- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയാക്കാതെ സിപിഎം പുറത്താക്കിയെങ്കിലും മരണ ശേഷം ഇടതു സർക്കാരിന്റെ ആദരം; ഗൗരിയമ്മയ്ക്ക് സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി; കൊട്ടാരക്കരയുടെ വികസന നായകൻ ബാലകൃഷ്ണപിള്ളയ്ക്കും ഓർമ്മക്കൂടൊരുക്കും; വ്യത്യസ്ത മതദർശനങ്ങളിലെ മാനവിക മൂല്യം പ്രചരിപ്പിക്കാൻ എംജി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയറും
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. ഇതിനിടെയിൽ ഓർമ്മയിലേക്ക് മാഞ്ഞ ജനപ്രിയരേയും മറക്കുന്നില്ല. തോമസ് ഐസക് കെ എം മാണിക്ക് സ്മാരകം അനുവദിച്ച മാതൃകയിൽ ഇത്തവണയും പ്രഖ്യാപനങ്ങളുണ്ട്.
മഹാത്മ ഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ 50 ലക്ഷം അനുവദിച്ചു. കേരളം ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത വൈദിക ശ്രേഷ്ഠനാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്താ. ഈ സാഹചര്യത്തിലാണ് വിടവാങ്ങിയ മെച്രോപ്പൊലീത്തായെ സ്മരിക്കാൻ ചെയർ സ്ഥാപിക്കുന്നത്. ഇതിനൊപ്പം ആർ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയിൽ സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപയും വകയിരുത്തി. ജെ എസ് എസ് നേതാവ് കെ ആർ ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിലെ ഉജ്ജ്വല വ്യക്തിത്വമായിരുന്ന കെആർ ഗൗരിയമ്മക്ക് സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ആറ് പതിറ്റാണ്ടിലധികം സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വം എന്ന നിലയിലാണ് ആർ ബാലകൃഷ്ണപ്പിള്ളക്ക് കൊട്ടാരക്കരയിൽ സ്മാരകം ഒരുക്കുന്നത്. വ്യത്യസ്ത മതദർശനങ്ങളിലെ മാനവികതയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മഹാത്മാ ഗാന്ധി സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കാൻ അരക്കോടി രൂപ ബജറ്റ് വകയിരുത്തിയത്. കോവിഡു കാലത്താണ് ഈ മൂന്ന് പേരും ഓർമ്മയിലേക്ക് മാഞ്ഞത്. അതിന് ശേഷമുള്ള ആദ്യ ബജറ്റിൽ തന്നെ അവർക്ക് സ്മാരകം പണിയുകയും ചെയ്യുന്നു.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായിരുന്നു കെ ആർ ഗൗരിയമ്മ. ഒരു സമയത്ത് മുഖ്യമന്ത്രിയായി സിപിഎം ഉയർത്തിക്കാട്ടിയ വനിതാ നേതാവ്. പിന്നീട് സിപിഎമ്മുമായി തെറ്റി ജെഎസ്എസുണ്ടാക്കി. യുഡിഎഫിന്റെ ഭാഗമായി മന്ത്രിയുമായി. എന്നാൽ അവസാന നാളുകളിൽ സിപിഎമ്മിനൊപ്പം ചേർന്നായിരുന്നു പ്രവർത്തനം. സിപിഎമ്മുകാരിക്ക് കൊടുക്കുന്ന എല്ലാ അംഗീകാരവും ഗൗരിയമ്മയ്ക്ക് യാത്രമൊഴിയായി സിപിഎം നൽകുകയും ചെയ്തു. അതിന് ശേഷമാണ് സ്മാരക നിർമ്മാണത്തിനുള്ള രണ്ട് കോടി അനുവദിക്കലും.
യുഡിഎഫിന്റെ സ്ഥാപക നേതാവായ ആർ ബാലകൃഷ്ണപിള്ളയും മരണ സമയത്ത് ഇടതുപക്ഷത്തായിരുന്നു. പത്തനാപുരം എംഎൽഎയായ കെബി ഗണേശ് കുമാറിന്റെ അച്ഛൻ കൊട്ടാരക്കരയിലെ വികസന നായകനാണ്. ഈ പരിഗണനയിലാണ് കൊട്ടാരക്കരയിൽ പിള്ളയ്ക്ക് സ്മാരകം ഉയർത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