കൊച്ചി: നമ്മുടെ സ്‌കൂളുകളിൽ തിരക്കഥയെഴുതാനും സിനിമ നിർമ്മിക്കാനും സംവിധാനം പഠിപ്പിക്കാനും ശ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ തിയേറ്റർ-സിനിമാ വിഭാഗത്തിൽ ജോൺ സാമുവലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ വായനയിലേയ്ക്ക് നയിക്കാനും കലകളേയും കലാകാരന്മാരേയും മനസ്സിലാക്കാനുമുള്ള പരിശീലനമാണ് നൽകേണ്ടത്. തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. ഒരു സംവിധായകന് തന്റെ ചിത്രം നിർമ്മിക്കാനുള്ള മാർഗനിർദ്ദേശം നൽകുക എന്നതു മാത്രമാണ് തിരക്കഥയ്ക്കുള്ള സ്ഥാനം.

തിരക്കഥയിൽ നിന്നും ഒരുപാട് വളർച്ച സിനിമയ്ക്കുണ്ട്. എന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള തിരക്കഥകളെല്ലാം പൂർത്തിായ സിനിമകളെ അവലംബിച്ചു മാത്രമാണ്. ചിത്രീകരണത്തിനു മുമ്പുള്ള തിരക്കഥാകരൂപം വേറെയായിരിക്കും.നാടകം എഴുതുകയോ അഭിനയിക്കുകയോ കഥയോ നോവലോ കവിതയോ എഴുതുകയോ ചെയ്യാത്തവർക്ക് സിനിമയിൽ ഒന്നും ചെയ്യാനില്ലെന്നാണ് ഞാൻ കരുതുന്നത്.

എന്റെ സിനിമകൾ എല്ലാക്കാലത്തും വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്ത കാലത്ത് ആരും അംഗീകരിച്ചില്ല. മുഖാമുഖം, കമ്യൂണിസത്തിന് എതിരാണെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇപ്പോൾ പിന്നെയും എന്ന ചിത്രത്തേയും വിമർശിക്കുന്നു.എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ ചിത്രങ്ങളിൽ ഒന്നാണ് പിന്നെയും. ദിലീപ് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. പിന്നെയും എന്ന സിനിമ മനസ്സിലാകാത്തവരോട് എനിക്കൊന്നും പറയാനില്ല.

മറ്റൊരു കാര്യമുള്ളത് എനിക്ക് എന്റെ മനസ്സിലുള്ള എന്റെ ചിന്തയിലുള്ള സിനിമയല്ലേ ചെയ്യാൻ കഴിയൂ, അടൂർ ചോദിച്ചു. ഇനി സിനിമ സംവിധാനം ചെയ്യുമോ എന്ന് ഇപ്പോൾ പറയാനാവി ല്ലെന്നും ഒരു ചോദ്യത്തിനുത്തരമായി അടൂർ പറഞ്ഞു. ഒരു സിനിമ കഴിഞ്ഞാൽ അടുത്ത സിനിമക്കു മുമ്പ് ഒരു ബ്ലാങ്ക് അവസ്ഥയുണ്ടാകും. അത് ഓരോ സിനിമയ്ക്കും ശേഷവും ഉണ്ടായിട്ടുണ്ട്.

സിനിമ മനസ്സിലാക്കണെമെങ്കിൽ ലോകസിനിമകൾ കാണണം, ഒരു സിനിമാസംസ്‌കാരം ഉണ്ടാകണം. വിമർശിക്കുന്നവരിൽ പലരും സിനിമ എന്താണെന്ന് അറിയാത്തവരാണ്.

മലയാള സിനിമ വളരെ ആശങ്കപ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. പുതിയ സംവിധായകർ പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

ബാഹുബലി പോലുള്ള അന്യഭാഷാചിത്രങ്ങൾ വൻതോതിലുള്ള പരസ്യത്തിലൂടെയും പെയ്ഡ് ന്യൂസുകളിലൂടെയും കേരളത്തിൽ നിന്ന് പണം കൊണ്ടുപോവുകയാണെന്നും അടൂർ പറഞ്ഞു.

