- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കൻ കേരളത്തിലെ താരപ്രചാരണത്തിൽ 'മിന്നിച്ചത്' കൃഷ്ണകുമാർ; പ്രചാരണച്ചൂടിൽ ഒപ്പം ചേർന്ന് ഭാര്യ സിന്ധുവും മക്കളും; വിവാദങ്ങളിൽ നിന്നും മക്കളെ കരുതലോടെ കാത്ത അച്ഛൻ; തിരുവനന്തപുരത്തിന്റെ മനം കവർന്ന് താരകുടുംബം; ഇനി അറിയേണ്ടത് ജനവിധി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോ്‌ട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമെ ബാക്കിയുള്ളു. ദിവസങ്ങൾ നീണ്ട പ്രചാരണച്ചൂടിന് സമാപനമായതോടെ നിശബ്ദ പ്രചാരണത്തിലൂടെ മുന്നേറുകയാണ് രാഷ്ട്രീയ കേരളം.
ദിവസങ്ങൾ നീണ്ട പ്രചാരണത്തിൽ തെക്കൻ കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനാർത്ഥികളിൽ ഒരാൾ തിരുവനന്തപുരത്തെ ബിജെപി. സ്ഥാനാർത്ഥി കൃഷ്ണകുമാർ ആയിരുന്നു. താരപരിവേഷത്തോടെ മത്സര രംഗത്തെത്തിയ കൃഷ്ണകുമാർ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ മണ്ഡലത്തിൽ ശ്രദ്ധ നേടിയെടുത്തു.
കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധുവും മക്കളും പ്രചാരണത്തിനിറങ്ങിയിരുന്നു. മൂന്നാമത്തെ മകളായ ഇഷാനിയും ഇളയ മകൾ ഹന്‌സികയുമാണ് അച്ഛനൊപ്പം തെരഞ്ഞെടുപ്പ് ഗോദയിൽ ഒപ്പം കൂടിയത്. മൂത്ത മകൾ അഹാന ഷൂട്ടിങ് തിരക്കുകളിലായതിനാൽ ഒപ്പമെത്താനായില്ല. രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച കന്നി ചിത്രം 'വണ്ണിന്' ശേഷം ഇഷാനി തെരഞ്ഞെടുപ്പ് ചൂടിലേക്ക് നേരിട്ടിറങ്ങി എന്നത് തീർത്തും യാദൃശ്ചികമായി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ പെൺമക്കൾക്കെതിരെയും വിവാദങ്ങൾ ഉയർത്താൻ ശ്രമം നടന്നതോടെ പ്രതിരോധം തീർത്ത് കൃഷ്ണകുമാർ രംഗത്ത് എത്തിയിരുന്നു. തന്റെ പെണ്മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കൃഷ്ണകുമാർ തുറന്നുപറഞ്ഞിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ഈ ഘട്ടത്തെ നേരിടുകയും അതിജീവിക്കുകയും ചെയ്യുമെന്നും കൃഷ്ണകുമാർ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ബുദ്ധിമുട്ടുകൾ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
നടൻ കൃഷ്ണകുമാറിനെ അറിയാത്ത മലയാളികൾ ഇന്നില്ല. കൃഷ്ണകുമാർ മാത്രമല്ല, അഭിനേത്രികളായ സഹോദരിമാരുള്ള കുടുംബവും ഏവർക്കും സുപരിചിതം. എന്നാൽ ടി.വി. ആങ്കറും നടനും എന്ന നിലയിൽ മാത്രം കൃഷ്ണകുമാറിനെ പരിചയമുള്ളവർക്ക് അദ്ദേഹത്തിന്റെ പ്രശസ്തമല്ലാത്ത ഭൂതകാലം അറിയാൻ സാധ്യത കുറവാണ്
നടനാവുന്നതിനും മുൻപ് കൃഷ്ണകുമാർ ഓട്ടോഡ്രൈവർ ആയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് ബിജെപി. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കൃഷ്ണകുമാറിന്റെ പ്രചാരണം തുടങ്ങിയപ്പോഴാണ് ആ ഭൂതകാലം മറനീക്കി വന്നത്. വിദ്യാർത്ഥികാലത്തു ജീവിതത്തിൽ ഉണ്ടായ ഒരു വൻ തിരിച്ചടിയാണ് കൃഷ്ണകുമാറിനെ ഓട്ടോഡ്രൈവറാക്കി മാറ്റിയത്
അച്ഛനും അമ്മയും മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബത്തിലെ അംഗമായിരുന്നു കൃഷ്ണകുമാർ. കോളേജ് പഠനം ആരംഭിക്കുന്ന നാളുകളിലായിരുന്നു അച്ഛൻ ജോലിയിൽ നിന്നും വിരമിക്കുന്നത്. വിരമിക്കലിനെ തുടർന്ന് അച്ഛന് അത്യാവശ്യം നല്ലൊരു തുക വന്നുചേർന്നു. പക്ഷെ പൊടുന്നനെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്
അച്ഛന്റെ സമ്പാദ്യങ്ങൾ രണ്ടു സ്വകാര്യ ബാങ്കുകളിലായി നിക്ഷേപിക്കപ്പെട്ടു. അധികം വൈകാതെ ആ രണ്ടു ബാങ്കുകൾ പൂട്ടി. സമ്പാദിച്ച തുക മുഴുവൻ നഷ്ടപ്പെട്ടു. വിദ്യാർത്ഥിയായ കൃഷ്ണകുമാറിന് ചുമതലകൾ വർധിച്ചു. കൃഷ്ണകുമാർ ഓട്ടോ ഡ്രൈവറായി. പഠനത്തിനിടെ ഫ്രീ പിരിയഡുകളിലും രാത്രി വൈകിയും കൃഷ്ണകുമാർ തിരുവനന്തപുരം നഗരത്തിലെ വീഥികളിലൂടെ വണ്ടി ഓടിച്ച് വരുമാനമുണ്ടാക്കി. പഠനത്തോടൊപ്പം സ്വന്തം കുടുംബത്തെയും പുലർത്തി. അതിനു ശേഷമാണ് ദൂരദർശനിൽ വാർത്താവതാരകനായി ജീവിതം ആരംഭിക്കുന്നതും നടനാവുന്നതുമെല്ലാം.
ന്യൂസ് ഡെസ്ക്