തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ തന്റെ പ്രചാരണത്തിൽ ജില്ലാ നേതൃത്വം വീഴ്‌ച്ച കാണിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ. തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലെ തോൽവിയിലും പാർട്ടിയിൽ ചർച്ച സജീവമാണ്. ഇതിനിടെയാണ് കൃഷണകുമാറും പ്രതികരണവുമായി എത്തുന്നത്.

ഒരു കേന്ദ്ര നേതാവ് പോലും മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയില്ലെന്നും അതിന് വേണ്ടി ജില്ലാ നേതൃത്വം മുൻകൈ എടുത്തില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ബിജെപി വോട്ടുകളും പൂർണമായി തനിക്ക് ലഭിച്ചില്ലെന്നും വ്യക്തിപരമായി കിട്ടിയ വോട്ടുകൾക്കൊപ്പം പാർട്ടി വോട്ടുകളും കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ സ്ഥിതി മറ്റൊന്നായിരിക്കുമെന്നും കൃഷ്ണകുമാർ പറയുന്നു. താമരക്ക് വോട്ട് ചെയ്യുന്നൊരാൾ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാർട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്തെങ്കിൽ അത് വളരെ വലിയ വിഷയമാണെന്നും കൃഷ്ണകുമാർ ചൂണ്ടികാട്ടി.

'ജയിക്കും എന്ന സർവ്വേ ഫലങ്ങൾ പ്രധാന ചാനലുകളിൽ വരുമ്പോൾ കുറച്ച് കൂടി ഉണർന്ന് പ്രവർത്തിക്കേണ്ടതായിരുന്നു. ഞാൻ ഒരു കലാകാരനാണ്. വ്യക്തിപരമായി നിരവധി വോട്ടുകൾ കിട്ടും. പാർട്ടി വോട്ടുകളും അതുപോലെ വന്നിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നു. 2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മുന്നിട്ട് നിൽക്കുന്ന വാർഡുകളിൽ പോലും ആയിരത്തോളം വോട്ടിന്റെ കുറവുണ്ട്. പാർട്ടി വോട്ടാണ്. താമരക്ക് വോട്ട് ചെയ്യുന്നൊരാൾ വോട്ട് ചെയ്യാതിരിക്കുകയോ മറ്റ് പാർട്ടിക്ക് വോട്ട് ചെയ്യുകയോ ചെയ്തെങ്കിൽ അത് വളരെ വലിയ വിഷയമാണ്.-മാതൃഭൂമി ന്യൂസിനോട് കൃഷ്ണകുമാർ പറഞ്ഞു.

റോഡ് ഷോയിൽ എല്ലാം പ്രധാന നേതാവ് ഉണ്ടെങ്കിൽ ഈ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കേന്ദ്രവും കാര്യമായി ശ്രമിക്കുന്നുണ്ടെന്ന് ആളുകൾക്ക തോന്നും. ഹാർബർ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു നിവേദനം കൊടുത്തപ്പോൾ തന്നെ വലിയ പിന്തുണ കിട്ടി. പ്രധാനമന്ത്രി വളരെ ഗൗരവത്തോടെ എടുത്തു. ജില്ലാ നേതൃത്വം രണ്ട് മൂന്ന് കേന്ദ്ര നേതാക്കളെ വിട്ടു തന്നിരുന്നെങ്കിൽ ഇത് വേറെ തലത്തിലോട്ട് മാറുമായിരുന്നു. എന്റെ ചുറ്റുമുള്ള മണ്ഡലത്തിലെല്ലാം നേതാക്കളെത്തി. ഈ മണ്ഡലത്തിലാണ് എയർപോർട്ട്. ഇവിടെ വന്നിട്ടാണ് അങ്ങോട്ട് പോവുന്നത്.

ഇവിടേയും പരിപാടികൾ ചാർട്ട് ചെയ്യാമായിരുന്നു. അത് ഒരു വീഴ്‌ച്ചയായി തോന്നുന്നു. സംഘത്തിന്റേയും പാർട്ടിയുടേയും താഴെനിന്നും ശരിയായ പ്രവർത്തനം കിട്ടി. ജില്ലാ നേതൃത്വം കുറച്ച് കൂടി പിന്തുണ നൽകേണ്ടിയിരുന്നു. ധാരാളം വികസനങ്ങൾ കേന്ദ്രം നടത്തുന്നുണ്ട്. അതിനെ ഉയർത്തി കാട്ടേണ്ടിയിരുന്നു. ഒരിക്കലും മത്സരിക്കേണ്ടയെന്ന് തോന്നിയിട്ടില്ല. ഇനിയും മത്സരിക്കണം. പാർട്ടി അനുവദിച്ചാൽ ഇനിയും മത്സകരിക്കും. ആദ്യമായി മത്സരിച്ച് ഇത്രയും വോട്ട് കിട്ടിയത് വലിയ കാര്യമാണ്.' കൃഷ്ണകുമാർ പറഞ്ഞു.