വീടില്ലാത്ത ആളുകൾ, ആളില്ലാത്ത വീടുകൾ -

കൊച്ചി: ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ വർഷം നടത്തിയ സർവേ അനുസരിച്ച് കേരളത്തിൽ 11,89,144 വീടുകൾ ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇവയിൽ 5.84 ലക്ഷം നാട്ടിൻപുറങ്ങളിലും 6.03 ലക്ഷത്തോളം നഗരങ്ങളിലുമാണെന്നുമുള്ള ഞെട്ടിക്കുന്ന കണക്കുകളോടെയാണ് കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിലെ നഗര പാർപ്പിട ലക്ഷ്യങ്ങൾ എന്ന സെഷന് തുടക്കമായത്. കേരളത്തിലെ നഗരവൽക്കരണം 2011 ലെ കണക്കുകളനുസരിച്ച് 29.96 ശതമാനത്തിൽ നിന്ന് 47.72 ശതമാനമായതും ചൂണ്ടിക്കാണിക്കപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം പാർപ്പിട പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഇത് കാണിക്കുന്നതെന്ന ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിച്ചു. 'ഉയരത്തിലേയ്ക്ക് വീടുകൾ പണിയുന്ന - വെർട്ടിക്കൽ ഹൗസിങ് - മാത്രമാണ് കേരളത്തിലെ പാർപ്പിട പ്രശ്നങ്ങൾക്കുള്ള ഏകപ്രതിവിധിയെന്നും അതേസമയം കേരളത്തിന്റെ സവിശേഷമായ വികസനവും ജനസാന്ദ്രതയും ഭൂദൗർലഭ്യവും കണക്കിലെടുക്കുമ്പോൾ മറ്റിടങ്ങളിലെ പ്രതിവിധികൾ അതേപടി ഇവിടെ പറിച്ചു നടുന്നത് പ്രായോഗികമല്ലെന്നും സെഷനിൽ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറിയും മുൻ എംപിയുമായ പി. രാജീവ് പറഞ്ഞു. ആറും അഞ്ചും മുറികളുള്ള വീടുകളും മുറികളും ലക്ഷക്കണക്കിനുണ്ടെന്നും കേരളത്തിന്റെ ഈ വൈരുധ്യത്തെ കൂടുതൽ സങ്കീർണമാക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കുടിയേറ്റമെന്നും രാജീവ് ചൂണ്ടിക്കാണിച്ചു. ഈ പ്രതിസന്ധി പരിഹിരിക്കാൻ പിപിപി മാതൃകകളും തേടണം, മാധ്യമങ്ങളുടെ പിന്തുണയും വേണം, രാജീവ് പറഞ്ഞു. എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യെയുള്ള വലിയ ജനമുന്നേറ്റം ആവശ്യമാണ്. ഐഎസ്ആർഒയുടെ സ്ഹായമുപയോഗിച്ചുള്ള സാറ്റലൈറ്റ് മാപ്പിംഗിലൂടെ ന്യായമായ നിലം കൺവെർഷനുള്ള സാധ്യതകളും സർക്കാർ പഠിക്കുന്നുണ്ടെന്നും രാജിവ് പറഞ്ഞു.

സിംഗപ്പൂരിൽ ആകെ രണ്ടു വീടുകളേ ഉള്ളെന്നും ബാക്കിയെല്ലാം അപ്പാർട്ടുമെന്റുകളാണെന്നും ലൈഫ് മിഷൻ സിഇഒ അദീല അബ്ദുള്ള ഐഎഎസ് ചൂണ്ടിക്കാണിച്ചു. 3.5 ലക്ഷം കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയാണ് ലൈഫ് മിഷന്റെ മുന്നിലെ പ്രധാന വെല്ലുവിളിയെന്നും അദീല പറഞ്ഞു. ഇവരിൽ 1.75 ലക്ഷം പേർക്ക്ും ഭൂമിയുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോഡൽ ടവർ പദ്ധതികൾ നടപ്പാക്കുകയാണെന്നും അദീല കൂട്ടിച്ചേർത്തു.

