മാത്രം നിയമത്തെ എതിർത്തു. അത് എന്നും അങ്ങനെയായിരുന്നു. ആ ശബ്ദം എന്നും ഒറ്റയ്ക്കും ഏറ്റവും ഏറ്റവും ഉച്ചത്തിലുമായിരുന്നു. കാലത്തിന്റെ മുന്നേ നടന്നവരായിരുന്നു അവർ.
മറുനാടന് മലയാളി ബ്യൂറോ