തിരുവനന്തപുരം: താൻ ബിജെപി സ്ഥാനാർത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങൾ നഷ്ടമായി തുടങ്ങിയെന്ന് നടൻ കൃഷ്ണകുമാറിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തങ്ങൾ രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബർ ആക്രമണത്തിനും ഇരയായി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കൾക്ക് അവസരങ്ങൾ കുറഞ്ഞത്. ഡേറ്റുകൾ മാറുകയും സിനിമകൾ നഷ്ടമാവുകയും ചെയ്തു. താൻ മാത്രമല്ല കുടുംബവും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.തിരഞ്ഞെടുപ്പിനിടയിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മെയ്‌ രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായി എത്തിയതെന്നും നടൻ പറഞ്ഞു.

ഇത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ലെന്നും ജനങ്ങൾ നൽകിയ സ്വീകരണവും, സ്‌നേഹവും തനിക്ക് തന്ന ഊർജം അത്രക്കായിരുന്നുവെന്നും കൃഷ്ണകുമാർ പുതിയ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. പ്രചാരണം കഴിഞ്ഞതോടെ തന്റെ നിറം മങ്ങി. വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛനായെന്ന് മക്കൾ പറഞ്ഞെന്ന് കൃഷ്ണ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ 20 ദിവസത്തോളം വെയിലത്ത് ആയതിനാലാവാം തന്റെ നിറം മങ്ങിയതെന്നാണ് കൃഷ്ണകുമാറിന്റെ പക്ഷം.

കൃഷ്ണകുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്-

സ്ഥാനാർത്ഥി പട്ടിക വന്ന മാർച്ച് 14 മുതൽ ഇലക്ഷൻ നടന്ന ഏപ്രിൽ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തിൽ ആണ് ദിവസങ്ങൾ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയിൽ നിന്നും ഓപ്പൺ ജീപ്പിൽ കേറിയത് മുതൽ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതൽ രാത്രി 10 വരെ. അതിനു ശേഷം സോഷ്യൽ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങൾ നൽകിയ സ്വീകരണവും, സ്‌നേഹവും എനിക്ക് തന്ന ഊർജം അത്രക്കായിരുന്നു. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നതുകൊണ്ടാകാം എന്റെ നിറം ആകെ മാറി.. ഇലക്ഷൻ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോൾ അവർ പറഞ്ഞു അച്ഛന്റെ കളർ ആകെ മാറി. 'വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നു '..