ആവശ്യത്തിൽ കവിഞ്ഞ വലിയ വീടുകൾക്ക് ആഡംബര നികുതി ചുമത്തുന്ന കാര്യവും തീർച്ചയായും പരിഗണിക്കണമെന്ന് പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. അർബൻ പ്ലാനിങ് മുക്ത നായിക്, മാധ്യമ പ്രവർത്തകൻ എസ്. ആനന്ദ് എന്നിവരും സംസാരിച്ചു.

രണത്തെ എങ്ങനെ നേരിടണം?

കൊച്ചി: ജർമൻ ചിന്തകന്മാരെപ്പറ്റി മലയാളികളോട് ഏറെപ്പറയേണ്ട. ആശയതലത്തിൽ എന്ത് വിയോജിപ്പുണ്ടായാലും കേരളത്തെ ഏറ്റവും സ്വാധീനിച്ച നാലഞ്ച് വ്യക്തികളുടെ പേരുകൾ പറയാൻ പറഞ്ഞാൽ അതിൽ ഒരാൾ കാൾ മാർക്സ് ആയിരിക്കുമല്ലോ. കാന്റ്, ഹെഗൽ, നീച്ചെ, ഷോപ്പനോവർ.. മലയാളികൾക്ക് സുപരിചിതരായ ജർമൻ ചിന്തകർ ഏറെ.

കാൾ മാർക്സിന്റെ നാട്ടിൽ നിന്ന് ഇതാ മറ്റൊരു ഫിലോസഫർ കൂടി. ഇദ്ദേഹം പക്ഷേ മറ്റു ജർമൻ ചിന്തകരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണെന്നു മാത്രം. ഉദാഹരണത്തിന് ഷോപ്പനോവറെ ഉപനിഷത്തുകളും മാർക്സിനെ ഹെഗലുമൊക്കെ സ്വാധീനിച്ചെങ്കിൽ വിൽഹെം ഷ്മിഡ് എന്ന ഈ ദാർശനികന് പൂർവസൂരികളില്ലെന്നു പറയാം. മറ്റൊന്നു കൂടി - ഇരുപതിലേറെ ഭാഷയിലായി ചുരുങ്ങിയ കാലം കൊണ്ട് വയസ്സാകുമ്പോൾ നാം നേരിടുന്ന്ത് അഞ്ചു ലക്ഷം കോപ്പികളാണ് ഇതിനകം വിറ്റുപോയിരിക്കുന്നത്.

കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ തന്റെ ദർശനത്തെപ്പറ്റി അദ്ദേഹം വിശദീകരിക്കാനെത്തി. ജെഎൻയുവിലെ പ്രൊഫസറും ജർമൻ ഭാഷാ വിദഗ്ധനും മുൻകാല താരം മിസ് കുമാരിയുടെ മകനുമായ ബാബു തളിയത്താണ് ഷ്മിഡുമായി സംസാരിച്ചത്.

വാർധക്യത്തെയും മരണത്തെയും നേരിടാനുള്ള ലളിതമായ ദർശനങ്ങളാണ് ഷ്മിഡ് മുന്നോട്ടുവെയ്ക്കുന്നത്. അതേസമയം സാധാരണ സെൽഫ് ഹെൽപ് പുസ്തകങ്ങളുമായി താരതമ്യം ചെയ്യാനാവാത്ത ദാർശനിക ഉയരവും ലാളിത്യവുമാണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത്.

ശീലങ്ങളാണ് ജീവിതത്തെ ലളിതമാക്കുന്നത്, സന്തോഷങ്ങൾ ആസ്വദിക്കണം, അനുഭവങ്ങൾ സ്വീകരിക്കാനുള്ള കഴിവ് വർധിപ്പിക്കണം, സ്പർശത്തിനു വേണ്ടി ഉറ്റുനോക്കണം, സ്നേഹവും സുഹൃദ്ബന്ധങ്ങളും വളർത്തിയെടുക്കണം, ജീവിതത്തിനപ്പുറമുള്ള ദാർശനികമാനത്തിനും ഊർജം നശിക്കുന്നില്ലെന്നും ജീവിതം അവസാനമല്ലെന്നുമുള്ള സത്യത്തിലും വിശ്വസിക്കണം - ഇതാണ് ഷ്മിഡ് ഉന്നയിക്കുന്ന ദർശനത്തിന്റെ ആറു പടികൾ. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ മധ്യവയസ്സിൽ നിന്ന് വാർധക്യത്തിലേയ്ക്കു കടക്കുന്നവർക്ക് അതിരുകളില്ലാത്ത ശാന്തത പകരാൻ കെൽപ്പുള്ളതാണ് ഈ ചിന്തകൾ.

