തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് തല്ലികൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി എഴുത്തുകാരി കെആർ മീര. കവിതാ രൂപത്തിൽ ഫേസ്‌ബുക്കിലൂടെയാണ് കെആർ മീര പ്രതിഷേധമറിയിച്ചത്. അടുത്ത തവണ പുറപ്പെടുമ്പോൾ കൂടുതൽ പേരെ കൂട്ടി ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം എന്നു പറഞ്ഞാണ് കവിത ആരംഭിക്കുന്നത്.

കെആർ മീര ഫേസ്‌ബുക്കിൽ കുറിച്ച കവിത

അടുത്ത തവണ പുറപ്പെടുമ്പോൾ കൂടുതൽ പേരെ കൂട്ടണം.
ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം.
വാതിൽക്കൽ കരിയില കൂട്ടിയിട്ടു പുകയ്ക്കണം.
പേടിച്ചരണ്ട് പുറത്തു ചാടുമ്പോൾ കെണി വച്ചു പിടിക്കണം.
തല കീഴായ് കെട്ടിത്തൂക്കണം.
വലിയ ചെമ്പിൽ വെള്ളം നിറയ്ക്കണം.
അടിയിൽ തീ കൂട്ടണം.

ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ടു തിളപ്പിക്കണം.
ആ കെട്ടിലെ ബീഡി വലിച്ച് കാത്തിരിക്കണം.
എല്ലും തോലും കളയുമ്പോൾ ബാക്കിയാകുന്ന ഒരു പിടി

വേവു പാകമാകുമ്പോൾ
ആക്രാന്തവും വാക്കുതർക്കവുമില്ലാതെ
ഒരുമയോടെ പങ്കിട്ടു തിന്നണം.

നിങ്ങളെന്താണിങ്ങനെ എന്നു നിത്യമായി പകച്ച
പളുങ്കു കണ്ണുകൾ എനിക്ക്.

വാക്കുകൾ വറ്റിപ്പോയ ചുവന്ന നാവു നിനക്ക്.
കരിഞ്ഞ പാമ്പു പോലെ കറുത്തുണങ്ങിയ കുടൽ ലവന്.
ആരും കോർത്തുപിടിച്ചിട്ടില്ലാത്ത വിരലുകൾ ഇവന്.
ആരും തലോടിയിട്ടില്ലാത്ത പാദങ്ങൾ മറ്റവന്.

ചങ്കു പണ്ടേ ദ്രവിച്ചുപോയി.
ശ്വാസകോശങ്ങൾ അലുത്തുപോയി.
പക്ഷേ, പേടിച്ചു പേടിച്ചു പേടിച്ചു മെഴുമെഴുത്തു പോയ
വെളു വെളുത്ത തലച്ചോർ സ്വയമ്പനാണ്.

ഉപ്പും മുളകും ചേർക്കേണ്ടതില്ല.
ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ കവർപ്പാണ്.
കാടിന്റെയും കണ്ണീരിന്റെയും എരിവുള്ള കവർപ്പ്.