ഡബ്ലിൻ: ഇമിഗ്രേഷൻ ബ്യൂറോയുടെ കാര്യക്ഷമതാക്കുറവു മൂലം കുടിയേറ്റക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അടിയന്തിരമായി പ്രശ്നപരിഹാരങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്രാന്തി അയർലണ്ടും ആന്റി റേസിസ്റ്റ് നെറ്റ് വർക്ക് അയർലണ്ടും സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് ഒടുവിൽ ഫലം കണ്ടു.

അയർലന്റിലെ റീ എൻട്രി വിസ, ഡിപ്പൻന്റന്റ് വിസ എന്നിവയടക്കം ഇഷ്യു ചെയ്യുന്നതിലെ താമസം, ഗാർഡ കാർഡ് പുതുക്കലിലെ അനാവശ്യമായ വൈകിപ്പിക്കൽ, തുടങ്ങി അയർലണ്ടിലെ കുടിയേറ്റക്കാരെ വലയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി അടിയന്തിര നടപടി സർക്കാർ സ്വീകരിക്കുമെന്ന് നിയമ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡബ്ലിനിലെ GNIB ഓഫീസിന് മുന്നിലാണ് മലയാളികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.ഓൺലൈൻ സിസ്റ്റത്തിൽ അകാരണമായി തുടരുന്ന കാലതാമസം പരിഹരിക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കുമെന്ന് അറിയിച്ചു. ഇതിനായി അടുത്ത വർഷം മുതൽ പുതിയ സംവിധാനവും നിലവിൽ വരും. രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കുക, ഡബ്ലിനിലെ ഓഫീസിൽ കൂടുതൽ സ്റ്റാഫുകളെ നിയമിക്കുക, കൂടുതൽ ഗാർഡ സ്റ്റേഷനുകളിലേക്ക് രജിസ്ട്രേഷൻ സംവിധാനം ഒരുക്കുക, എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചിരുന്നു.

ഗാർഡകാർഡ് രജിസ്ട്രേഷനും പുതുക്കലിനും പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നാൾക്കുനാൾ ഏറി വരികയാണ്. ഇത്തരം നടപടികൾ ചെയ്യുവാൻ GNIB ഓഫീസ് അപ്പോയ്മെന്റുകൾ അന്യായമായി പണം കൊടുത്ത് ബ്ലാക്ക് മാർക്കറ്റിൽ നിന്നും വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആവശ്യമായ ഓഫീസുകളും ജീവനക്കാരും ഇല്ലാത്തത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്.

ഇതേ ആവശ്യമുന്നയിച്ച് മറ്റു സംഘടനകൾ നടത്തിയ സമരപരിപാടികളിൽ മുൻപും ക്രാന്തി പങ്കെടുത്തിരുന്നു. എന്നാൽ സ്ഥിതിഗതികൾ യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. നിലവിലെ വർദ്ധിച്ച വാടക നിരക്കുകൾക്കൊപ്പം ഗാർഡ കാർഡ് ഫീസിൽ ഉള്ള വർദ്ധനവ് വിദ്യാർത്ഥി സമൂഹത്തിനും പ്രവാസി കുടുംബങ്ങൾക്കും താങ്ങാവുന്നതിലുമപ്പുറമാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി മുന്നോട്ടുപോകാൻ ക്രാന്തി അയർലണ്ട് തീരുമാനിച്ചത്.

സത്യസന്ധവും സുതാര്യവുമായ പ്രവർത്തനം നടപ്പിൽ വരുത്തണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനൊരു മാറ്റമുണ്ടാക്കാൻ പ്രവാസി മലയാളികളുടെ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് നമ്മുടെ കൂട്ടായ്മയുടെ വിജയമായി കണക്കാക്കാം.