ശീലങ്ങളെ വിരസങ്ങളായി കാണരുതെന്ന് ഷ്മിഡ് പറയുന്നു. പരിചിതമായ ദിനചര്യകളാണ് ഏറ്റവും ശാന്തത പകരുക. അവയെ വിശ്വസിക്കാം. ആധുനിക മനുഷ്യൻ ഇത് സമ്മതിച്ചെന്നു വരില്ല. അതിനു പകരം സാഹസികമായ എടുത്തുചാട്ടങ്ങൾ നടത്തി അവൻ പ്രശ്നങ്ങളെ വരിക്കുന്നു. ശാരീരികവും മാനസികവുമായ സന്തോഷങ്ങൾ ആസ്വദിക്കുകയെന്നതും പ്രധാനമാണ്. ഇ്ന്ദ്രിയങ്ങളാണ് പ്രാഥമികം. അവയ്ക്ക് ആത്മാവിലും സ്വാധീനങ്ങളുണ്ട്. ഉദാഹരണത്തിന് പ്രായം ചെല്ലുന്തോറും രസമേറുന്ന കാര്യമാണ് ആളുകളോട് വർത്തമാനം പറഞ്ഞിരിക്കൽ. നിർഭാഗ്യങ്ങളേയും സൗഭാഗ്യങ്ങളേയും ഒരുപോലെ സ്വീകരിക്കണം. സ്പർശം ഏറെ പ്രധാനമാണ്. അതാണ് ബന്ധങ്ങളുടെ കാതൽ.

ചടങ്ങിൽ പത്രപ്രവർത്തകനും നോവലിസ്റ്റുമായ രാമചന്ദ്രൻ പരിഭാഷപ്പെടുത്തി എസ്‌പിസിഎസ് പ്രസിദ്ധീകരിച്ച വയസ്സാകുമ്പോൾ നാം നേരിടുന്നതിന്റെ പ്രകാശനവും നടന്നു.

2006-ൽ കശ്മീർ തർക്കം തീർക്കാൻ കഴിയാതെ പോയത് സോണിയാ ഗാന്ധിയുടെ അധൈര്യം കാരണമെന്ന് എ. ജി നുറാനി

കൊച്ചി: 2006-ൽ കശ്മീർ പ്രശ്നത്തിൽ അന്നത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫുമായി ഒരു ഉടമ്പടിയിലെത്താൻ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിന് കഴിയുമായിരുന്നുവെന്നും സോണിയാ ഗാന്ധിയുടെ അധൈര്യമാണ് അതിൽ നിന്ന് സിംഗിനെ തടഞ്ഞതെന്നും ഭരണഘടനാ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി നുറാനി പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ ഇഫ്തിഖാർ ഗിലാനിയുമായി കശ്മീർ ഇന്ന് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ പ്രശ്നത്തിന് ഇന്ന് സാധ്യമായ ഒരേയൊരു പരിഹാരവും നാല് പ്രധാന സംഗതികളുൾപ്പെട്ട അന്നത്തെ ആ സിങ്-മുഷറഫ് ഫോർമുല മാത്രമാണെന്നും നുറാനി പറഞ്ഞു.

അതിർത്തി സൈന്യരഹിതമാക്കുക, സ്വയംഭരണം പുനഃസ്ഥാപിക്കുക, നിയന്ത്രണ രേഖയിൽ ആളുകൾക്ക് സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം, ഈ നടപടികൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനം സ്ഥാപിക്കുക എന്നിവയായിരുന്നു ഈ നാല് സംഗതികൾ (പോയന്റ്സ്). കരാറിലൊപ്പിടാൻ സിങ് തയ്യാറായിരുന്നു. എന്നാൽ പച്ചക്കൊടി കാണിക്കാൻ സോണിയാ ഗാന്ധി ധൈര്യപ്പെട്ടില്ല.

