ഡബ്ലിൻ: അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ ആയി സമരം ചെയ്യുന്ന യു എൻ എ യും ഐ എൻ എയും ഉൾപ്പെടുന്ന സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ക്രാന്തിയും. കഴിഞ്ഞ ദിവസം കൂടിയ ക്രാന്തി കമ്മറ്റി ആണ് സമരം തുടരുന്ന നഴ്സുമാരെ പിന്തുണക്കാൻ തീരുമാനം എടുത്തത്. അസംഘടിത തൊഴിൽ മേഖലയായ പ്രൈവറ്റ് മേഖലയിലെ നഴ്‌സ്മാരെ സംഘടിപ്പിച്ചു സമരം മുന്നോട്ടു നയിക്കുന്ന സംഘടനകളെ ക്രാന്തി പ്രത്യേകം അഭിനന്ദിച്ചു. ഇത്തരത്തിൽ അസംഘടിതരായി നിൽക്കുന്ന പ്രൈവറ്റ് സ്‌കൂൾ അദ്ധ്യാപകർ ഉൾപെടെ ചൂഷണം ചെയ്യപ്പെടുന്ന ധാരാളം തൊഴിൽ മേഖലകളിൽ കേരളത്തിൽ ഇന്നും നിലവിൽ ഉണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയും നഴ്സുമാരുടെ സമരം ഒത്ത് തീർപ്പാക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ടും കേരള മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതികൾ അയക്കാനും തീരുമാനം എടുത്തു.

അടിസ്ഥാന ശമ്പളം ആയി നിലവിൽ സർക്കാർ നിശ്ചയിച്ചത് 17000 രൂപ(ശരാശരി 20860)ആണ്. അത് അപരാപത്യം ആണ് എന്ന് ചൂണ്ടിക്കാട്ടിയും എല്ലാ വിഭാഗം ആശുപത്രിയിലും 20000 രൂപ അടിസ്ഥാന ശമ്പളം എന്നാവശ്യവും മുന്നോട്ടു വച്ചാണ് സംഘടനകൾ സമരം തുടരുന്നത്.കൊള്ളലാഭവും ചൂഷണവും മുഖമുദ്രയാക്കിയ സ്വകാര്യമാനേജ്‌മെന്റുകളുടെ ധാർഷ്ട്യമാണ് നാളിതുവരെയും നഴ്‌സുമാർക്ക്കും മറ്റു ആശുപത്രി സ്റ്റാഫുകൾക്കും ജീവിക്കാൻ ഉതകുന്ന ശമ്പളം നിഷേധിച്ചത്.

മുൻകാലങ്ങളിൽ നഴ്സുമാരുടെ സമരത്തെ മാനേജ്‌മെന്റുകൾ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ നോക്കിയപ്പോൾ നോക്കുകുത്തിയായി നിന്ന സർക്കാരിന് പകരം നഴ്സുമാരുടെ ആവശ്യങ്ങളോട് അനുഭാവം പുലർത്തുന്ന ജനകീയ സർക്കാരാണിപ്പോൾ അധികാരത്തിലുള്ളത് എന്നത് സമരം ചെയ്യുന്ന നഴ്സുമാരുടെ കരങ്ങൾക്ക് ശക്തി പകരും എന്ന് ക്രാന്തി പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ തൊഴിൽ സമരങ്ങളെയും തമസ്‌കരിച്ചും കള്ള വാർത്തകൾ നിർമ്മിച്ചും പൊതുജനത്തെ തൊഴിൽ സമരത്തിന് എതിരാക്കുന്ന പതിവ് രീതിയുമായി എത്തുന്ന മാധ്യമങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയയയുടെ എല്ലാ സാധ്യതായും ഉപയോഗപ്പെടുത്തണം എന്നും ക്രാന്തി പ്രവാസികളോട് അഭ്യർത്ഥിച്ചു. പ്രവാസാ ലോകത്തു നിന്ന് ചെയ്യാൻ കഴിയുന്ന രീതിയിൽ ഉള്ള എല്ലാം പിന്തുണയും സഹകരണവും പ്രചാരണവും നടത്തുവാനും ക്രാന്തി തീരുമാനം എടുത്തു.