കൊച്ചി: വിവാഹ ദിവസം രാവിലെ ഒരുക്കങ്ങൾക്കായി ബ്യൂട്ടി പാർലറിലേക്കു പോയ യുവതിയുടെ മരണത്തിൽ ദുരൂഹതകൾ ഏറെ. വിവാഹ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടു കായലിൽ കണ്ടെത്തുകയായിരുന്നു. എളങ്കുന്നപ്പുഴ പെരുമാൾപടി ആശാരിപ്പറമ്പിൽ മാനം കണ്ണേഴത്ത് വിജയന്റെ മകൾ കൃഷ്ണപ്രിയ (21) യുടെ മൃതദേഹം മുളവുകാട് സഹകരണ റോഡ് കടവിലാണു കരക്കടിഞ്ഞത്.

പറവൂർ കാളികുളങ്ങരയിലെ യുവാവുമായി എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണു വിവാഹം നിശ്ചയിച്ചിരുന്നത്. അന്നു രാവിലെ 6.45നു വീടിനടുത്തുള്ള ബ്യൂട്ടിപാർലറിൽ യുവതിയെ ഒരു ബന്ധു കൊണ്ടുചെന്നു വിടുകയായിരുന്നു. ബന്ധു മടങ്ങിയ ശേഷം യുവതിയോട് അൽപസമയം കാത്തിരിക്കാൻ ബ്യൂട്ടീഷ്യൻ പറഞ്ഞു. തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തിൽ പോയിവരാം എന്നു പറഞ്ഞു പുറത്തിറങ്ങിയ യുവതി തിരിച്ചെത്തിയില്ല.

അരമണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്നു ബ്യൂട്ടീഷ്യൻ വിവരം യുവതിയുടെ വീട്ടിലറിയിച്ചു. വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകി. യുവതി ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതു ചിലർ കണ്ടിരുന്നു. പാലത്തിൽ നിന്നാണു കായലിൽ വീണതെന്നാണ് അനുമാനം. എന്നാൽ യുവതിയുടെ തിരോധാനത്തിൽ ദുരൂഹത കാണുകയാണ് ബന്ധുക്കൾ. ആരോ കൊലപ്പെടുത്തിയാതണെന്ന സംശയവും വ്യാപകമാണ്.

യുവതിയെ കാണാതായതിനു പിന്നാലെ വരന്റെ ഭാഗത്തുനിന്നുള്ളവരെത്തി ബഹളം കൂട്ടിയതിനെത്തുടർന്നു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നു വധുവിന്റെ വീട്ടുകാർ ഉറപ്പു നൽകി. ഇതിൽ ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. മുളവുകാട് കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹത്തെക്കുറിച്ചു അറിഞ്ഞെത്തിയ എത്തിയ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. അമ്മ: വിശാലം. സഹോദരിമാർ: കൃഷ്ണേന്ദു, വിനയ.

കൃഷ്ണപ്രിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. യുവതിയുടെ മൊബൈലിൽനിന്ന് അവസാന നാളുകളിൽ വിളിച്ചതും അതിലേക്കു വന്നതുമായ കോളുകൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കൃഷ്ണപ്രിയയ്ക്ക് ആരോടോ പ്രണയം ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.