- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചുകിടക്കുന്ന അമ്മയെ കണ്ട കൃതിയുടെ നാലര വയസുകാരി മകൾ രാത്രികളിൽ ഞെട്ടി ഉണരാറുണ്ട്; ഭാര്യയെ കൊന്ന വൈശാഖ് ജാമ്യത്തിലിറങ്ങി ധനിക കുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു; കേസ് നീണ്ടുപോകുമ്പോൾ നീതി ലഭിക്കാതെ കൃതിയുടെ കുടുംബം; വിസ്മയയും കൃതിയുടെ വഴിയേയോ?
കൊല്ലം: ഭർത്താവ് കിടപ്പുമുറിയിലിട്ടു ശ്വാസം മുട്ടിച്ച് കൊന്ന ഇരുപത്തഞ്ച് വയസുകാരി കൃതി മോഹനനെ മലയാളികൾ മറക്കാനിടയില്ല. എന്നാൽ പൊലീസ് കൃത്യമായി കുറ്റപത്രം നൽകാത്തതിനാൽ റിമാൻഡ് കാലാവധിയിൽ തന്നെ ജാമ്യം ലഭിച്ച ഭർത്താവ് വൈശാഖ് ഇന്ന് മറ്റൊരു ധനികകുടുംബത്തിൽ നിന്നും വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. അതേസമയം മരിച്ച് കിടക്കുന്ന അമ്മയെ സ്വപ്നം കണ്ട് കൃതിയുടെ നാലര വയസുകാരി മകൾ ഇപ്പോഴും രാത്രിയിൽ ഞെട്ടിയുണരാറുണ്ടെന്ന് കൃതിയുടെ അച്ഛൻ മോഹനൻ പറയുന്നു. കൃതിയുടെ സ്വർണവും സ്വത്ത് വകകളും വൈശാഖ് പണയം വച്ചിരുന്നതിനാൽ ഇപ്പോൾ 80 ലക്ഷം രൂപയോളം വരുന്ന ആ ബാധ്യതകളെല്ലാം ഇപ്പോൾ മോഹനന്റെ തലയിലാണ്. മകൾ നഷ്ടപ്പെട്ട വിഷമവും ബാധ്യതകളുടെ ഭാരവുമായി ജീവിതം തള്ളിനീക്കുന്ന ആ അച്ഛന് ഇന്നും കൈയെത്താദൂരത്താണ് നീതി.
' കേരളവും സർക്കാരും പൊലീസും മാധ്യമങ്ങളും പൊതുജനങ്ങളും എനിക്കൊപ്പം നിന്നു. എന്റെ മകളെ കൊന്ന കേസിൽ പ്രതിയായ വൈശാഖിനെ അറസ്റ്റ് ചെയ്തു. എന്നാൽ വെറും 42 ദിവസം മാത്രമാണ് അവൻ ജയിലിൽ കിടന്നത്. സ്വാധീനം കൊണ്ടും പണം കൊണ്ടും ജാമ്യം നേടി പുറത്തിറങ്ങി. ഇപ്പോൾ സ്വതന്ത്രനായി അവൻ പുറത്തുണ്ട്. സമ്പന്നമായ ഒരു കുടുംബത്തിലെ പെൺകുട്ടിയെ വീണ്ടും കല്യാണം കഴിച്ചു. കാശുള്ള കുടുംബത്തിലെ പെൺകുട്ടിയെ തിരഞ്ഞു പിടിച്ചാണ് ഇവന്റെ നീക്കം. ആ പെൺകുട്ടി ഇവന്റെ വാക്കുകളിൽ വീണു പോയെന്നാണ് ഞാൻ അറിഞ്ഞത്. നല്ല രീതിയിൽ സംസാരിച്ച് ആളുകളെ വീഴ്ത്തും. ഒടുവിൽ അവർ ഇവൻ പറയുന്നതെല്ലാം വിശ്വസിക്കും. ഇവനെ ചോദ്യം ചെയ്യാൻ കരുത്തുള്ളവരുടെ വീട്ടിൽ ഇവൻ പോകാറില്ല. ജാമ്യത്തിലിറങ്ങിയ ഇവൻ ആ കുട്ടിയെ എങ്ങനെ നിയമപ്രകാരം വിവാഹം കഴിച്ചു എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്. ആ കുട്ടിയുടെ ആദ്യ വിവാഹം കൂടിയാണിത്. എന്റെ മകൾ കൃതിക്ക് സംഭവിച്ചതും ഇപ്പോൾ വിസ്മയ എന്ന കുഞ്ഞിന് സംഭവിച്ചതൊന്നും അവിടെ ആവർത്തിക്കരുത്. അതാണ് ആ കുടുംബത്തോട് എനിക്ക് പറയാനുള്ളത്.'
