- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിച്ച് വിവാഹം കഴിച്ചത് രണ്ടരവർഷം മുമ്പ്; സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് പീഡന വിവരം അറിയിച്ചു; പിന്നാലെ തൂങ്ങി മരിച്ചനിലയിൽ; തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പാലക്കാട്: തിരുമിറ്റക്കോട് യുവതിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിന് പരാതി നൽകി.
കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷ്ണപ്രഭയെ ഭർത്താവ് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടുകാരുടെ മാനസികപീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സഹപാഠികളായിരുന്ന ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഇരുവരും രണ്ടരവർഷം മുമ്പാണ് വിവാഹിതരായത്.
സംഭവത്തിന് മുൻപ് കൃഷ്ണപ്രഭ, അമ്മ രാധയെ ഫോണിൽ വിളിച്ച് പ്രശ്നമുണ്ടെന്ന് അറിയിച്ചതായും വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അറിയിച്ചു. എറണാകുളത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയിലാണ് വീട്ടിലെത്തിയത്. യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണ് ശിവരാജന്റെ അമ്മ അറിയിച്ചത്.
പ്രണയവിവാഹത്തിന് ശേഷം യുവതി സ്വന്തം വീട്ടുകാരുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് കൃഷ്ണപ്രഭ വീട്ടുകാരെ ഫോണിൽ വിളിക്കുകയും ഭർത്തൃവീട്ടിൽ വലിയ പീഡനം നേരിടുകയാണെന്നും പറഞ്ഞു. ഇതിനുപിന്നാലെയാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷ്ണപ്രഭയുടെ മരണത്തിന് കാരണം ഭർത്തൃവീട്ടുകാരുടെ പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൃഷ്ണപ്രഭയുടെ അച്ഛൻ ചെറുതുരുത്തി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഭർത്തൃവീട്ടുകാർക്കെതിരേ കർശന നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃതദേഹപരിശോധനയിൽ ശാരീരികപീഡനത്തിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും മറ്റുകാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