- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ച് ഞാൻ ജയിച്ചെന്ന് വിചാരിച്ചിട്ടുണ്ട്; അമ്മയെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ പങ്കുവെച്ച് കൃഷ്ണകുമാർ; അമ്മയുടെ കൈപ്പുണ്യത്തെ തിരിച്ചറിയുന്നത് ഇപ്പോൾ; അവരുടെ ഭക്ഷണത്തിന്റെ രുചി അവരുടെ സ്നേഹമെന്നും കുറിപ്പ്
തിരുവനന്തപുരം: ചില ഭക്ഷണങ്ങളെയോ രുചികളെയോ നാം കൂടുതലായി ഇഷ്ടപ്പെടുന്നത് നമ്മുടെ അമ്മയെക്കൂടി ഓർമ്മിച്ചുകൊണ്ടാകും.അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണമെന്നതുകൊണ്ട് മാത്രം ചില ഭക്ഷണങ്ങളെ നാം ഇഷ്ടപെടാറുപോലുമുണ്ട്.അത്തരത്തിൽ അമ്മരുചിയെക്കുറിച്ച് കൃഷ്ണകുമാർ പങ്കുവച്ചാണ് കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അമ്മയുടെ തൈര് സാധത്തെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്.അമ്മ പണ്ട് കാലത്ത് ഉണ്ടാക്കിത്തരുമ്പോൾ അ ഭക്ഷണം ഇഷ്ടമില്ലാത്തിന്റെ പേരിൽ പലതും പറഞ്ഞ് അവരെ വിഷമിപ്പിച്ചിട്ടുണ്ട്.ഇന്ന് പക്ഷെ വയറിന് വല്ല അസ്വസ്ഥതയും വന്നാൽ ആദ്യം ചിന്തിക്കുക തൈര് സാദത്തെക്കുറച്ചാണ്.കഴിക്കുമ്പോഴൊക്കെ ഓർമ്മയിലെത്തുക അമ്മ ഉണ്ടാക്കുന്ന രുചിയാണ്.പക്ഷെ ഇന്ന് അത് ഉണ്ടാക്കിത്തരാൻ അമ്മയില്ല കൃഷ്ണകുമാർ കുറിക്കുന്നു.
നിരവധി പേരാണ് ഫേസ്ബുക്ക് കുറിപ്പിനോട് പ്രതികരണമറിയിക്കുന്നത്. ്അമ്മയുടെയും അച്ഛന്റെയും ഫോട്ടോകൾ കൂടി ചേർത്താണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം...
തൈര് സാദം.. പണ്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ പുച്ഛമായിരുന്നു. കുറ്റം പറയുമായിരുന്നു.. അന്നൊക്കെ വയർ സംബന്ധമായ എന്തെങ്കിലും അസുഖമുണ്ടായാൽ അമ്മ തൈര് സാദം ഉണ്ടാക്കി തരും. എന്നിട്ട് അമ്മ പറയും വയറു തണുക്കട്ടെ. ശെരിയാണ്, വലിയ മരുന്നൊന്നും കഴിക്കാതെ സുഖമാകുമായിരുന്നു.
അന്ന് ഇത് മാത്രമല്ല മക്കളുടെ ആരോഗ്യം നന്നായിരിക്കണേ എന്ന് വിചാരിച്ചു മാതാപിതാക്കൾ എന്ത് പറഞ്ഞാലും നമ്മൾ എതിർക്കും, തർക്കിക്കും. പലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ചു ഞാൻ ജയിച്ചെന്നു വിചാരിച്ചിട്ടുണ്ട്.
ഡൽഹിയിൽ കറങ്ങിനടന്നപ്പോൾ കഴിച്ച ഭക്ഷണത്തിൽ നിന്നും ഫുഡ് പോയ്സൺ അടിച്ചു വയറു നാശമായപ്പോൾ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി.. ഒപ്പം ഡോക്ടർ പറഞ്ഞു രാത്രി ഭക്ഷണം തൈര് സാദം കിട്ടിയാൽ അത് കഴിക്കുക. വയറു തണുക്കും. അമ്മ പറഞ്ഞ അതേ വരികൾ. അറിയാതെ മനസ്സിൽ അമ്മയുടെ ചിത്രം തെളിഞ്ഞു.
തൈര് സാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം അമ്മയുണ്ടാക്കിയ തൈര് സാദം ആയിരുന്നു നല്ലതെന്നു പറയണമെന്ന് തോന്നി. പക്ഷെ പറഞ്ഞാൽ കേൾക്കാവുന്ന ദൂരത്തല്ല അമ്മയും അച്ഛനും..
പണ്ട് എവിടെയോ വായിച്ച ഒരു കാര്യം ഓർമ വന്നു.. ശബ്ദം പതുക്കെയാണ് സഞ്ചരിക്കുന്നത്. അതേ അമ്മ പറഞ്ഞ വാക്കുകൾ കേൾക്കാൻ, മനസ്സിലാക്കാൻ 53 വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. അന്ന് വല്ലാതെ കുറ്റം പറഞ്ഞു മാറ്റി വെച്ച തൈര് സാദം, ഇന്ന് രക്ഷക്കെത്തി.
ജീവിതത്തിലും ഇതൊരു പാഠമാണെന്ന് തോന്നുന്നു. ആരെപ്പറ്റിയും വല്ലാതെ കുറ്റം പറഞ്ഞ് മാറ്റിനിർത്തരുത്. നാളെ അവരാവും ആപത്ഘട്ടങ്ങളിൽ നമ്മുടെ രക്ഷയ്ക്കെത്തുക. മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കളും ഓർക്കുക പരമാവധി അവരെ സ്നേഹിക്കുക, സഹായിക്കുക.. അവർ തരുന്ന എന്ത് ഭക്ഷണവും കഴിച്ചിട്ട് മോശമാണെങ്കിലും നല്ലത് പറയുക...
അവർ തരുന്ന ഭക്ഷണത്തിൽ നിറയെ സ്നേഹമുണ്ട്. അവർക്കു കിട്ടുന്ന ലാഭം ആ നല്ല വാക്കുകൾ മാത്രമാണ്... എല്ലാവർക്കും സന്തുഷ്ടമായ കുടുംബജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു...
മറുനാടന് മലയാളി ബ്യൂറോ