തന്റെ മകൾക്ക് നീതി ലഭിക്കാത്തതിൽ ഈ അച്ഛന് ദുഃഖമുണ്ട്. എന്നാൽ ആ അവസ്ഥ നാളെ വിസ്മയയ്ക്കും ഉത്തരയ്ക്കും അങ്ങനെ പലർക്കും സംഭവിക്കാമെന്ന ആശങ്കയാണ് ഈ അച്ഛനെ ഇതു തുറന്നുപറയാൻ പ്രേരിപ്പിക്കുന്നത്.
ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഈ നാട്ടിലെ തന്നെ അത്യാവശ്യം സമ്പന്നമായ ഒരു കുടുംബത്തിലെ പെൺകുട്ടിക്ക് വൈശാഖ് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചിരുന്നു. പിന്നാലെ മെസേജും അയച്ചു. അവർക്ക് അയാളെ അറിയാവുന്നതുകൊണ്ട് ആ കുടുംബം കൃതിയുടെ അച്ഛനെ ബന്ധപ്പെട്ടു. നിങ്ങളുടെ മകളെ കൊന്നവനല്ലേ ഇവനെന്നു ചോദിച്ചു. അതോടെ ആ കുട്ടിക്ക് മെസേജ് അയക്കുന്നത് നിർത്തി.
'വൈശാഖ് എന്ന അവന് ഒട്ടേറെ ബന്ധങ്ങളുണ്ട്. കാശുള്ള വീട്ടിലെ പെൺകുട്ടികളെ പ്രണയിച്ച് പണം കൈക്കലാക്കുന്നതാണ് ഇവന്റെ രീതി. വിവാഹമോചനം നേടി നിൽക്കുന്നവർ അടക്കം അങ്ങനെ പലരും ഇവന്റെ ഇരകളായിട്ടുണ്ട്. ഫേസ്ബുക്ക് വഴിയാണ് ഇവന്റെ നീക്കങ്ങൾ. ഇവന്റെ പേജിൽ പോയാൽ കാണാം ചിത്രങ്ങൾ. വലിയ ആഡംബരത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നും. ഏതു പെൺകുട്ടിയെയും വീഴ്ത്താനുള്ള മിടുക്കുമുണ്ട്. ഒന്നോർത്തു നോക്കൂ. ഇവനെ പോലെയുള്ള ക്രിമിനലുകൾക്ക് എന്ത് ശിക്ഷയാണ് ഇവിടെ ലഭിക്കുന്നത്.' മോഹനന്റെ ചോദ്യം പൊതുസമൂഹത്തോടാണ്. അദ്ദേഹം വിരൽചൂണ്ടുന്നത് സധാരണക്കാരന് അന്യമാകുന്ന നീതിന്യായ സംവിധാനങ്ങൾക്ക് നേരെയാണ്.
കൃതിയുടെ നാലര വയസുള്ള കുഞ്ഞ് ഇപ്പോൾ മോഹനനും കുടുംബത്തിനുമൊപ്പമാണ്. അമ്മ മരിച്ച് കിടക്കുന്നത് നേരിട്ടുകണ്ട ആ കുഞ്ഞ് ഇപ്പോഴും രാത്രി ഞെട്ടി ഉണർന്ന് കരയാറുണ്ടെന്ന് അദ്ദേഹം പറയുന്നു. കേസുമായി മുന്നോട്ടുപോയാൽ കോടതിക്ക് പുറത്ത് കൈകാര്യം ചെയ്യുമെന്ന് നേരിട്ടല്ലാതെ വൈശാഖ് ഭീഷണിപ്പെടുത്തിയെന്നും മോഹനൻ വെളിപ്പെടുത്തുന്നു. 'ഇവന് ചില ഗുണ്ടാ ബന്ധങ്ങളുണ്ടെന്ന് പറയുന്നു. ഇവനും ഇവന്റെ അച്ഛനും ഇത്തരത്തിൽ ക്രിമിനലുകളുമായി ബന്ധമുള്ളവരാണ്. പണം ഉണ്ടാക്കാൻ എന്തിനും തയാറാകും. എന്റെ കൃതിയെ കൊന്നില്ലേ. അവന് പണം കിട്ടാതെ വരുമ്പോൾ അവൻ കൊല്ലും. എന്റെ മകളെ മയക്കി അവളുടെ സ്വർണം, സ്വത്തുക്കൾ എല്ലാം പണയം വച്ച് 80 ലക്ഷത്തിലേറെ കടം ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ ഇപ്പോൾ ആ കടത്തിന്റെ നടുക്കാണ്. ഇതൊക്കെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്തും ഞാൻ അയച്ചിട്ടുണ്ട്. അവൻ വില കൂടിയ വക്കീലിനെ ഇറക്കി കേസിൽ നിന്നും രക്ഷപ്പെടും. പണവും സ്വാധീനവുമുണ്ടല്ലോ. പാവപ്പെട്ട പെൺകുട്ടികൾ വീണ്ടും വീണ്ടും ഇവനെ പോലുള്ളവരുടെ വലയിൽ വീഴുന്നു.' മോഹനൻ പറയുന്നു.'