കശ്മീരിനെപ്പറ്റി ഏറെ എഴുതിയിട്ടുള്ള നുറാനി സിങ്-മുഷറഫ് ചർച്ചകളിലും നിർണായകഘടകമായിരുന്നു. അതേസമയം ഏറെ കൊട്ടിഘോഷിക്കപ്പെട്ട വാജ്പേയി-മുഷാറഫ് ഉച്ചകോടി വെറും അസംബന്ധമായിരുന്നുവെന്നും നുറാനി പറഞ്ഞു. തന്റെ വാക്ക് പാലിക്കാൻ വാജ്പേയിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന തരം ഹിപ്പോക്രസിയുടെ ക്ലാസിക് മാതൃകയായിരുന്നു വാജ്പേയി. സ്വകാര്യമായി ഒന്നു പറയും, പരസ്യമായി മറ്റൊന്നും. ആ ഉച്ചകോടിയുടെ പരാജയത്തിന്റെ വസ്തുതകളെല്ലാം ഇന്ന് പരസ്യമായിക്കഴിഞ്ഞല്ലോ, നുറാനി പറഞ്ഞു.

വിഭജിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് നയത്തിനെയല്ല, ജിന്ന, നെഹ്രു, പട്ടേൽ എന്നീ നേതാക്കളെയാണ് കശ്മീർ തർക്കത്തിന്റെ പേരിൽ കുറ്റം പറയേണ്ടത്. കശ്മീരിലും ഹൈദ്രാബാദിലും ജുനഗഡിലും ജനഹിത പരിശോധന നടത്താമെന്ന് നെഹ്രുവിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞ ജിന്നയേയാണ് ഇക്കാര്യത്തിൽ പ്രധാന ഉത്തരവാദി. ഈ നിർദ്ദേശം ജിന്ന തിരസ്‌കരിച്ചത് അദ്ദേഹത്തിന് ചില നിക്ഷേപ താൽപ്പര്യങ്ങൾ ഉണ്ടായിരുന്നതിനാലാണ്. ഹൈദ്രാബാദിനെ ഉപയോഗിച്ച് ഒരു നാടിനെ വീണ്ടും വിഭജിക്കുന്ന തന്ത്രം പയറ്റി നോക്കാമെന്നായിരുന്നു ജിന്നയുടെ പ്രതീക്ഷ. ജനഹിത പരിശോധന നടന്നിരുന്നെങ്കിൽ ജുനഗഡും ഹൈദ്രാബാദും ഇന്ത്യയിൽ ചേരാൻ വോട്ടു ചെയ്തേനെ, കശ്മീരിലെ ജനങ്ങൾക്ക് അവരുടെ അഭിപ്രായവും പറയാൻ സ്വാതന്ത്ര്യം ലഭിച്ചേനെ, നുറാനി പറഞ്ഞു.

അക്രമങ്ങളെത്തുടർന്ന് പറിച്ചെറിയപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ അവരുടെ സ്വന്തം ഇടങ്ങളിൽത്തന്നെ തിരികെ പുനരധിവസിപ്പിക്കുന്നതു മാത്രമേ പ്രതിവിധി ഉണ്ടായിരുന്നുള്ളുവെന്നും നുറാനി പറഞ്ഞു.

ടെറിട്ടറി അധിഷ്ഠിത പരിഹാരശ്രമങ്ങൾക്കു പകരം ജനങ്ങളുടെ ഹിതമറിഞ്ഞുള്ള നടപടികൾക്കു മാത്രമേ ഇത്തരുണത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്ന് ഇഫ്തിഖാർ ഗിലാനി പറഞ്ഞു. പണ്ഡിറ്റുകൾക്ക് അവരുടെ സ്വത്തുവകകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതിനെയും അക്രമകാലത്തുണ്ടായ മരണങ്ങളേയും നാശനഷ്ടങ്ങളേയും പറ്റി ഒരു സ്വതന്ത്രസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഗിലാനി പറഞ്ഞു.