എക്സൈസിൽ ഉദ്യോസ്ഥനായിരുന്ന വൈശാഖിന്റെ അച്ഛനാണ് അയാളെ സഹായിക്കുന്നതെന്നാണ് മോഹനൻ പറയുന്നത്. കൃതിയുടെ കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചെങ്കിലും തുടർനടപടികൾ ഇഴഞ്ഞുപോവുകയാണ്. 42-ാം ദിനം ജാമ്യം ലഭിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും പൊലീസും സമ്മതിക്കുന്നു. ഇതിന് പിന്നാലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ജാമ്യം ലഭിച്ചതുകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം കഴിയുകയും ചെയ്തിരുന്നു. ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷം മാസങ്ങൾ കഴിഞ്ഞാണ് കൃതി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിലും പോയിരുന്നുവെന്ന് അന്ന് പബ്ലിക് പ്രോസിക്യൂട്ടറായ അഭിഭാഷകൻ സേതുവും പറയുന്നു. റിമാൻഡ് പീരീഡിൽ തന്നെ ജാമ്യം കിട്ടി എന്നതാണ് ഇവിടെ നടന്നത്. നമ്മൾ എതിർത്തിരുന്നു പക്ഷേ കോടതി ജാമ്യം നൽകുകയായിരുന്നു. അന്ന് കോടതിയിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. അന്നത്തെ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം കിട്ടിയതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പറയുന്നു.
കൃതി എന്ന ഇരുപത്തിയഞ്ചുകാരി കൊല്ലപ്പെട്ട കേസിൽ ഏഴു മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല എന്ന വിവാദം ഉയർന്നപ്പോൾ വിശദീകരണവുമായി അന്ന് പൊലീസ് രംഗത്തുവന്നിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പിലെ കാലതാമസം കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നുമാണ് അന്നത്തെ വിശദീകരണം. കേസിൽ റിമാൻഡിലായിരുന്ന കൃതിയുടെ ഭർത്താവ് വൈശാഖ് പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതു കൊണ്ട്, 42 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ കുടുംബത്തിന്റെ ആരോപണം. കൃതിയുടെ ഡയറി തന്നെ കൊല ആസൂത്രിതമാണെന്നതിന്റെ ശക്തമായ തെളിവായി നിലനിൽക്കെ ജാമ്യം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായ വൈശാഖ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു.
കൃതിയെ 2019ൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലിട്ടാണ് വൈശാഖ് തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് താൻ അല്ല ഇതൊന്നും ചെയ്തത് എന്ന് തെളിയിക്കാൻ കൃത്രിമ തെളിവുകളുണ്ടാക്കി. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വൈശാഖിന്റെ വാക്കുകളിൽ കൃതി വിശ്വസിച്ചതിന് ഒടുവിൽ സ്വന്തം ജീവൻ തന്നെ നൽകേണ്ടി വന്നു. കൃതിയുടെ കൊലപാതകം ആസൂത്രിതമാണെന്നുതന്നെയാണ് പൊലീസ് കണ്ടെത്തൽ. ശേഷിച്ച സ്വത്തിനുവേണ്ടിയുള്ള വൈശാഖിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതാണ് കൃതിയെ കൊല്ലാൻ കാരണം. ഇന്നും അതേവഴിയിലൂടെ തന്നെ വൈശാഖ് പുതിയ ബന്ധങ്ങളിലേയ്ക്കും ജീവിതത്തിലേയ്ക്കും മുന്നേറുമ്പോൾ അയാൾ കാരണം അനാഥമായൊരു കുടുംബം ഇന്നും നീതിക്ക് വേണ്ടി അലയുന്നു.
മറുനാടന് മലയാളി ബ്യൂറോ