ആശയങ്ങളുടേയും അനുഭൂതികളുടേയും തുറമുഖമായി ബോൾഗാട്ടി

കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശയങ്ങൾക്കും അനുഭൂതികൾക്കും ആതിഥ്യമൊരുക്കാൻ ബോൾഗാട്ടി പോലൊരു സ്ഥലം മധ്യകേരളത്തിലില്ലെന്നു പറയാം. വെമ്പനാട്ടു കായലും പെരിയാറിന്റെ കൈവഴിയും അറബിക്കടലിനോട് സംഗമിക്കുന്ന തുറമുഖത്തിന്റെ മനോഹാരിതയാണ് പ്രകൃതി നൽകിയതെങ്കിൽ 1744-ൽ ഡച്ചുകാർ പണിത കൊട്ടാരമാണ് ചരിത്രത്തിന്റെ ബാക്കി. 1909-ൽ ബ്രിട്ടീഷുകാർ ഏറ്റെടുത്ത കൊട്ടാരം ഇന്ന് ടൂറിസം വകുപ്പിന്റെ കീഴിലെ നക്ഷത്രഹോട്ടലാണ്. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിന്റെ ആദ്യവേദിയായതു വഴി ബോൾഗാട്ടി മറ്റൊരു ചരിത്രദൗത്യത്തിനു കൂടി അരങ്ങായെന്നു പറയാം. മീനവെയിലിന്റെ ചൂടിനെ തോൽപ്പിക്കുന്ന കാറ്റും മനം മയക്കുന്ന പ്രകൃതിഭംഗിയും കൃതി സാഹിത്യ-വിജ്ഞാനോത്സത്തിനെത്തുന്നവരെ ഏറെ ആഹ്ലാദിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ബോൾഗാട്ടിയുടെ ഈ വൈകുന്നേരങ്ങളും കാൽപ്പനിക സുന്ദരമാണ്. അതായിരിക്കണം കോളേജ് വിദ്യാർത്ഥികളുടെ കൂട്ടങ്ങളും കഴിഞ്ഞ രണ്ടു ദിവസമായി കൂടുതൽ കൂടുതലായി കൃതിക്കെത്തുന്നത്. അഞ്ച് വേദികൾക്കും ബഷീറിന്റെ പുസ്തകക്കടയ്ക്കുമിടയിലുള്ള സന്ദർശനങ്ങളുടെ ഇടവേളകളിൽ ഈ തുറസ്സുകളിലൂടെ സാഹിത്യതീർത്ഥാടകർ ചുറ്റിനടക്കുന്നു, കായൽക്കാറ്റേറ്റ് വിശ്രമിക്കുന്നു. ഇടയ്ക്ക് കപ്പലിന്റെ കാളം മുഴങ്ങുന്നു. അല്ലെങ്കിലും കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നത് ചരക്കുകൾ മാത്രമല്ലല്ലോ, ആശയങ്ങളും അനുഭൂതികളും കൂടിയല്ലേ?

കൊച്ചിക്കാരുടെ പ്രിയ ബാൻഡ് അഗം ബാൻഡ് ഇന്ന് (മാർച്ച് 10) കൃതിയിൽ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബാൻഡുകളിലൊന്നായ അഗം ഇന്ന് വൈകീട്ട് കൃതിയുടെ കലോത്സവവേദിയിൽ കൊച്ചിയുടെ യുവതലമുറയെ ഹരം കൊള്ളിപ്പിക്കാനെത്തുന്നു. കർണാടകരാഗങ്ങളെ അവയുടെ തനിമ നഷ്ടപ്പെടുത്താതെ പാശ്ചാത്യ സംഗീതവുമായി ഇഴ ചേർത്ത് അവതരിപ്പിക്കുന്നതിലൂടെ ലോകമെങ്ങും പ്രശസ്തിയാർജിച്ച ബാൻഡാണ് ബാംഗ്ലൂരിൽ നിന്നുള്ള അഗം. മലയാളിയായ ഹരീഷ് ശിവരാമകൃഷ്ണനാണ് അഗത്തിന്റെ മുഖ്യഗായകൻ. വൈകീട്ട് 6 മണിക്ക് മറൈൻ ഡ്രൈവിലെ പുസ്തകോത്സവമേളയോട് ചേർന്ന മുഖ്യവേദിയിലാണ് പരിപാടി.